മുംബൈ: ബാഹുബലി ആയിരം കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് പത്താംദിവസം ആയിരം കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ബാഹുബലി 2. ഇന്ത്യയില്‍നിന്ന് 800 കോടിയും മറ്റുരാജ്യങ്ങളില്‍നിന്ന് 200 കോടിയുമാണ് ബാഹുബലി വാരിക്കൂട്ടിയതെന്ന് വിതരണക്കാര്‍ അറിയിച്ചു. 1500 കോടിയെങ്കിലും മൊത്തം നേട്ടമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്കുക്കൂട്ടല്‍.
ഹിന്ദി പരിഭാഷയുടെ വിതരണമേറ്റെടുത്ത ചലച്ചിത്രതാരം കരണ്‍ ജോഹര്‍ ട്വിറ്ററിലാണ് ചരിത്രനേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2014ല്‍ റിലീസ് ചെയ്ത ആമിര്‍ഖാന്‍ ചിത്രം പികെ നേടിയ 792 കോടിയുടെ റെക്കോഡാണ് ബാഹുബലി തകര്‍ത്തത്. പ്രഭാസിനെ നായകനാക്കി എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി-2 ദി കണ്‍ക്ലൂഷന്‍ മുമ്പുതന്നെ നിരവധി റെക്കോഡുകള്‍ മറികടന്നിരുന്നു.
8000 സ്‌ക്രീനിലാണ് ആദ്യദിവസം ബാഹുബലി പ്രദര്‍ശിപ്പിച്ചത്. ആദ്യദിവസം തന്നെ 121 കോടി കളക്ഷന്‍ നേടിയിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന അന്യഭാഷ ചിത്രം കൂടിയാണ് ബാഹുബലി. ആദ്യ നാലുദിനം കൊണ്ട് ബാഹുബലി 2 വാരിക്കൂട്ടിയത് 19.7 കോടി രൂപ. കേരളത്തില്‍ ആദ്യദിനം 5.45 കോടിയാണ് ചിത്രം നേടിയത്.