കോണ്‍ഗ്രസിന് 51 അംഗ പ്രവര്‍ത്തക സമിതി; കേരളത്തില്‍ നിന്ന് ആന്റണിയും ഉമ്മന്‍ചാണ്ടിയും കെ.സി. വേണുഗോപാലും പി.സി.ചാക്കോയും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചു. കേരളത്തില്‍ നിന്ന് എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, പി.സി.ചാക്കോ എന്നിവരാണ് സമിതിയില്‍. പരിചയസമ്പന്നര്‍ക്കും യുവാക്കള്‍ക്കും പങ്കാളിത്തം നല്‍കിയാണ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചത്. 51 അംഗങ്ങളാണ് സമിതിയിലുള്ളത്. 23 അംഗങ്ങള്‍, 18 സ്ഥിരം ക്ഷണിതാക്കള്‍, പത്തു പ്രത്യേക ക്ഷണിതാക്കള്‍ എന്നിങ്ങനെയാണു സമിതിയില്‍.

എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ അംഗങ്ങളായപ്പോള്‍ പി.സി.ചാക്കോ സ്ഥിരം ക്ഷണിതാവായാണു സമിതിയില്‍ ഉള്‍പ്പെട്ടത്. വിവിധ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ളവരെയാണ് സ്ഥിരം ക്ഷണിതാക്കളെന്ന നിലയില്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടിയുടെ ഉപവിഭാഗങ്ങളായ ഐഎന്‍ടിയുസി, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, എന്‍എസ്‌യുഐ എന്നിവയുടെ അധ്യക്ഷന്മാര്‍, സേവാ ദള്‍ ചീഫ് ഓര്‍ഗനൈസര്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളില്‍ ഉള്‍പ്പെടും. സംഘടനയുടെ ദേശീയ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി രൂപം നല്‍കുന്ന പ്രവര്‍ത്തക സമിതിയാണിത്.

ജൂലൈ 22നാകും പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം. കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന അധ്യക്ഷന്മാരും സംസ്ഥാനങ്ങളിലെ നിയമസഭാകക്ഷി നേതാക്കളെയും പ്രവര്‍ത്തക സമിതിയുടെ ഈ വിപുലീകൃത യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി മുന്‍ പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് അന്നത്തെ പ്രവര്‍ത്തക സമിതിയെ നയരൂപീകരണ സമിതിയായി നിലനിര്‍ത്തിയാണ് അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് നടത്തിയത്. എന്നാല്‍ മാര്‍ച്ചില്‍ പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തോടെ ഈ സമിതിയും നിലവിലില്ലാതായി. പാര്‍ട്ടിയുടെ പ്രധാന നയപരിപാടികളിലെ ഉപദേശക സമിതിയായാണ് പ്രവര്‍ത്തക സമിതി പ്രവര്‍ത്തിക്കുന്നത്.

Top