ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. നേതാക്കള്‍ക്ക് എതിരായ ഗൂഢാലോചനക്കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിച്ചു. അദ്വാനിക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ അടക്കമുള്ള 13 പേര്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധി. എന്നാല്‍, നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറായതിനാല്‍ മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് വിചാരണ നേരിടേണ്ടതില്ല. ഈ കുറ്റത്തില്‍നിന്നു കല്യാണ്‍ സിങ്ങിനെ ഒഴിവാക്കിയിട്ടുണ്ട്.
രണ്ടു വര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. തുടര്‍നടപടികള്‍ ലക്‌നൗ കോടതിയില്‍ നടക്കും. ജസ്റ്റിസുമാരായ പി.സി.ഘോസെ, ആര്‍.എഫ്.നരിമാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണു വിധി പറഞ്ഞത്. ഇതോടെ അഡ്വാനി അടക്കമുള്ളവര്‍ കേസില്‍ വിചാരണ നേരിടണം.
1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കര്‍സേവകര്‍ക്കെതിരെയുള്ള കേസില്‍ വിചാരണ ലക്‌നൗ കോടതിയിലാണു നടന്നത്. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടു ‘പേരറിയാത്ത ലക്ഷക്കണക്കായ കര്‍സേവകര്‍’ക്കെതിരെയുള്ള കേസുകളാണ് ലക്‌നൗ കോടതിയുടെ പരിഗണനയിലുള്ളത്. എന്നാല്‍, വിവിഐപികള്‍ക്കെതിരായ കേസ് പരിഗണിക്കുന്നത് റായ്ബറേലി കോടതിയായിരുന്നു. റായ്ബറേലി കോടതിയിലെ കേസും ലക്‌നൗ കോടതിയിലേക്കു മാറ്റി രണ്ടും ഒന്നിച്ചു പരിഗണിക്കാനും കോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം റായ് ബറേലി കോടതിയില്‍നിന്നു കേസ് ലക്‌നൗ കോടതിയിലേക്കു മാറ്റണം.
നേതാക്കള്‍ക്കെതിരെയുള്ള കേസില്‍ ഗൂഢാലോചക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി നടപടി അലഹാബാദ് ഹൈക്കോടതി 2010 മേയ് 20നു ശരിവച്ചിരുന്നു. അതിനെതിരെ സിബിഐയും ഹാജി മെഹ്ബൂബ് അഹമ്മദും നല്‍കിയ ഹര്‍ജികളാണു സുപ്രീം കോടതി പരിഗണിച്ചത്.