സുപ്രീം കോടതി വിധിയെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു; മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി:ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്ന് സുപ്രീംകോടതി വിധി.അയോദ്ധ്യാ കേസില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍ എസ് എസ് സംഘചാലക് മോഹന്‍ ഭാഗവത്. രാജ്യത്തെ ജനതയുടെ ആഗ്രഹത്തിനും ധാര്‍മികവിശ്വാസത്തിനും നീതി ലഭിക്കുന്ന വിധം നല്‍കിയ വിധിയെ രാഷ്ട്രീയ സ്വയം സേവക സംഘം പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിധിയെ ജയപരാജയങ്ങളായി ഒരു കാരണവശാലും കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദശകങ്ങളായി നടന്ന നീണ്ട പരിശ്രങ്ങള്‍ക്കും വാദങ്ങള്‍ക്കും ശേഷമാണ് സുപ്രധാനമായ ഈ വിധി വന്നിരിക്കുന്നത്. ഈ നീണ്ട പ്രക്രിയയില്‍ രാമജന്മ ഭൂമിയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും വളരെ വിശദമായാണ് കോടതി പരിശോധിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് എല്ലാ സംഘടനകളുടെയും വ്യക്തികളുടെയും വാദങ്ങളും തര്‍ക്കങ്ങളും കോടതി വിശദമായി കേള്‍ക്കുകയും മൂല്യനിര്‍ണയം നടത്തുകയും ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

വിധി പറഞ്ഞ എല്ലാ ന്യായാധിപന്മാര്‍ക്കും ഇരുപക്ഷത്തുമുണ്ടായിരുന്ന എല്ലാ അഭിഭാഷകന്മാര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മറ്റെല്ലാ കാര്യങ്ങളും മറന്നു കൊണ്ട് ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ എസ് എസ് സര്‍സംഘചാലക് ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട സുപ്രീംകോടതി ഈ രാജ്യത്തെ ജനതയുടെ ആഗ്രഹത്തിനും ധാര്‍മികവിശ്വാസത്തിനും നീതി ലഭിക്കുന്ന വിധം നല്‍കിയ വിധിയെ രാഷ്ട്രീയ സ്വയം സേവക സംഘം പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു.ദശകങ്ങളായി നടന്ന നീണ്ട പരിശ്രങ്ങള്‍ക്കും വാദങ്ങള്‍ക്കും ശേഷമാണ് സുപ്രധാനമായ ഈ വിധി വന്നിരിക്കുന്നത്. ഈ നീണ്ട പ്രക്രിയയില്‍ രാമജന്മ ഭൂമിയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും വളരെ വിശദമായി ബഹുമാനപ്പെട്ട കോടതി പരിശോധിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ സംഘടനകളുടെയും വ്യക്തികളുടെയും വാദങ്ങളും തര്‍ക്കങ്ങളും കോടതി വിശദമായി കേള്‍ക്കുകയും മൂല്യനിര്‍ണയം നടത്തുകയും ചെയ്തു. ധീരതയോടെ എല്ലാവശങ്ങളും പരിശോധിച്ച് വിധി പറഞ്ഞ ബഹുമാനപ്പെട്ട എല്ലാ ന്യായാധിപന്മാര്‍ക്കും ഇരുപക്ഷത്തുമുണ്ടായിരുന്ന എല്ലാ അഭിഭാഷകന്മാര്‍ക്കും ഞങ്ങള്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ഈ വിധി നിര്‍ണയ സമയത്ത് തികഞ്ഞ സംയമനത്തോടെ കേട്ടിരുന്ന ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും അഭിനന്ദനത്തിന് അര്‍ഹരാണ്.

ഈ വലിയ പ്രക്രിയയില്‍ ഞങ്ങള്‍ക്കൊപ്പം പങ്കു ചേര്‍ന്ന മുഴുവന്‍ സഹപ്രവര്‍ത്തകരേയും ബലിദാനികളെയും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഈ വിധി വേണ്ടവിധം നടപ്പാകാന്‍ വേണ്ടി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയ സര്‍ക്കാര്‍ തലത്തിലും സാമൂഹ്യ തലത്തിലും പ്രവര്‍ത്തിച്ച എല്ലാവരുടെയും പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഈ വിധിയെ ജയപരാജയങ്ങളായി ഒരു കാരണവശാലും കാണേണ്ടതില്ല. സത്യവും നീതിയും പുലരാന്‍ നടന്ന പരിശ്രമത്തിന് മുഴുവന്‍ ഭാരതത്തിന്റെ ഏകാത്മതയും ബന്ധുത്വവും പരിപോഷിപ്പിക്കാന്‍ നടന്ന പരിശ്രമമായി കാണുകയും ഉപയോഗിക്കുകയും വേണം.

സമ്പൂര്‍ണ ദേശവാസികളോടും ഒരു അഭ്യര്‍ത്ഥനയുള്ളത് വന്നിരിക്കുന്ന വിധിയെ മാനിച്ചു കൊണ്ട് നാടിന്റെ നിയമത്തെ അനുസരിച്ച് തികഞ്ഞ സംയമനത്തോടെ സാത്വികമായ ആഹ്ലാദമാണ് നടത്തേണ്ടത്. ഇയൊരു വലിയ വിവാദത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി നടത്തിയ വിധി നിര്‍ണയത്തെ നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അതിവേഗം നടപടികള്‍ ഉണ്ടാകുമെന്ന് കരുതുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റെല്ലാ കാര്യങ്ങളും മറന്നു കൊണ്ട് ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം.

1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുന്നത്. നിര്‍മോഹി അഖാഡ, റാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങിയ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

15 വര്‍ഷം കൊണ്ട് ഒന്‍പത് മാസത്തോളം വാദം കേട്ട ശേഷമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അതനുസരിച്ച് റാം ലല്ലക്കാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥലത്തിന്റെ മൂന്നിലൊന്ന് ഭാഗം. അതായത് രാമന്റെ ജന്‍മസ്ഥലമെന്ന് വാദിക്കുന്ന മര്‍മ്മ പ്രധാനമായ ഭാഗം- ഇത് ഈ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ്. ഇതിന് തൊട്ട് വെളിയിലുള്ള മൂന്നിലൊന്ന് ഭാഗമാണ് നിർമോഹി അഖാഡെക്ക് അനുവദിച്ചത്. ശേഷിക്കുന്ന മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും. ഈ തീരുമാനത്തിൽ വിയോജിച്ച് മൂന്നു പക്ഷവും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.ഇതോടെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യപ്പെട്ടു. അപ്പീലുകളില്‍ 2011ല്‍ വാദം തുടങ്ങി. 2018 മാര്‍ച്ച് 8ന് മധ്യസ്ഥ സമിതിയെ ഏല്‍പ്പിച്ചു. ശ്രീ ശ്രീ രവിശങ്കര്‍, ജെ ഖലീഫുല്ല, ശ്രീറാം പഞ്ചു എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2019 ആഗസ്റ്റ് 6 മുതല്‍ അന്തിമ വാദം കേള്‍ക്കല്‍ തുടങ്ങി. ഇത് ഒക്ടോബര്‍ 16ന് തീര്‍ന്നു.

 

Top