പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുൻ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ് രംഗത്ത് . കരുണാകരന്റെ ആത്മാവ് പി സരിനൊപ്പമാണെന്നും രാഹുൽ മാങ്കൂട്ടത്തിലിന് അഹങ്കാരമായതിനാലാണ് സ്മൃതി മണ്ഡപം സന്ദർശിക്കാത്തതെന്നും ഗോപിനാഥ് പ്രതികരിച്ചു. ‘കരുണാകരന്‍ എല്ലാവരുടെയും ആളാണ്. അദ്ദേഹത്തിന് രാഷ്ട്രീയമൊന്നുമില്ല. എല്ലാ ആളുകളെയും സഹായിക്കാന്‍ കഴിയാവുന്നതിനപ്പുറം സഹായിക്കുന്നയാളാണ്. മാത്രമല്ല വലിയ സ്‌നേഹബന്ധങ്ങളുള്ള കേരളത്തിലെ ഒരു നേതാവ് കൂടിയായിരുന്നു അദ്ദേഹം.
കരുണാകരനെ ഒരിക്കല്‍ കണ്ടവര്‍ പിന്നെ അദ്ദേഹത്തെ മറക്കില്ല. അദ്ദേഹം മരിച്ചാലും അദ്ദേഹത്തിന്റെ ആത്മാവ് ഇവിടെ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പോവുക എന്നത് എല്ലാ മനുഷ്യരും ചെയ്യുന്ന കാര്യമാണ്. അവിടെ പോകാത്തത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഭാഗമാണ്. സരിന്‍ പോയി എന്നുള്ളത് സാമാന്യമര്യാദയുടെ ഭാഗമായിട്ടാണ് ഞാൻ വീക്ഷിക്കുന്നത്.
കരുണാകരന്റെ ആത്മാവ് നൂറ് ശതമാനം സരിന്റെ കൂടിയായിരിക്കും. സരിനൊപ്പമായിരിക്കും. കരുണാകരനെയും കല്യാണിക്കുട്ടിയമ്മയെയും പരസ്യമായി ആക്ഷേപിച്ച ഒരാളുടെ കൂടെ കരുണാകരന്റെ ആത്മാവ് എങ്ങനെ നില്‍ക്കും. അതൊരിക്കലും കഴിയില്ല. അങ്ങനെ കേരള രാഷ്ട്രീയത്തില്‍ ആദ്യമായി ചെയ്ത ഒരു വ്യക്തിയാണ് ഇവിടെ മത്സരിക്കുന്നത്. നയനാരുടെ ശവകുടീരത്തില്‍ പോയി ആരെങ്കിലും നയനാരെ ആക്ഷേപിക്കാറുണ്ടോ. കരുണാകരന്റെ ആത്മാവിനേയും അദ്ദേഹത്തെ വ്യക്തിപരമായും ആക്ഷേപിച്ച ഒരു വ്യക്തി പോയില്ലെങ്കില്‍ അതില്‍ അതിശയമില്ല.
കരുണാകരനെ പരസ്യമായി ആക്ഷേപിച്ച വ്യക്തിക്ക് ആ മണ്ണില്‍ ചവിട്ടാനുള്ള യോഗ്യതയില്ല. അത് സരിനുള്ളത് കൊണ്ടാണ് ഇടതുപക്ഷസ്ഥാനാര്‍ഥിയായിട്ടും സരിൻ ആ മര്യാദ കാണിച്ചത്’, ഗോപിനാഥ് പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപാണ് പി സരിൻ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ എത്തിയത്. ഇവിടെ പുഷ്പാർച്ചന നടത്തിയാണ് സരിൻ മടങ്ങിയത്. അതേസമയം വിഷയം സി പി എം ആയുധമാക്കി കഴിഞ്ഞു. കരുണകാരനെ അപമാനിച്ചയാളാണ് രാഹുൽ എന്നാണ് നേതാക്കൾ ആരോപിക്കുന്നത്.