വെള്ളാപ്പള്ളിയെ വെട്ടിലാക്കി ഉമ്മന്‍ ചാണ്ടി. ബി.ജെ.പിയുടെ വാല്‍ത്തുമ്പില്‍ കെട്ടപ്പെട്ട വെള്ളാപ്പള്ളിക്ക് പൊള്ളുന്നു.

തിരുവനന്തപുരം:ബി.ജെ.പിയുടെ വാല്‍ത്തുമ്പില്‍ കെട്ടപ്പെടപ്പെട്ടു എന്ന ലേബല്‍ വരുത്തി വെള്ളാപ്പള്ളിയെ വെടിലാക്കി ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം കുറിക്ക് കൊള്ളുന്നു.ആര്‍. ശങ്കര്‍ പ്രതിമാ അനാച്‌ഛാദനച്ചടങ്ങില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യപ്പെടുത്തിയതു വെള്ളാപ്പള്ളി നടേശനെ വെട്ടിലാക്കാന്‍ വേണ്ടി തന്നെയായിരുന്നു.ഉമ്മന്‍ ചാണ്ടിയുടെ ഈ നീക്കത്തിലൂടെ ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളോടെ വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതായെന്ന ആശ്വാസത്തിലാണു കോണ്‍ഗ്രസ്‌ വിലയിരുത്തലും . ബി.ജെ.പിയുടെ വാല്‍ത്തുമ്പില്‍ കെട്ടപ്പെട്ട വെള്ളാപ്പള്ളി നടേശന്‌ വിലപേശല്‍ ശക്‌തി ഇല്ലാതായെന്നും കോണ്‍ഗ്രസ്‌ വിലയിരുത്തുന്നു. പുതിയ രാഷ്‌ട്രീയ പ്രസ്‌ഥാനമുണ്ടാക്കി മൂന്നുമുന്നണികളെയും വരച്ചവരയില്‍ നിര്‍ത്താമെന്ന വെള്ളാപ്പള്ളിയുടെ തന്ത്രമാണു പൊളിഞ്ഞതും .Oommen chandy-vellapally

പ്രധാനമന്ത്രിയുടെ ഓഫീസ്‌ ആവശ്യപ്പെട്ടപ്രകാരമാണ്‌ ഉമ്മന്‍ ചാണ്ടിയെ ആര്‍. ശങ്കറിന്റെ പ്രതിമ അനാച്‌ഛാദനച്ചടങ്ങില്‍നിന്ന്‌ ഒഴിവാക്കിയത്‌. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നു പ്രോട്ടോകോള്‍ പട്ടിക വന്നപ്പോള്‍ അതില്‍ മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നില്ല. സര്‍ക്കാര്‍ പരിപാടിയല്ലെന്നും ഒരു സാമുദായിക പരിപാടിയായതുകൊണ്ട്‌ മുഖ്യമന്ത്രി ആവശ്യമില്ലെന്നും അവര്‍ വ്യക്‌തമാക്കിയതായാണ്‌ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്‌. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോഡി കേരളത്തിലെത്തുന്ന ആദ്യ ചടങ്ങായതിനാല്‍ പൂര്‍ണമായും ഒരു മോഡി പ്രഭാവത്തില്‍ ആയിരിക്കണമെന്നും ബി.ജെ.പി. കേന്ദ്രനേതൃത്വം ആഗ്രഹിച്ചു. ചടങ്ങില്‍നിന്ന്‌ മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നു കേന്ദ്രത്തില്‍നിന്ന്‌ വെള്ളാപ്പള്ളിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. ആദ്യം സമ്മതിച്ചില്ലെങ്കിലും മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്നു വെള്ളാപ്പള്ളി വഴങ്ങി. ഇതോടെ പ്രതിസന്ധിയിലായ വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയോടു വിട്ടുനിന്ന്‌ സഹായിക്കണമെന്ന്‌ അപേക്ഷിച്ചു. എന്നാല്‍ ആര്‍. ശങ്കര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയൂം കെ.പി.സി.സി. പ്രസിഡന്റുമായിരുന്നതുകൊണ്ട്‌ പരിപാടിയില്‍ താന്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളി തന്റെ നിസഹായവസ്‌ഥ പറഞ്ഞപ്പോഴാണ്‌ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി വാക്കുനല്‍കിയത്‌. എന്നാല്‍ ഇക്കാര്യത്തില്‍ പത്രക്കുറിപ്പിറക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു. തന്നെ വെട്ടിലാക്കരുതെന്ന അപേക്ഷയാണ്‌ അപ്പോള്‍ വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്നുണ്ടായത്‌. എന്നാല്‍ തന്റെ നിലപാട്‌ പരസ്യപ്പെടുത്തുമെന്ന അഭിപ്രായത്തില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചുനിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

