ന്യൂഡല്‍ഹി: അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനായി ഇപ്പോള്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) കരടിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായതില്‍ വന്‍ വിവാദം. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കളെപ്പോലും പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മമത പറഞ്ഞു. ബി.ജെ.പി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇന്ത്യാക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ കാത്തോലിക് ബിഷപ്പുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്ത നാല്‍പ്പത് ലക്ഷം പേരെ ഇന്ന് കേന്ദ്രസര്‍ക്കാര്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കി മാറ്റിയിരിക്കുകയാണ്. ഉറപ്പായും ഇന്ത്യയില്‍ മാറ്റം വരണം. ഈ മാറ്റം 2019ലെ തിരഞ്ഞെടുപ്പില്‍ പ്രകടമാകണം. ജാര്‍ഖണ്ഡില്‍ സംഭവിച്ചത് പോലെ ചിലപ്പോള്‍ ബീഹാറിലും ഉത്തരാഖണ്ഡിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്ളത് കൊണ്ട് ഇക്കാര്യം നടക്കില്ല. ചന്ദ്രബാബു നായിഡു ഉള്ളത് കൊണ്ട് ആന്ധ്രാപ്രദേശിലും കുമാരസ്വാമി ഉള്ളത് കൊണ്ട് കര്‍ണാടകയിലും ബി.ജെ.പിയുടെ മുന്നേറ്റം നടക്കില്ല. ഒരാള്‍ ഇന്ത്യാക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ബി.ജെ.പിക്കാരാണോയെന്നും മമത ചോദിച്ചു.
3.29 കോടി അപേക്ഷകരില്‍ നിന്ന് 40 ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമായത് കഴിഞ്ഞ ദിവസം രാജ്യത്ത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പൗരത്വം ലഭിക്കാത്തവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാന്‍ സെപ്തംബര്‍ 28 വരെ സമയമുണ്ട്. തെറ്റുകള്‍ തിരുത്തി പുതിയ പട്ടിക പുറത്തിറക്കും വരെ ഇപ്പോള്‍ പുറത്തായവരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടില്ലെന്നും രജിസ്റ്റര്‍ ജനറല്‍ ഒഫ് ഇന്ത്യ അറിയിച്ചു. പട്ടിക അന്തിമമല്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍ അനുവദിച്ച സമയത്തിനു ശേഷവും പൗരത്വം തെളിയിക്കാന്‍ കഴിയാത്തവര്‍ നാടുകടത്തല്‍ നടപടികള്‍ നേരിടേണ്ടിവരും.