കൊച്ചി:ഷാനി കുട്ടിയെ എന്തിന് കൊലപ്പെടുത്തി?ചാലക്കുടിയിലെ കൊലയില്‍ ട്വിസ്റ്റ്.ചാലക്കുടി മേലൂര്‍ അടിച്ചിലിയില്‍ ഏഴുവയസുകാരി ആവണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഒഴിയുന്നില്ല. കുട്ടി ഗോവണിയില്‍ നിന്നും വീണു മരിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും കുട്ടിയെ അമ്മ കൊലപ്പെടുത്തിയതാണെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെട്ടിരിക്കുന്നത്. ആവണിയുടെ അമ്മ ഷാനി കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന സംശയത്തെ തുടര്‍ന്ന് അച്ഛന്‍ വിപിന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും എന്തിനുവേണ്ടി കുട്ടിയെ കൊലപ്പെടുത്തിയെന്നതിന് യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല.
മാനസികരോഗിയായി ഇവര്‍ അഭിനയിക്കുകയായിരുന്നോ എന്ന സംശയവും പോലീസിനുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ രോഗം അത്ര തീവ്രമല്ലെന്ന നിലപാടിലാണ് ഇവരെ ചികിത്സിക്കുന്ന മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ എന്നറിയുന്നു. ഷാനി ഇപ്പോള്‍ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ റിമാന്റിലാണ്. പോലീസിന് ഇവരെ കാര്യമായി ചോദ്യം ചെയ്യാനായിട്ടില്ല. ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോഴെല്ലാം പരസ്പരവിരുദ്ധമായ മൊഴികളാണ് ഷാനി നല്‍കിയത്.
കുട്ടി ഗോവണിയില്‍ നിന്നും വീണു പരിക്കേറ്റാണ് മരിച്ചതെന്നാണ് ഷാനി ആദ്യം പറഞ്ഞിരുന്നത്. ഷാനിയും ആവണിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴും ഇതുതന്നെയാണ് ഷാനി പറഞ്ഞത്. സംസ്‌കാരമെല്ലാം കഴിഞ്ഞ ശേഷം ബന്ധുക്കളും വീട്ടുകാരും കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോള്‍ ഷാനി പരസ്പര വിരുദ്ധമായി സംസാരിക്കാന്‍ തുടങ്ങി. താന്‍ ആത്മഹത്യ ചെയ്യാന്‍ പോയപ്പോള്‍ കുട്ടി കാലില്‍ പിടിച്ചുവലിച്ചതിനെ തുടര്‍ന്ന് കുതറിയപ്പോള്‍ കുട്ടി വീണതാണെന്നും മറ്റും ഷാനി പറഞ്ഞു.
പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവ് അടിച്ചിലി പെരുമനപറന്പില്‍ വിപിനിനും സംശയം തോന്നി. ഇതിനിടെ മാനസികരോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഷാനിയെ ഭര്‍ത്താവ് ചെങ്ങമനാട്ടുള്ള അവരുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. ഷാനിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വിപിന്‍ കൊരട്ടി പോലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയതിനെ തുടര്‍ന്നത് ഷാനി ആത്മഹത്യക്ക് ശ്രമിക്കുകയും ആശുപത്രിയിലാവുകയും ചെയ്തു.
പോലീസ് ചോദ്യം ചെയതപ്പോഴെല്ലാം ഷാനി പരസ്പരവിരുദ്ധമായി സംസാരിച്ചു. ഇതിനിടെ നാട്ടില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. കളമശേരിയിലെ മാനസികാരോഗ്യാശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഷാനിയെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഷാനിയെ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയച്ചു. ഇനി പോലീസ് സര്‍ജന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഷാനിയെ ചോദ്യം ചെയ്യുവെന്നറിയുന്നു.
ഷാനി കുട്ടിയെ എന്തിന് കൊലപ്പെടുത്തിയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് കളിച്ചുകൊണ്ടിരുന്ന ആവണി ഗോവണിപ്പടിയില്‍നിന്നും വീണു മരിച്ചുവെന്നാണ് ഷാനി ആദ്യം അറിയിച്ചത്. ഗോവണിയില്‍ നിന്നും വീണുപരിക്കേറ്റ ആവണിയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചുകഴിഞ്ഞിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ വാരിയെല്ലുകള്‍ പൊട്ടിയതായും മറ്റു മാരകമായ പരിക്കുകള്‍ ഉള്ളതായും കണ്ടെത്തിയിരുന്നു. ആന്തരികമായ രക്തസ്രാവവും സംഭവിച്ചിരുന്നു. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷ്, കൊരട്ടി എസ്‌ഐ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ഷാനിയെ അറസ്റ്റു ചെയ്തത്.