നടിക്കെതിരായ അക്രമം: നീതിക്കായി മഞ്ജുവാര്യര്‍ നിരാഹാമിരിക്കുമെന്ന് സൂചന; പ്രമുഖ നടനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കാതിരിക്കാന്‍ ചരടുവലി നടക്കുന്നു

കൊച്ചി: നടിയെ തട്ടിക്കൊണ്ട്‌പോയി അക്രമിച്ച സംഭവത്തില്‍ ഇതുവരെയും പ്രധാന പ്രതികളെ പിടികൂടാനോ ഗൂഢാലോചന പുറത്ത് കൊണ്ട് വരാനോ പോലീസിന് കഴിഞ്ഞിട്ടുല്ല. സംഭവത്തില്‍ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകളും വന്നിരുന്നു. ഇദ്ദേഹത്തിന്റെ ശക്തമായ ഇടപെടലാണ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിന് പിന്നിലെന്നും റിപ്പാര്‍ട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് നടി മഞ്ജു വാര്യര്‍ ഈ വിഷയത്തില്‍ കടുത്ത നിലപാടുകളിലേയ്ക്ക് തിരിയുന്നെന്ന വാര്‍ത്തയും വരുന്നത്. വസ്തു തര്‍ക്കും കാശ് ഇടപാടുമാണ് നടിയെ ആക്രമിക്കാന്‍ കാരണമെന്നാണ് സൂചന. പള്‍സര്‍ സുനി വെറുമൊരു ആയുധമായിരുന്നുവെന്നാണ് വിലയിരുത്തല്‍. സൂപ്പര്‍സ്റ്റാറും പള്‍സര്‍ സുനിയും ബംഗളുരൂവിലേക്ക് യാത്ര ചെയ്തതും മറ്റും സജീവ ചര്‍ച്ചാ വിഷയമാകുന്നു. അപ്പോള്‍ സിനിമയ്ക്കുള്ളിലെ ഗൂഢാലോചനയാണ് നടിയുടെ ദുരുവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞത് മഞ്ജു വാര്യര്‍ മാത്രമാണ്. എങ്ങനേയും കേസ് ഒതുക്കാന്‍ ഉന്നത തലത്തില്‍ നീക്കമുണ്ടെന്ന് മഞ്ജു തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ നീതിക്കായുള്ള പോരാട്ടം ഏതറ്റം വരേയും കൊണ്ടു പോകാനാണ് തീരുമാനം.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടനെ ചോദ്യം ചെയ്യാതിരിക്കാന്‍ ശ്രമം സജീവമായി നടന്നിരുന്നു. എന്നാല്‍ അത് ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം പൊലീസ് മൊഴി രേഖപ്പെടുത്തിയെന്ന് മനോരമ പോലും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും പറയുന്നത് പോലെ ഒന്നുമില്ലെന്നും നടന്‍ വിശദീകരിക്കുന്നു. ഇത് മുഖവലിയ്ക്കെടുത്ത് കേസ് ഒഴിവാക്കിയാല്‍ മഞ്ജു വാര്യര്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നാണ് സൂചന. പള്‍സര്‍ സുനിയുടെ അറസ്റ്റിന് ശേഷം പൊലീസെടുക്കുന്ന നിലപാടുകളും നിര്‍ണ്ണായകമാകും. സിനിമയിലെ അതിശക്തിമാനായ സൂപ്പര്‍താരത്തിനെതിരെ മൊഴികൊടുക്കാതിരിക്കാന്‍ പള്‍സര്‍ സുനിയില്‍ സമ്മര്‍ദ്ദമുണ്ട്. ക്വട്ടേഷനായിരുന്നു സംഭവമെന്ന് മറ്റ് പ്രതികള്‍ മൊഴി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ക്വട്ടേഷന്‍ നല്‍കിയ ആളിനെ കണ്ടെത്തിയേ മതിയാകൂവെന്നാണ് മഞ്ജുവിന്റെ നിലപാട്. ആരുടേയും പേരുയര്‍ത്തായെ ക്വട്ടേഷന് പിന്നിലെ ഗൂഢാലോചന വാദം ഉയര്‍ത്തിയാകും നടി പ്രതിഷേധിക്കാനെത്തുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാക്കാരി ആക്രമിക്കപ്പെട്ടു എന്നതില്‍ അപ്പുറം സ്ത്രീയ്ക്കുണ്ടായ ദുരവസ്ഥയെ കുറിച്ചാണ് മഞ്ജു ആദ്യം മുതല്‍ സംസാരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ തന്നെ ഫെയ്സ് ബുക്കിലൂടെ അതി ശക്തമായി പ്രതികരിച്ചു. കൊച്ചിയിലെ സിനിമാക്കാരുടെ ഒത്തുചേരലില്‍ ഗൂഢാലോചനയെന്നത് തുറന്നു പറഞ്ഞു. അപ്പോഴും ആരും മിണ്ടിയില്ല. സൂപ്പര്‍താരത്തെ രക്ഷിക്കാനുള്ള അണിയറ നീക്കമായിരുന്നു ആ ഒത്തുചേരലെന്നും മനസ്സിലായി. എങ്ങനേയും നടനെ ഗൂഡാലോചയില്‍ കൊണ്ടു വരാതിരിക്കാന്‍ അമ്മയിലെ മുതിര്‍ന്ന നേതാവ് തന്നെ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള സിനിമാ നടന്‍ ഇതിനുള്ള ചരട് വലികള്‍ നടത്തുന്നു. ഇതിനെ വലിയൊരു വിഭാഗം അംഗീകരിക്കുന്നില്ല. എന്നാല്‍ സിനിമയില്‍ നിന്ന് പുറത്തുപോകുമോ എന്ന ഭയം ഏവര്‍ക്കുമുണ്ട്. സിനിമയെ നിയന്ത്രിക്കുന്ന സൂപ്പര്‍താരത്തെ തള്ളിപ്പറയാന്‍ രണ്ടും മൂന്നും ഭരത് അവാര്‍ഡ് നേടിയ നടന്മാര്‍ക്ക് പോലും തയ്യാറാകുന്നില്ല. ഇതെല്ലാം മഞ്ജുവിനെ ചിന്തിപ്പിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ മഞ്ജു മുന്നിട്ടിറങ്ങുന്നത്. എന്തുവന്നാലും മൊഴി മാറ്റില്ലെന്ന ഉറപ്പ് നടിയില്‍ നിന്നും മഞ്ജുവിന് കിട്ടിയിട്ടുണ്ട്. വര്‍ഷങ്ങളോളമായുള്ള അടുത്ത ബന്ധവും സഹോദര തുല്യമായ താല്‍പ്പര്യവും ഇരുവരും തമ്മിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലെ ക്രിമിനല്‍വല്‍ക്കരണം ഇല്ലായ്മ ചെയ്യാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് എന്നാണ് സൂചന. അതിലൊന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാരമിരിക്കലാണ്. ഇടത് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള നടന്റെ സൂപ്പര്‍താരത്തിനായുള്ള ഇടപെടലാണ് ഇതിന് കാരണം. കൊച്ചിയിലെ സിനിമാക്കാരുടെ കൂട്ടായ്മയില്‍ സംസാരിച്ചവര്‍ക്ക് ആത്മാര്‍ത്ഥയില്ലെന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. സ്വത്തിനും കാശിനും വേണ്ടി പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്ക് ഒത്താശ ചെയ്യുന്നതിലെ നീതി നിഷേധമാണ് ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നത്. അടുത്ത സുഹൃത്തുക്കളോടും മറ്റും സെക്രട്ടറിയേറ്റിന് മുന്നിലെ സത്യാഗ്രഹത്തെ കുറിച്ച് മഞ്ജു സൂചന നല്‍കിയെന്നാണ് സൂചന. എന്നാല്‍ പിന്തുണയ്ക്കാന്‍ ആരുമില്ല. ഭാഗ്യലക്ഷ്മിയെ പോലുള്ളവരുമായി ഈ സാഹചര്യത്തില്‍ മഞ്ജു നിരന്തര ചര്‍ച്ചയിലാണ്.

