ഭാവനയ്‌ക്കെതിരെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അവരുടെ പേര് ഉള്‍പ്പെടെ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടെങ്കിലും പിന്നീട് പലരും പിന്‍വലിക്കുകയായിരുന്നു. പീഡനകേസ്സുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമമാണ് ഈ കേസ്സില്‍ പലരും പാലിക്കാന്‍ ശ്രമിച്ചത്. ഭാവനയ്‌ക്കെതിരെ ഉണ്ടായത് പീഡനമാണെന്ന നിലയില്‍ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. എന്നാല്‍ ഭാവനയ്‌ക്കെതിരെ നടന്നത് പീഡനമോ അപമാനമുണ്ടാക്കുന്ന കാര്യമോ അല്ലെന്നും അത് ആക്രമണമാണെന്നും അതിനെതിരെ പ്രതികരിച്ച് സമൂഹം അവര്‍ക്കൊപ്പം നില്‍ക്കണമെന്നുമാണ് മനില സി മോഹന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ആക്രമണത്തെ ലൈംഗികതയുമായി യുക്തിയില്ലാതെ കൂട്ടിക്കുഴയ്ക്കുമ്പോള്‍ അക്രമികള്‍ എന്തുദ്ദേശിച്ചോ അത് വിജയിക്കുകയാണ് ചെയ്യുന്നത് എന്നും മനില കൂട്ടിച്ചേര്‍ക്കുന്നു.
മനില സി മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ചലച്ചിത്ര നടി ഭാവനയ്ക്ക് നേരെ നടന്നത് ആക്രമണമാണ് . വയലന്‍സ് , നീചമായ, ക്രൂരമായ വയലന്‍സ്. ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ ആദ്യ പരിഗണനയില്‍ ശരീരം വരികയും അതിനെ അപമാനം പീഡനം എന്നൊക്കെ വിശേഷിപ്പിച്ച് മൂടിവെക്കാന്‍ ശ്രമിക്കുകയുമല്ല വേണ്ടത്.
ആക്രമിക്കപ്പെട്ട സ്ത്രീ അപമാനിക്കപ്പെട്ട സ്ത്രീയാവുന്നത് ആരുടെ ബോധത്തിലാണ്?
അര്‍ധമോ പൂര്‍ണമോ ആയ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടാലും പ്രചരിപ്പിക്കപ്പെട്ടാലും എന്ത് സംഭവിക്കാനാണ്? ഒരു ചുക്കും സംഭവിക്കില്ല. ഉടുപ്പൂരിയാല്‍ നമുക്കെല്ലാവര്‍ക്കും ഉള്ള ശരീരം തന്നെയല്ലേ അതും? എവിടെ വെച്ചും എങ്ങനെയും അക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഒന്ന്. അതില്‍ ലൈംഗികതയുടെ സാധ്യത തേടിപ്പോകുന്നത് വൈകല്യമാണ്. അപമാനിക്കപ്പെട്ട ശരീരവും മനസ്സുമല്ല അവരുടേത് എന്നും ഒരു സമൂഹം മുഴുവനും കൂടെയുണ്ട് എന്നും തന്നെയാണ് അവരോട് പറയേണ്ടത്. അതെ, കൂടെയുണ്ട് എന്ന് തന്നെ. ആക്രമിക്കപ്പെടുന്നത് സത്രീയാവുമ്പോള്‍ മാത്രം, ശരീരത്തിനു കല്പിച്ചു കൊടുക്കാറുള്ള അപമാനഭാരത്തെ അവരുടെ തലയില്‍ കെട്ടിവെയ്ക്കരുത്.
അവര്‍ അപമാനിക്കപ്പെട്ടിട്ടില്ല. ആക്രമിക്കപ്പെടുകയാണ് ചെയ്തത്.
വയലന്‍സിനെ ലൈംഗികതയുമായി യുക്തിയില്ലാതെ കൂട്ടിക്കുഴയ്ക്കുമ്പോള്‍ അക്രമികള്‍ എന്തുദ്ദേശിച്ചോ അത് വിജയിക്കുകയാണ് ചെയ്യുന്നത്.
കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
കുറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ക്രൂര ബുദ്ധി ആരുടേതായാലും തുറന്നു കാട്ടപ്പെടണം. പ്രശസ്തയായ ഒരു ആര്‍ടിസ്റ്റ് പോലും പൊതുവഴിയില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്ന കേരളം തീര്‍ച്ചയായും ഭയം ഉണ്ടാക്കുന്നുണ്ട്.