ന്യൂഡൽഹി: ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി ശനിയാഴ്ച രാവിലെ 10.30-ന് . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. രാവിലെ 10.30നാണ് വിധി പ്രഖ്യാപനം. തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് നാളെ വിധി പറയുന്നത്.
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുന്നത്. നിര്‍മോഹി അഖാഡ, റാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങിയ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
15 വര്‍ഷം കൊണ്ട് ഒന്‍പത് മാസത്തോളം വാദം കേട്ട ശേഷമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അതനുസരിച്ച് റാം ലല്ലക്കാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥലത്തിന്റെ മൂന്നിലൊന്ന് ഭാഗം. അതായത് രാമന്റെ ജന്‍മസ്ഥലമെന്ന് വാദിക്കുന്ന മര്‍മ്മ പ്രധാനമായ ഭാഗം- ഇത് ഈ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ്. ഇതിന് തൊട്ട് വെളിയിലുള്ള മൂന്നിലൊന്ന് ഭാഗമാണ് നിർമോഹി അഖാഡെക്ക് അനുവദിച്ചത്. ശേഷിക്കുന്ന മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും. ഈ തീരുമാനത്തിൽ വിയോജിച്ച് മൂന്നു പക്ഷവും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
അതേ സമയം അയോധ്യാക്കേസില്‍ നാളെ രാവിലെ വിധി വരാനിരിക്കെ കാസര്‍കോട് നിരോധനാജ്ഞ. ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണു നിരോധനാജ്ഞ. വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഗവര്‍ണറെക്കണ്ടു സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഡി.ജി.പി എസ്.പിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങും നടത്തി.
മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ പരത്തുന്നവരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാണു നിര്‍ദ്ദേശം.