പാരീസ്: ഒളിംപിക്സ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ പാരീസിൽ ഓസ്ട്രേലിയൻ വനിത കൂട്ടബലാത്സംഗത്തിന് ഇരയായതായി ആരോപണം. ജൂലൈ 20നാണ് ഓസ്ട്രേലിയൻ വനിത ക്രൂരമായി ആക്രമിക്കപ്പെട്ടതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കീറിയ വസ്ത്രങ്ങളുമായി 25കാരി ആക്രമണം നേരിട്ടതിന് സമീപത്തെ കടയിൽ അഭയം തേടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. പാരീസിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവതിയെ അജ്ഞാതരായ ആളുകളാണ് ക്രൂരമായി പീഡിപ്പിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഘത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട യുവതി സമീപത്തെ കടയിൽ അഭയം തേടിയത്.
യുവതി അഭയം തേടിയെത്തിയ കടയിലേക്കും അക്രമികളിലൊരാൾ എത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കടയിലെ ജീവനക്കാർ ഇടപെട്ടതോടെ ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കടയിലെ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. എന്നാൽ ഫ്രഞ്ച് ഭാഷ അറിയാത്തതും അക്രമം നടന്ന സ്ഥലം തിരിച്ചറിയാനാവാത്ത സ്ഥിതിയിലുമാണ് യുവതിയുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പ്രതികരിക്കുന്നത്. അക്രമം നടന്നതിന്റെ പിറ്റേന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങേണ്ടിയിരുന്ന യുവതി അക്രമികളെ കണ്ടെത്താനായി പൊലീസുമായി സഹകരിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ഒളിംപിക്സിന് മുൻപായി കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാരീസിൽ സ്വീകരിച്ചിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്.