കയ്യിലിരിക്കുന്ന പാലക്കാട് സീറ്റും കോൺഗ്രസ് തമ്മിലടിയിലൂടെ കളയും..! പാലക്കാട് സീറ്റിൽ ഷാഫി പറമ്പിലിന് വെല്ലുവിളിയുമായി വിമത നീക്കം; ഞെട്ടിച്ച് മുന് ഡി.സി.സി അദ്ധ്യക്ഷൻ പാർട്ടി വിട്ടു

പാലക്കാട്: കയ്യിലിരിക്കുന്ന പാലക്കാട് സീറ്റും കോൺഗ്രസ് പാർട്ടി തമ്മിലടിയിലൂടെ കളയുമെന്ന് ഉറപ്പായി. കോൺഗ്രസിൽ വിവിധ കേന്ദ്രങ്ങളിൽ തമ്മിലടിയും തർക്കവുമാണ് ഇപ്പോൾ പാലക്കാട് സീറ്റിന്റെ കാര്യത്തിൽ പോലും ഉണ്ടായിരിക്കുന്നത്. ഇത് കോൺഗ്രസ് പാർട്ടിയെയും യു.ഡി.എഫിനെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചു കൊണ്ടാണ് മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥ് പാലക്കാട് പുതിയ നീക്കത്തിന് തുടക്കമിട്ടത്. പാർട്ടിയുടെ അവഗണന ഇനിയും സഹിക്കാൻ വയ്യെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് പിന്നാലെ കൂടുതൽ നേതാക്കൾ രാജിക്ക് ഒരുങ്ങിയിരിക്കുന്നു. അനുനയ നീക്കവുമായി വികെ ശ്രീകണ്ഠൻ എംപി പെരിങ്ങോട്ടുകുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തി കണ്ടെങ്കിലും ഫലമുണ്ടായില്ല. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സംസാരിച്ചു. ഇതിനിടെയാണ് സമ്മർദ്ദം ശക്തമാക്കാൻ ഗോപിനാഥിനെ പിന്തുണയ്ക്കുന്ന കൂടുതൽ നേതാക്കൾ രാജിക്ക് ഒരുങ്ങിയിരിക്കുന്നത്.

ഇപ്പോൾ ഗോപിനാഥ് അടക്കം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 11 കോൺഗ്രസ് അംഗങ്ങൾ രാജിക്ക് ഒരുങ്ങുകയാണ്. രണ്ടുദിവസത്തിനകം ഗോപിനാഥ് ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് രാജിവെക്കുമെന്നാണ് അംഗങ്ങൾ പറഞ്ഞിരിക്കുന്നത്.

പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ 16 അംഗങ്ങളാണുള്ളത്. 11 അംഗങ്ങളുള്ള കോൺഗ്രസ് ആണ് ഭരിക്കുന്നത്. ബാക്കി അഞ്ചു പേർ സിപിഎം അംഗങ്ങളാണ്. കോൺഗ്രസ് അംഗങ്ങൾ രാജിവെച്ചാൽ പഞ്ചായത്ത് ഭരണം വീഴും. കോൺഗ്രസിന് സംസ്ഥാനതലത്തിൽ തന്നെ അത് വലിയ നാണക്കേടായി മാറും. രമ്യ ഹരിദാസ് എംപിയും ഗോപിനാഥുമായി ചർച്ച നടത്തിയിരുന്നു.

ഗ്രൂപ്പ് കളിയാണ് കോൺഗ്രസിലെന്ന് ഗോപിനാഥ് ആരോപിക്കുന്നു. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായി നിൽക്കാത്തവർക്ക് ഒരു സ്ഥാനവുമില്ല. അതിന്റെ ഇരയാണ് ഞാൻ. ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത പ്രവർത്തകരെ സംരക്ഷിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ താൻ സ്വന്തം വഴിക്ക് നീങ്ങുമെന്നും ഗോപിനാഥ് തന്നെ വന്ന് കണ്ട കോൺഗ്രസ് നേതാക്കളെ അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിൽ അവഗണന നേരിടുന്നു. കഴിഞ്ഞമാസം ഡിസിസി പ്രസിഡൻകാൻ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പിന്നീട് തീരുമാനം മാറ്റി. മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചിരുന്നു. വെള്ളിയാഴ്ച സുധാകരൻ വരുന്നുണ്ടെന്നും രണ്ടുദിവസം മാത്രമേ കാത്തുനിൽക്കൂ എന്നും എവി ഗോപിനാഥ് പറഞ്ഞു.

സമാനമായ പ്രശ്നങ്ങൾ നേരിടുന്ന വയനാട് ജില്ലയിൽ കോൺഗ്രസ് എംപിമാരായ കെ സുധാകരനും കെ മുരളീധരനും ഇന്ന് സന്ദർശനം നടത്തി. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. ഇനി ഒരു കോൺഗ്രസ് നേതാവും രാജിവെക്കില്ല എന്നാണ് യോഗ ശേഷം ഇരു എംപിമാരും മാധ്യമങ്ങളോട് പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ തട്ടകത്തിലെ രാജി ദേശീയതലത്തിൽ വാർത്തയായിരുന്നു.

Top