”മരിച്ചല്ലേ പോയുള്ളൂ മണിനാദങ്ങള്‍ ഇവിടുണ്ടല്ലോ……

‘ഉമ്പായി കൊച്ചാണ്ടി പ്രാണന്‍ കത്തണുമ്മ പയല പൊട്ടിച്ച് പാപ്പണ്ടാക്കണമ്മാ” ഈ പാട്ട് മണിയിലൂടെയാണ് മലയാളി കേട്ട് പരിചയിച്ചത്.അതെ തന്റെ ജീവിത്തിലെ കയ്‌പ്പേറിയ കാലത്തെ വളരെ സരസമായി പാട്ടിലൂടെ വിവരിക്കുമ്പോഴും ആ കലാകാരന്‍ ഉള്ളില്‍ കരയുകയായിരുന്നു.ഉടുക്കാന്‍ തുണിയില്ലാത്ത,കഴിക്കാന്‍ കഞ്ഞിവെള്ളമല്ലാത്ത മറ്റൊരു ഭക്ഷണം കിട്ടാത്ത ആ വറുതിയുടെ കാലത്തും എല്ലാ സൗഭാഗ്യങ്ങളും കൈവന്ന ഈ നല്ല കാലത്തും തന്റെ കീഴാള സ്വത്വം ഉറക്കെ സമൂഹത്തിന് മുന്‍പില്‍ വിളിച്ചു പറഞ്ഞു കലാഭവന്‍ മണി.അമ്മ പണിക്ക് പോയ വീടുകളിലെ സമ്പന്നരരുടെ മക്കള്‍ ഇട്ട് ഉപേക്ഷിച്ച ട്രൗസറും,ഷര്‍ട്ടും ഇട്ട് സ്‌കൂളില്‍ പോയപ്പോള്‍ അതിന്റെ യാഥാര്‍ത്ഥ അവകാശികള്‍ ഇത് തന്റേതാണെന്ന് എല്ലാവരുടെയും മുന്‍പില്‍ വെച്ച് പറഞ്ഞതിന്റെ വിഷമം മണി അവസാനം വരെ പറഞ്ഞു കൊണ്ടിരുന്നു.കീഴാളനായതു കൊണ്ട് സമൂഹത്തില്‍ നിന്ന് ഒട്ടേറെ കയ്പ്പുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആ കലാകാരന്‍ വേദനയോടെ പറഞ്ഞു.പണം വന്നപ്പോള്‍ അച്ഛന്‍ പണിയെടുത്ത പറമ്പുകള്‍ ഒന്നൊന്നായി വാങ്ങിക്കൂട്ടി ”എന്റെ അച്ഛന്റെ വിയര്‍പ്പ് വീണ മണ്ണ് ഞാന്‍ വാങ്ങി;എന്ന് മണി പറയുമ്പൊള്‍ അതില്‍ അഹങ്കാരമല്ലായിരുന്നു,മറിച്ച് ഒന്നുമില്ലാതിരുന്ന ഒരു കാലത്തിന്റെ മറുപുറമായാണ് നാം കണ്ടത്.Kalabhavan Mani2

