ആതിരപ്പിള്ളിയില്‍ ചെന്നിത്തലയെ തള്ളി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി. പദ്ധതിയില്‍ പൊതുചര്‍ച്ച വേണം. അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പാക്കിയാല്‍ മതി. ചര്‍ച്ച നടത്തി മുന്നോട്ട് പോകണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.പദ്ധതി നടപ്പിലാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി സഭയെ അറിയിച്ച അന്നുമുതൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഇതിനെ ശക്തിയുക്തം എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടി നിലപാടറിയിച്ച് രംഗത്തെത്തിയത്. ഭരണത്തിലിരുന്ന സമയത്തും ഉമ്മൻ ചാണ്ടി അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ചിരുന്നു. 2015 ഏപ്രിൽ നാലിന് ചേർന്ന ഉന്നതതല യോഗത്തിൽ പദ്ധതി നടപ്പിലായാൽ സംസ്ഥാനത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുള്ള സർക്കാർ നീക്കത്തിനെതിരെ ഇടതുപക്ഷത്ത് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനും സിപിഐ നേതാക്കളും സർക്കാർ നീക്കത്തെ നിശതമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. പദ്ധതി നടപ്പിലാകില്ലെന്ന ഉറച്ച നിലപാടുസ്വീകരിച്ച വി.എസ് ഇടതു മുന്നണിയിൽ ഇതു സംബന്ധിച്ച് ആലോചനകളൊന്നും നടത്തിയിട്ടില്ലെന്നും ഘടകക്ഷികൾ ഇതു സംബന്ധിച്ച് അനുകൂല നിലപാട് അറിയിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി മുന്നോട്ട് പോകാൻ സർക്കാരിന് ആവില്ലെന്നും കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. സമവായം ഉണ്ടാക്കുമെന്ന് വൈദ്യുതമന്ത്രി പറഞ്ഞ ശേഷം നിര്‍മ്മാണം ആരംഭിച്ചത് ആരെ പറ്റിക്കാനെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചിരുന്നു. വൈദ്യുത മന്ത്രി എം.എം മണി നിയമസഭയെ തെറ്റിധരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. അതിരപ്പിള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷേപവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. സി.പി.ഐ അടക്കം പാര്‍ട്ടികളും പദ്ധതിക്ക് എതിരാണ്. പിന്നെന്തിനാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു. നിര്‍മ്മാണം ആരംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പദ്ധതി ഒരുതരത്തിലും നടപ്പാക്കാന്‍ അനുവദിക്കില്ല, സമവായ സാധ്യതകള്‍ അസ്തമിച്ചെന്നും ചെന്നിത്തല പറഞ്ഞിരുന്നു.പദ്ധതിയുമായി ബന്ധപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താന സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇപ്പോഴെങ്കിലും തിരിച്ചറിവുണ്ടായതില്‍ സന്തോഷമുണ്ട്. അഭിപ്രായ സമന്വയത്തിലൂടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു.ഇതോടെ അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ ഭിന്നസ്വരങ്ങൾക്കു പിന്നാലെ പ്രതിപക്ഷത്തും അഭിപ്രായ ഭിന്നത ഉണ്ടായിരിക്കുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top