
നീണ്ടകരയിലുള്ള മില്‍ട്ടന്‍ എന്ന ഓട്ടോ തൊഴിലാളിയാണ് തനിക്കും മകള്‍ക്കും ഏറ്റ അവഗണന ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചത്. തന്‍റെ മകളെയും കൂട്ടി ഒരു പ്രമുഖ ഷോപ്പിംഗ് മാളിന്‍റെ ഉള്ളില്‍ ജ്യൂസ് കുടിക്കാന്‍ കയറിയ സമയം സെക്ക്യൂരിറ്റി തന്നെയും മകളെയും തടഞ്ഞു എന്നും കാര്യം തിരക്കിയ സമയം മകളുടെ മുന്‍പില്‍ വെച്ച് തന്നോട് മോശമായി പെരുമാറി എന്നും ഇയാള്‍ പറയുന്നു. ഓട്ടം വന്നതല്ല മകളാണ് കൂടെ ഉള്ളത് എന്ന് പറഞ്ഞിട്ടും തങ്ങളെ കടത്തി വിട്ടില്ല എന്നും കാറുകള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കുന്ന ഇവര്‍ ഓട്ടോക്കാരോട് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത് എന്നും ഇയാള്‍ പറയുന്നു. എന്നാല്‍ വീഡിയോയ്ക്ക് എതിരെ ധാരാളം പേര്‍ രംഗത്ത് വന്നു.
സെക്ക്യൂരിറ്റി തടഞ്ഞ സമയം തന്നെ പ്രതികരിക്കാതെ ഇങ്ങനെ ഫേസ്ബുക്കില്‍ വന്നുകിടന്നു കരഞ്ഞിട്ടു കാര്യമില്ല എന്നാണു പലരും പറയുന്നത്. എന്നാല്‍ സ്വന്തം മകളുടെ മുന്‍പില്‍ വെച്ച് ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയാകും അയാള്‍ അപ്പോള്‍ പ്രതികരിക്കാത്തത് എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. അതുമല്ല എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നുവെങ്കില്‍ മാളിലെ മാനേജ്മെന്റ് പോലീസിനെ വിവരം അറിയിച്ചാല്‍ അവര്‍ ഓട്ടോക്കാരനെ തന്നെ കുറ്റക്കാരനായി കരുതി പിടിച്ച് അകത്തിടും എന്നത് വേറെ കാര്യം. കുത്തകമുതലാളിമാരെ കാണുമ്പോള്‍ മുട്ടു വിറയ്ക്കുന്ന ഒരു പോലീസാണ് നമുക്കുള്ളത് എന്ന് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇത് ഒരു മാളിന്റെ മാത്രം കാര്യമല്ല. കേരളത്തിലെ മിക്ക ഇടങ്ങളിലും ഓട്ടോകള്‍ക്ക് പാര്‍ക്കിംഗ് അനുവദനീയമല്ല എന്നതാണ് സത്യം.