കേരളത്തിൽ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താകും.കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കും- കെ.സുരേന്ദ്രന്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിച്ച് ഭരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടുമെന്നും സുരേന്ദ്രൻ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടിടത്തും ജയിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ട്. കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. സംസ്ഥാനത്ത് എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മൊടക്കല്ലൂര്‍ യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം കടിച്ചുകീറുന്ന എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നിരിക്കുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ഇരു മുന്നണികളിലും പ്രതിസന്ധി ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

രണ്ട് മുന്നണികളും ബിജെപിയെ വിമർശിക്കുന്നതിന് കാരണം കേരളത്തിൽ ബിജെപി ശക്തമാകുന്നതിനാലാണ്. 35 സീറ്റുകൾ ലഭിച്ചാൽ ഭരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. ബാലുശേരി മണ്ഡലത്തിലെ മൊടക്കല്ലൂർ യുപി സ്‌കൂളിൽ എത്തിയാണ് സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയത്.
എൽഡിഎഫ് സഹായിച്ചാലും യുഡിഎഫ് മഞ്ചേശ്വരത്ത് ജയിക്കില്ല. സ്ഥാനാർത്ഥികൾ ഇല്ലാത്ത മണ്ഡലങ്ങളിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടത് സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. നിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോൾ അയ്യപ്പന്റെ കാലുപിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. വിശ്വാസികളുടെ വികാരം ചവിട്ടിമെതിച്ച മുഖ്യമന്ത്രിയോട് അയ്യപ്പനും വിശ്വാസികളും പൊറുക്കില്ല.. മുഖ്യമന്ത്രിക്ക് അയ്യപ്പ കോപം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ശിഥിലമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് ശിഥിലമാകുമെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top