മഥുരയിലെ മുസ് ലിം പള്ളി പൊളിച്ചുമാറ്റണം;പ്രചാരണവുമായി സന്യാസി കൂട്ടായ്മ..

മഥുര: മഥുരയിലെ മുസ് ലിം പള്ളി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രചാരണവുമായി സന്യാസി കൂട്ടായ്മ. ഇതിനു വേണ്ടി അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മാതൃകയില്‍ 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 80 സന്യാസിമാര്‍ ചേര്‍ന്ന് ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസ് രൂപീകരിച്ചു. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്നാണ് ട്രസ്റ്റിന്റെ ആവശ്യം. മധ്യപ്രദേശില്‍ നിന്നുള്ള ആചാര്യ ദേവ് മുരാരി ബാപുവാണ് ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസിന്റെ ചെയര്‍മാന്‍. കൃഷ്ണ ജന്‍മഭൂമിയെ മോചിപ്പിക്കണെ എന്നാവശ്യപ്പെട്ട് ഒപ്പുശേഖരണ കാംപയിന്‍ ഉടന്‍ ആരംഭിക്കുമെന്ന് ആചാര്യ ദേവ് മുരാരി ബാപു പറഞ്ഞു.

”ഒപ്പുശേഖരണത്തിന് ശേഷം രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ തന്നെ കാംപയിന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം പുരോഗതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണന്റെ ജന്‍മസ്ഥലമാണ് ഇതെന്നും മഥുര ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നാലര ഏക്കര്‍ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും കാലങ്ങളായി ഹിന്ദുത്വര്‍ വാദിക്കുന്നുണ്ട്.

ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാലെ, മഥുര ശ്രീകൃഷ്ണ ജന്‍മഭൂമിയുടെയും വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും മോചനത്തിനു വേണ്ടിയുള്ള പ്രസ്ഥാനം ശക്തിപ്പെടുത്തുമെന്ന് ബിജെപി എംപി വിനയ് കത്യാര്‍ വ്യക്തമാക്കിയിരുന്നു. 1992ല്‍ ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയ ശേഷം വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) മഥുരയും വരാണസിയുമാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് വിഎച്ച്പിയും സംഘപരിവാരവും വ്യക്തമാക്കിയിരുന്നു.

Top