വിഷയത്തില്‍ പൊതുവികാരം ഉയര്‍ത്താന്‍ തന്റെ സത്യാഗ്രഹത്തിന് കഴിയുമെന്നാണ് മഞ്ജുവിന്റെ നിലപാട്. ഇത് സര്‍ക്കാരിനെതിരായ വികാരമായി മാറും. ഈ സാഹചര്യത്തില്‍ പീഡനക്കേസില്‍ സൂപ്പര്‍താരത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നാണ് വിലയിരുത്തല്‍. ഈ വിഷയത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് പോലും ഗൗരവതരത്തിലെ ഇടപെടല്‍ നടത്തുന്നില്ല. എല്ലാത്തിനോടും പ്രതികരിക്കുന്ന കെപിസിസി അധ്യക്ഷന്‍ വി എം സൂധീരന്‍ പോലും വലിയ തോതില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നില്ല. ബിജെപി മാത്രമാണ് ചില തുറന്നു പറച്ചിലുകള്‍ നടത്തിയത്. കരുതലോടെ മാത്രമേ ബിജെപിയുമായി അടുക്കാനും കഴിയൂ. മതേതര പ്രതിച്ഛായ നഷ്ടപ്പെടാതെ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹത്തിന് സര്‍ക്കാരിതര സംഘടനകളുടേയും സ്ത്രീ പക്ഷവാദികളുടേയും പിന്തുണയും പ്രതീക്ഷിക്കുന്നു. എന്നാല്‍ മഞ്ജുവുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സൂപ്പര്‍താരം നേരിട്ട് രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ യുവനടി ആക്രമിക്കപ്പെട്ട സംഭവം വെറും യാദൃച്ഛികമായി ഉണ്ടായതല്ലെന്നും വ്യക്തമായി ഒരുക്കിയ കെണിയായിരുന്നെന്ന് ഉറപ്പുണ്ടെന്നും മഞ്ജുവാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവറെ വിലയ്‌ക്കെടുത്ത് നടിയെ അപമാനിക്കാനുള്ള രംഗങ്ങള്‍ മനപ്പൂര്‍വം സൃഷ്ടിക്കുകയായിരുന്നു ചിലരെന്നും ഇതില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഉറപ്പാണെന്നും വ്യക്തമാക്കി മഞ്ജുവാര്യര്‍ ലേഖനമെഴുതി. ആരെല്ലാം ചേര്‍ന്ന ഒതുക്കാന്‍ ശ്രമിച്ചാലും ഈ കേസ് അങ്ങനെ വിട്ടുകൊടുക്കില്ലെന്നും താന്‍ അടങ്ങിയിരിക്കില്ലെന്നും സൂചന നല്‍കി ശക്തമായ നിലപാടുമായാണ് തന്റെ സുഹൃത്തുകൂടിയായ നടിക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി മഞ്ജുവാര്യര്‍ രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന വാദം വീണ്ടും ആവര്‍ത്തിച്ച നടി ആ ഗൂഢാലോചനയാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്നും മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തില്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം തന്നെ നടി പറഞ്ഞിരുന്നുവെന്നത് വലിയ ചര്‍ച്ചയായിരുന്നു. സംഭവം വെറും ആക്രമണം മാത്രമല്ലെന്നും ചിലരുടെ താല്‍പര്യപ്രകാരം പദ്ധതിയിട്ട് നടപ്പാക്കിയ ക്വട്ടേഷനായിരുന്നുവെന്നും ആക്രമണത്തിന് ഇരയായ നടി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് മഞ്ജുവും അക്കാര്യത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടും ഈ ഗൂഢാലോചനക്കാരെയും വെളിച്ചത്തു കൊണ്ടുവരണമെന്നും ആവര്‍ത്തിച്ച് പറയുന്നത്. സംഭവത്തില്‍ സിനിമാ ലോകത്തു തന്നെയുള്ള എതിരാളികള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് ഉറപ്പിച്ച നിലയിലായിരുന്നു മഞ്ജുവിന്റെ ലേഖനം.

Top