കൊറോണ എങ്ങനെയൊക്കെ പടരാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് എടിഎമ്മും പിഒഎസ് മെഷീനും. എടിഎമ്മില്‍ നിന്ന് പിഒഎസ് മെഷീനില്‍ നിന്നും പണം ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കണം.എടിഎം, പിഒഎസ് മെഷീനുകള്‍ ഉപയോഗിച്ചാലുടന്‍ സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ബാങ്കുകളില്‍ ഉള്ളത് പോലെ കൈ ശുചീകരിക്കാന്‍ ഉള്ള സംവിധാനം എടിഎമ്മുകളില്‍ കാണാന്‍ കഴിയില്ല.
കടകളിലും പെട്രോള്‍ പമ്പുകളിലുമടക്കം പണമിടപാടിന് ഉപയോഗിക്കുന്ന പിഒഎസ് (പോയന്റ് ഓഫ് സെയില്‍) മെഷീനുകളും രോഗം വ്യാപനത്തിന് കാരണമാകുന്നവയാണ്. ഒരേ കീ പാഡില്‍ പലര്‍ക്കും പിന്‍ നമ്പര്‍ അടിക്കേണ്ടതാണ് ആശങ്കയ്ക്ക് കാരണം.
കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും ഇടപാടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ എടിഎമ്മുകള്‍ക്കായി സുരക്ഷാക്രമീകരണങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ല. ബാങ്കിനോട് ചേര്‍ന്ന എടിഎമ്മുകളില്‍ ചിലതില്‍ സാനിറ്റൈസര്‍ കാണാന്‍ കഴിയുമെങ്കിലും മറ്റ് സെന്ററുകളില്‍ സ്ഥിതി ഇതല്ല.