അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണം ഡിസംബറില്‍ തുടങ്ങുമെന്ന് രാമജന്മഭൂമി ന്യൂസ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ല. പരസ്പര സമ്മതത്തോടെ മുസ്ലീംപള്ളി ലഖ്‌നൗവില്‍ സ്ഥാപിക്കുമെന്ന് അധ്യക്ഷന്‍ രാം വിലാസ് വേദാന്തി പറഞ്ഞു. ഇതിനായി ഓര്‍ഡനന്‍സിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക ഓര്‍ഡിനന്‍സ് കൂടാതെതന്നെ ഉഭയകക്ഷി സമ്മതത്തോടെ രണ്ട് ആരാധനാലയങ്ങളുടെയും നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ വേദാന്തി പ്രഖ്യാപിച്ചിരുന്നു. അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് നിയമം കൊണ്ടുവരുന്നതിനെ അനുകൂലിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്തെത്തി. ക്ഷേത്രം പണിയാന്‍ വേണ്ടി സര്‍ക്കാരിന് നിയമം കൊണ്ടുവരാന്‍ കഴിയും. സുപ്രീംകോടതിയില്‍ കേസ് നടക്കുമ്പോഴും ഇത് സാധ്യമാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കര്‍ണാടക നിയമസഭ നിയമം പാസാക്കിയിരുന്നു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കിടയിലെ നദീജല തര്‍ക്കത്തിലും സമാനമായ നിയമനിര്‍മാണം നടന്നിട്ടുണ്ട്.
രാമക്ഷേത്ര വിഷയത്തിലും സമാനമായ രീതിയില്‍ നിയമനിര്‍മാണം സാധിക്കുമെന്നും ചെലമേശ്വര്‍ പറഞ്ഞു. അയോധ്യ കേസ് അത്ര പ്രധാനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കേസ് ജനുവരിയിലേക്ക് മാറ്റിവച്ചത്. സുപ്രീംകോടതി ഹിന്ദുവികാരം മാനിച്ചില്ല എന്ന വികാരമാണ് രാജ്യത്തെ ഭൂരിപക്ഷത്തിനുണ്ടായതെന്നാണ് ആര്‍എസ്എസ് ഇതിനോട് പ്രതികരിച്ചത്. രാമക്ഷേത്ര നിര്‍മാണത്തിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി വന്നാല്‍ 1992ല്‍ നടന്ന പോലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭയ്യാജി ജോഷി പറഞ്ഞിരുന്നു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടാണ് തങ്ങള്‍ വിട്ടുനില്‍ക്കുന്നത്. കോടതി പരിഗണനയിലുള്ള വിഷയത്തില്‍ പരിമിതികളുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞിരുന്നു.