താന്‍ പക്കാ മാംസ ഭുക്കാണെന്നും അങ്ങനെ തുടരുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു. ഭക്ഷണം ഒരാളുടെ വ്യക്തിപരമായ വിഷയമാണെന്നും എന്നാല്‍ ഭരണഘടന വിലക്കിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണു നല്ലതെന്നും കേന്ദ്രമന്ത്രി മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശ് ഉയര്‍ത്തിയ ബീഫ് വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവെയാണു വെങ്കയ്യ നായിഡു ഹൈദരാബാദില്‍, നിലപാടു വ്യക്തമാക്കിയത്.
ചില മേഖലകളില്‍ ചില കാര്യങ്ങള്‍ എല്ലാവരും ബഹുമാനിച്ചേ മതിയാകൂ. സംസ്ഥാനങ്ങളിലെ ഭരണഘടന എന്താണോ നിരോധിച്ചിരിക്കുന്നത് അതു പാലിക്കണം. നിയമമെന്താണോ അത് അനുസരിക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗോവധത്തിനെതിരെയും അനധികൃത അറവുശാലകള്‍ക്കെതിരെയും ശക്തമായ നടപടികള്‍ എടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വെങ്കയ്യയുടെ പരാമര്‍ശങ്ങള്‍ വരുന്നത്.
അതേസമയം, മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ബിജെപി സ്ഥാനാര്‍ഥി ബീഫ് വിഷയത്തില്‍ തന്റെ നിലപാടു വ്യക്തമാക്കിയത്. മണ്ഡലത്തില്‍ ഗുണമേന്മയുള്ള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കൈയെടുക്കും. ബീഫ് നിരോധനമുള്ള സംസ്ഥാനങ്ങളില്‍ പശുവിനെ കൊല്ലുന്നതാണു നിയമലംഘനമാകുന്നത്. പല സംസ്ഥാനങ്ങളിലും ചത്ത കന്നുകാലികളെപോലും ഭക്ഷണമാക്കുന്നുണ്ട്. ബീഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന നിലയില്‍ തനിക്കാരും വോട്ടുതരാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചിരുന്നു. പിന്നീടു ദേശീയ തലത്തില്‍ നിലപാടു വിവാദമായതിനെത്തുടര്‍ന്നു തിങ്കളാഴ്ച ശ്രീപ്രകാശ് നിലപാടില്‍നിന്നു പിന്നാക്കം പോയിരുന്നു.