കുറ്റ്യാടി: കേരള പോലീസിന്റെ ക്രൂരതയില്‍ മനംനൊന്ത് ദലിത് യുവതി ആത്മഹത്യ ചെയ്തു. കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ കൊലമുറിയായി മാറുന്നുവെന്നുള്ള പരാതികള്‍ക്കിടയിലാണ് നാദാപുരത്ത് നിന്നും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. നിരപരാധികളായ യുവതികളെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രി എക്സ്റേ ടെക്നീഷ്യനും ചങ്ങനാശ്ശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകളുമായ ആതിര (19) ആണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് ആശുപത്രിക്കടുത്ത് കോഴിക്കോട് റോഡില്‍ സ്‌കൂട്ടര്‍ പഠിക്കുകയായിരുന്ന ആതിരയെയും വയനാട് സ്വദേശിനിയായ യുവതിയെയും പട്രോളിങ് നടത്തുകയായിരുന്ന നാദാപുരം ഡിവൈഎസ്പി കെ.ഇസ്മായില്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയിരുന്നു. പുലര്‍ച്ചെയായിരുന്നു സംഭവം. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിളിച്ചു വരുത്തിയ ശേഷം യുവതികളെ വിട്ടയച്ചതായി പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ പൊലീസ് ഉന്നയിച്ചിരുന്നു ഇതില്‍ മനംനൊന്താണ് ആത്മഹത്യ.
പൊലീസ് സ്റ്റേഷനില്‍ നിന്നും ആശുപത്രിയില്‍ തിരിച്ചെത്തിയ ആതിര വിഷം കഴിച്ചെന്നാണ് പൊലീസ് ഭാഷ്യം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച യുവതി ഇന്നലെ പുലര്‍ച്ചെ മരിച്ചു. സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ സ്‌കൂട്ടറായിരുന്നു ഇവര്‍ പഠിക്കാന്‍ ഉപയോഗിച്ചത്. ഇതേ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. മോഷണം പോലും പെണ്‍കുട്ടികളുടെ പേരില്‍ പൊലീസ് ആരോപിച്ചിരുന്നുവെന്നാണ് സൂചന.
ആതിരയുടെ ഇരട്ട സഹോദരി അഞ്ജലിയും ഇതേ ആശുപത്രിയിലെ ഫാര്‍മസിയില്‍ ജോലി ചെയ്യുന്നുണ്ട്. ആറുമാസം മുന്‍പാണ് ഇരുവരും ഇവിടെയെത്തിയത്. മാതാവ് മായ. സഹോദരന്‍: മനു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വടകര ക്രൈംഡിറ്റാച്ച് മെന്റ് ഡിവൈഎസ്പി ജയ്സണ്‍ കെ. ഏബ്രഹാമിനാണ് അന്വേഷണച്ചുമതല.