
തിരുവനന്തപുരം: കബിജെപിയില്‍ അംഗത്വമെടുത്തതിനെക്കുറിച്ച് പ്രതികരണവുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍. ഏറ്റവും നല്ല പാര്‍ട്ടി ഇപ്പോള്‍ ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് അശോകന്റെ പ്രതികരണം. കഴിഞ്ഞ ദിവസം വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സില്‍ വെച്ചാണ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ സംസ്ഥാന വക്താവായ ബി ഗോപാലകൃഷ്ണനാണ് അശോകന് പാര്‍ട്ടി അംഗത്വം നല്‍കിയത്.
ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്ന് വ്യക്തമാക്കി കൊണ്ടാണ് അശോകന്‍ ബിജെപിയിലേക്ക് പോയിരിക്കുന്നത്. ഭാരതത്തിന്റെ നിലനില്‍പ്പിന് ബിജെപിയെ പോലൊരു പാര്‍ട്ടി ആവശ്യമാണ്. ഒരുപക്ഷേ പട്ടാളക്കാരനായത് കൊണ്ടാകാം തനിക്ക് അങ്ങനെ തോന്നുന്നത്. അതേസമയം ചൈനയ്ക്ക് ജയ് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അംഗീകരിക്കാന്‍ ആവില്ലെന്നും അശോകന്‍ പറഞ്ഞു.
ശബരിമല വിഷയത്തിലും അശോകന്‍ നിലപാട് അറിയിച്ചു. വിശ്വാസമില്ലാത്തവര്‍ അവരുടെ വഴിക്ക് പോകട്ടെ.അതേസമയം ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണം. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാന്‍ പഠിക്കണമെന്നും അശോകന്‍ വ്യക്തമാക്കി.ഹാദിയ വിളിക്കാറുണ്ട്. എന്നും സംസാരിക്കാറുണ്ടെന്നും അശോകന്‍ വ്യക്തമാക്കി. അതേസമയം തന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് വീട്ടില്‍ ആര്‍ക്കും തന്നെ പരാതിയില്ലെന്നും അശോകന്‍ പറഞ്ഞു.