വാഷിങ്ടണ്‍: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കുടിയേറ്റം തടയുന്നതിന് മുൻഗണന നൽകുന്നതിനാൽ 104 ഇന്ത്യൻ പൗരന്മാരെ ചൊവ്വാഴ്ച രാത്രി സൈനിക വിമാനത്തിൽ യുഎസിൽ നിന്ന് നാടുകടത്തി. പ്രധാനമായും ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള സി-17 വിമാനം വടക്കുപടിഞ്ഞാറൻ നഗരമായ അമൃത്സറിൽ പ്രാദേശിക സമയം ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഇറങ്ങിയതായി പഞ്ചാബ് അധികൃതർ പറഞ്ഞു.
അമേരിക്കയിൽ നിന്ന് കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബോർഡർ പട്രോൾ. സി17 ട്രാൻസ്പോർട് വിമാനത്തിൽ 40 മണിക്കൂറിലേറെ വീണ്ട യാത്രയിൽ കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടുമാണ് ഇരുത്തിയിരുന്നതെന്ന് മടങ്ങിയെത്തിയ ജസ്പാൽ സിങ്, ഹർവീന്ദർ സിങ് എന്നിവർ വെളിപ്പെടുത്തി. ഇന്ത്യക്കാരെ കൈവിലങ്ങുവെച്ചല്ല കൊണ്ടുവന്നതെന്ന സർക്കാർ വാദം തള്ളുകയാണ് തിരികെയത്തിയവർ.
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കാനായെന്ന് അവകാശപ്പെട്ടാണ് അമേരിക്കൻ ബോർഡർ പട്രോൾ ദ്യശ്യങ്ങൾ പുറത്തുവിട്ടത്. കൈവിലങ്ങും കാലിൽ ചങ്ങലയുമായി നടന്നു പോകുന്നവരെ ഈ ദൃശ്യങ്ങളിൽ കാണാം. ഡോണൾഡ് ട്രംപ് ഉപയോഗിക്കുന്ന ‘ഇന്ത്യൻ ഏലിയൻസ്’ എന്ന വാക്കാണ് ബോർഡർ പട്രോളും ഉപയോഗിച്ചിരിക്കുന്നത്. ഏറെ അപേക്ഷിച്ച ശേഷമാണ് ശുചിമുറിയിൽ പോകാൻ അനുവാദം നൽകിയതെന്ന് തിരിച്ചെത്തിയവർ പറയുന്നു. ഭക്ഷണം കഴിക്കാൻ പോലും വിലങ്ങ് അഴിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവാദം നല്കിയില്ല. കാബിൻ ഉദ്യോഗസ്ഥരിൽ ചിലർ ഇടയ്ക്ക് പഴങ്ങൾ നല്കിയത് ആശ്വാസമായെന്നും ഇവർ വിവരിക്കുന്നു.
ഹർവീന്ദർ സിങ് 42 ലക്ഷം രൂപയാണ് അമേരിക്കയിൽ എത്താൻ ഏജന്‍റിന് നൽകിയത്. വിസ നൽകുമെന്ന് ഏജന്‍റ് പറഞ്ഞെങ്കിലും മെക്സിക്കോ വഴി രേഖകളില്ലാതെ അതിർത്തി കടത്താനായിരുന്നു ശ്രമം. വനപാതയിലൂടെ സഞ്ചരിച്ച് അതിർത്തി കടന്നെങ്കിലും പിടിയിലായെന്ന് ഹർവീന്ദർ പറഞ്ഞു.
ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരുടെ എണ്ണം ഏഴ് ലക്ഷത്തിലധികം എന്നാണ് വിദേശകാര്യ പാർലമെൻററി സമിതി അദ്ധ്യക്ഷൻ ശശി തരൂർ നൽകിയ കണക്ക്. 1,70,000 ഇന്ത്യക്കാരാണ് അതിർത്തിയിൽ പിടിയിലായതെന്നും തരൂർ വെളിപ്പെടുത്തി. ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി അമേരിക്ക നാടുകടത്തിയ വിഷയത്തിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധം. ബഹളം കാരണം രാജ്യസഭയും ലോക്സഭയും നിർത്തിവയ്ക്കേണ്ടി വന്നു.
അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 104 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അമൃത്‌സറില്‍ എത്തിയത്. ഇതില്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ളവരെ പൊലീസ് വാഹനങ്ങളില്‍ അവരവരുടെ നാട്ടിലേക്ക് എത്തിച്ചു കഴിഞ്ഞു. കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ടാണ് തങ്ങളെ അമേരിക്ക നാടുകടത്തിയതെന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ് പറഞ്ഞു. അമൃത്‌സര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് ഇത് അഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് വെളിപ്പെടുത്തല്‍.
ഇന്ത്യയിലേക്കാണ് തങ്ങളെ കൊണ്ടുവരുന്നതെന്ന കാര്യം ആദ്യം അറിയില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയായിരിക്കും എന്നാണ് ചിന്തിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞത്. ഞങ്ങളുടെ കൈയില്‍ വിലങ്ങുകളുണ്ടായിരുന്നു. കാലില്‍ ചങ്ങലയും. അമൃത്‌സര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇത് മാറ്റിയത് – ജസ്പാല്‍ സിങ് വ്യക്തമാക്കി.
അമേരിക്കയിലേക്ക് നിയമപരമായി കടക്കാനാണ് താന്‍ ശ്രമിച്ചിരുന്നതെന്നും ട്രാവല്‍ ഏജന്റ് ചതിക്കുകയായിരുന്നുവെന്നും ഇയാള്‍ അവകാശപ്പെടുന്നു. ശരിയായ യുഎസ് വിസ ലഭിച്ചതിന് ശേഷം തനിക്ക് അയയ്ക്കാന്‍ ഏജന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അയാള്‍ ചതിക്കുകയായിരുന്നുവെന്നും സിങ് വ്യക്തമാക്കി. 30 ലക്ഷം രൂപയുടെ ഡീലാണ് ഇതുമായി ബന്ധപ്പെട്ട് ഏജന്റുമാരുമായി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് താന്‍ ബ്രസീലില്‍ എത്തിയതെന്ന് ഇയാള്‍ പറയുന്നു.
അമേരിക്ക തിരിച്ചയച്ച മറ്റൊരു വ്യക്തിയായ ഹര്‍വിന്ദര്‍ സിങ് ഖത്തര്‍, ബ്രസീല്‍, പെറു, കൊളംബിയ, പനാമ, നികരാഗ്വാ, മെക്‌സിക്കോ എന്നിവിടങ്ങളിലൂടെയെല്ലാം സഞ്ചരിച്ചാണ് അമേരിക്കയില്‍ എത്തിത്. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 40 മണിക്കൂര്‍ യാത്രയെ ‘ നരകത്തെക്കാള്‍ മോശം’ എന്നാണ് വിശേഷിപ്പിച്ചത്. 40 മണിക്കൂര്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. കൈവിലങ്ങോടെ ഭക്ഷണം കഴിക്കാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി. അഴിച്ചുമാറ്റാനുള്ള അപേക്ഷ ചെവിക്കൊണ്ടില്ല. ശാരീരികമായി മാത്രമല്ല, മാനസികമായും തളര്‍ത്തുന്ന യാത്രയായിരുന്നു – അദ്ദേഹം വ്യക്തമാക്കി.