തന്റെ ചെലവില്‍ ബി.ജെ.പി-വെള്ളാപ്പള്ളി സഖ്യം രാഷ്‌ട്രീയനേട്ടം കൊയ്യേണ്ടതില്ലെന്ന നിലപാടാണ്‌ ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്‌. നാളെ ഇതേ ആള്‍ക്കാര്‍തന്നെ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി മുഖ്യമന്ത്രി ബഹിഷ്‌കരിച്ചെന്ന്‌ പ്രചരിപ്പിച്ച്‌ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിലയിരുത്തല്‍. അതിന്റെ അടിസ്‌ഥാനത്തിലാണ്‌ അദ്ദേഹം പത്രക്കുറിപ്പിറക്കിയത്‌.ആര്‍. ശങ്കറിന്റെ പ്രതിമ അനാച്‌ഛാദനച്ചടങ്ങ്‌ സ്വന്തമാകണമെന്ന നിലപാടായിരുന്നു മോഡിക്കും ബി.ജെ.പി. കേന്ദ്രനേതാക്കള്‍ക്കും. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ സ്വന്തമാക്കി കോണ്‍ഗ്രസിനെ വടക്കേ ഇന്ത്യയില്‍ പ്രതിസന്ധിയിലാക്കിയതുപോലെ ശങ്കറിനെ ഒപ്പംകൂട്ടി ഇവിടെയും ആ രീതി നടപ്പാക്കാനാണ്‌ ബി.ജെ.പിയുടെ നീക്കം. അതുകൊണ്ടുതന്നെ അത്തരമൊരു വേദിയില്‍ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയുണ്ടാകുന്നതിനോട്‌ മോഡിക്ക്‌ താല്‍പ്പര്യമുണ്ടായിരുന്നില്ല. അതാണ്‌ ഒഴിവാക്കലിന്‌ പിന്നില്‍. എന്നാല്‍ പട്ടേലിനെപ്പോലെ ഇവിടെ വന്ന്‌ ശങ്കറിനെ ഒപ്പം കൂട്ടാമെന്നുള്ള ബി.ജെ.പിയുടെ തന്ത്രം വിജയിക്കില്ലെന്നാണ്‌ ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്‌ നേതൃത്വവും പറയുന്നത്‌. ആര്‍. ശങ്കര്‍ കെ.പി.സി.സി പ്രസിഡന്റും കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്നു. ആ നിലയ്‌ക്കാണ്‌ അദ്ദേഹം അറിയപ്പെടുന്നതും. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ പൈതൃകം അത്രവേഗം വെള്ളാപ്പള്ളിയിലൂടെ ബി.ജെ.പിയിലെത്തില്ലെന്ന്‌ കോണ്‍ഗ്രസ്‌ പറയുന്നു.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഭീഷണിയുയര്‍ത്തിയതുമൂലം എസ്‌.എന്‍.ഡി.പിയുമായി ബന്ധപ്പെട്ട നിരവധിപേര്‍ക്കു എല്ലാ മുന്നണിയിലും സ്‌ഥാനാര്‍ഥിത്വം ലഭിച്ചിരുന്നു. നിയമസഭാതെരഞ്ഞെടുപ്പിലും ഒരു വിലപേശല്‍ ശക്‌തിയാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ തന്ത്രം. ഇപ്പോള്‍ ബി.ജെ.പി. വരച്ചവരയില്‍ നില്‍ക്കാന്‍ വെള്ളാപ്പള്ളി തയാറായതോടെ അതിന്‌ തിരശീല വീണിരിക്കുകയാണ്‌. ബി.ജെ.പിയുടെ താളത്തിനൊത്തുതുള്ളുന്നവരായി വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയൂം മാറിയെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ആ നിലയില്‍തന്നെ ഈ വിഷയം പ്രചരിപ്പിക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം.

Top