ഏറ്റവും ഒടുവില്‍ അദ്ധേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ”പാഡി”എന്ന് ഓമന പേരിട്ട് മണി വിളിക്കുന്ന സ്ഥലവും അച്ഛന്റെ ഓര്‍മ്മ തുളുമ്പുന്ന മണ്ണാണ്.
കറുത്തവന്‍ എന്നും അരികുപറ്റേണ്ടവനാണെന്ന പൊതുബോധത്തെ വെല്ലുവിളിക്കുന്നതായിരുന്നു കലാഭവന്‍ മണിയുടെ സിനിമകള്‍.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,കരുമാടിക്കുട്ടന്‍ തുടങ്ങീ ഒട്ടെറെ മലയാളി മറക്കാത്ത ദൃശ്യാനുഭവം മണി നമുക്ക് സമ്മാനിച്ചു.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ അക്കാലമത്രയും മലയാളി ചില്ലുകൂട്ടിലിട്ട് ആരാധിച്ച നായക സങ്കല്‍പ്പങ്ങളെ എല്ലാം എറിഞ്ഞുടക്കാന്‍ പോന്നതായിരുന്നു.കരുമാടികുട്ടന്‍ എന്ന പേരിനോടൊപ്പം കറുത്തവന്റെ സ്വത്വത്തെ വരച്ചിടുന്ന അഭിനയ പാടവമാണ് മണി ചിത്രത്തില്‍ വരച്ചിട്ടത്.വാല്‍ക്കണ്ണാടിയിലെ മാനസിക രോഗിയായി കലാഭവന്‍ മണി ആടിതിമര്‍ക്കുമ്പോള്‍ മലയാളി കണ്ണീരോടെയാണ് തിയ്യറ്റര്‍ വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കറുത്തവന്റെ ചിരുയും,സന്തോഷവും,സങ്കടവും എല്ലാം സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ കലാഭവന്‍ മണിയുടെ ഓരോ കഥാപാത്രത്തിനും കഴിഞ്ഞു.അപ്പോഴും ആ മഹാനായ കലാകാരനെ വേണ്ടത്ര പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ ഭരണകൂടം തയ്യാറായോ എന്നതും വലിയയ ചോദ്യചിഹ്നമായി നില്‍ക്കുന്നു.
വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും അവിടേയും മുഖ്യധാര അവാര്‍ഡ് മേലാളന്‍മാര്‍ ഈ കലാകാരനെ കണ്ടില്ലെന്ന് നടിച്ചു.ആ വേദനയും തുറന്ന് പറയാന്‍ ഈ ചാലക്കുടിക്കാരന്‍ ഒരു മടിയും കാണിച്ചില്ല.മെഗാ ഷോകളിലും,ഉത്സവ പറമ്പുകളിലും പഴയ ഓട്ടോക്കാരന്റെ അതേ ആവേശത്തോടെ മണി ആടിതിമര്‍ത്തു,പാടിക്കളിച്ചു.ചാലക്കുടിയിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തും മണി നിറസാനിധ്യമായിരുന്നു.ഒരു നടന്റെ നിറകൂട്ടുകളില്ലാതെ മണി ചാലക്കുടിയിലെ നാട്ടിടവഴികളില്‍ മുണ്ടും മടക്കികുത്തി നടന്നു.അവിടത്തെ നാട്ടുകാരുടെ മണിച്ചേട്ടനായി,വലിയവരുടേ”എടാ മണിയായി”.mani 1

കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തില്‍ മണി പറഞ്ഞത് അറംപറ്റിയോ എന്ന് തോന്നിപ്പോകുകയാണ് നാളെ ഞാന്‍ മരിച്ചാല്‍ കലാഭവന്‍ മണിയെ എങ്ങിനെ സമൂഹം കാണുമെന്ന് ഇപ്പോള്‍ തന്നെ പറയാം എന്നായിരുന്നു വാക്കുകള്‍.
അതെ ഇന്ന് മണിയുടെ പെട്ടന്നുള്ള വേര്‍പാടില്‍ ഞെട്ടലോടെ കണ്ണീരൊഴുക്കുന്നവര്‍ അനുശോചന കുറിപ്പ് ഒന്നര പെജെഴുതി വായിക്കുന്നവര്‍ ഈ മനുഷ്യനെ അവഗണിക്കുമ്പോള്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന മറുചോദ്യം ചോദിക്കാന്‍ സമയമായിരിക്കുന്നു.ഫേയ്‌സ്ബുക്കില്‍ അട്ടപ്പാടിക്കാരനായ പ്രിയ സുഹൃത്ത് തോമസ് സേവ്യര്‍ കുറിച്ച പോലെ…..
”മരിച്ചല്ലേ പോയുള്ളൂ..മണിനാദങ്ങള്‍ ഇവിടൂണ്ടല്ലോ…..
അതെ മണിനാദം ഉള്ളടത്തോളം ആ മഹാനായ കലാകാരന്‍ ഇവിടെ ജീവിക്കുക തന്നെ ചെയ്യാം.

Top