ലഖ്‌നൗ: കൊല്ലപ്പെട്ട ഗുണ്ടാതലവനും മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റേയും സഹോദരന്‍ അഷ്‌റഫിന്റേയും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ഡോക്ടര്‍മാരുടെ അഞ്ചംഗ പാനല്‍ രൂപീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.
അതേസമയം ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി ബജ്‌രംഗ്ദള്‍ നേതാവാണെന്ന് റിപ്പോര്‍ട്ട്. ലവ്‌ലേഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായ മറ്റൊരു യുവാവ് സണ്ണി ഹമീര്‍പുര്‍ ജില്ലയിലെ 17 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസില്‍ മൂന്നു വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട് വിട്ട വ്യക്തിയാണ് പിടിയിലായ മൂന്നാമന്‍ അരുണ്‍ മൗര്യ. കാസ്ഗഞ്ച് സ്വദേശിയാണ് ഇയാളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നു പേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രശസ്തരാകാന്‍ വേണ്ടിയാണ് ആതിഖ് അഹമ്മദിനെ കൊന്നതെന്ന് ഇവര്‍ പറഞ്ഞതായും പൊലീസ് സൂചിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് മൂവര്‍ സംഘം ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നത്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം സംഘം ജയ് ശ്രീറാം വിളിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
മാധ്യമ പ്രവര്‍ത്തകരാണെന്ന വ്യാജേനയാണ് അതിഖിന്റേയും സഹോദരന്റേയും അടുത്തേക്ക് പ്രതികള്‍ എത്തിയത്. എന്‍സിആര്‍ ന്യൂസെന്ന് പേരില്‍ വ്യാജ മൈക്കും ഐഡിയും നിര്‍മ്മിച്ചാണ് പ്രതികള്‍ സുരക്ഷാ വലയത്തിനുള്ളിലേക്ക് കടന്ന് കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു.
മകന്‍ ആസാദ് അഹമ്മദിന്റെ സംസ്‌കാരം നടന്ന മണിക്കൂറുകള്‍ മാത്രം കഴിയുമ്പോഴാണ് അതിഖും സഹോദരനും കൊല്ലപ്പെടുന്നത്. ‘ഞങ്ങളെ അവര്‍ കൊണ്ടുപോയില്ല, അതുകൊണ്ട് ഞങ്ങള്‍ പോയില്ലായെന്നാണ്’ അവസാനമായി അതിഖ് പറഞ്ഞത്. മകന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തത് സംബന്ധിച്ച ചോദ്യങ്ങളോടായിരുന്നു അതിഖിന്റെ പ്രതികരണം. എന്നാല്‍ അത് പൂര്‍ത്തിയാക്കും മുമ്പ് അതിഖിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തങ്ങള്‍ മുസ്ലീങ്ങളായത് കൊണ്ടാണ് ഇത് നേരിടേണ്ടി വന്നതന്ന് സഹോദരനും പറഞ്ഞു.
കൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇരുവരേയും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഇരുവരുടേയും കൈകള്‍ ബന്ധിച്ചിരുന്നു. പുറത്തേക്കിറങ്ങിയ ഇരുവരുമായി പൊലീസ് നടന്നുനീങ്ങവേ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. ഇതിനിടെയാണ് ആ സംഘത്തില്‍ നിന്നും വെടിയുതിര്‍ത്തതെന്നാണ് വിവരം.ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ട് യുപി പൊലീസ് സംഘം അതിഖ് അഹമ്മദിനെ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ നിന്ന് പ്രയാഗ് രാജിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടയിലായിരുന്നു മകനെ കൊലപ്പെടുത്തിയത്. താനും കുടുംബവും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സാക്ഷിയായ ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്.