ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയെ വസ്ത്രങ്ങള്‍ നല്‍കി താന്‍ സഹായിച്ചിരുന്നെന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ റോഡില്‍ വിട്ടു എന്നതു മാത്രമാണു താന്‍ ചെയ്ത കുറ്റമെന്നും ഓട്ടോ ഡ്രൈവര്‍ രാകേഷ് മാളവ്യ പൊലീസിനോടു പറഞ്ഞു. താന്‍ ധരിച്ചിരുന്ന കാക്കി ഷര്‍ട്ട് പെണ്‍കുട്ടിക്കു നല്‍കിയതായും ആശുപത്രിയില്‍ എത്തിക്കാതിരുന്നതില്‍ തനിക്കു ഖേദമുണ്ടെന്നും രാകേഷ് വിശദീകരിച്ചു.
ഓട്ടോയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നു പിടികൂടിയ രാകേഷ് നാലു രാത്രിയാണു പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞത്. ഇയാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് സംശയിച്ചിരുന്നു. രാകേഷിനു പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ഉടന്‍ തന്നെ വിവരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാമായിരുന്നെന്നും പൊലീസ് പറഞ്ഞു.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാവുമെന്നും കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാത്തതിനു പോക്‌സോ വകുപ്പു പ്രകാരം നടപടി നേരിടേണ്ടിവരുമെന്നും ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു.
മണിക്കൂറുകളാണു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഹായം ആവശ്യപ്പെട്ടു വീടുകള്‍ തോറും കയറിയിറങ്ങിയത്.