ഹൈദരാബാദ് :ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്കായി തയ്യാറാക്കിയിരുന്ന സെറ്റുകള്‍ പൊളിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നു. ഹൈദരാബാദിലെ റാമോജി റാവും ഫിലിം സിറ്റിക്കുള്ളിലായാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ബാഹുബലി സിനിമയ്ക്കായുള്ള സെറ്റ് നിര്‍മ്മിച്ചിരുന്നത്. 2000 ഏക്കറോളം വരുന്ന ഫിലിം സിറ്റിയുടെ 15 ഏക്കറോളം ഭാഗമാണ് ബാഹുബലിയുടെ സെറ്റ് നിര്‍മ്മാണത്തിനായി നീക്കി വെച്ചിരുന്നത്. മലയാളിയായ സാബു സിറില്‍ എന്ന പ്രശസ്ത കലാ സംവിധായകന്റെ നേതൃത്വത്തിലായിരുന്നു കൊട്ടാരങ്ങളുടെയും സാമ്രാജ്യങ്ങളുടെയും നിര്‍മ്മാണം. മഹിഷ്മതി സാമ്രാജ്യവും മറ്റ് അനുബന്ധ പശ്ചാത്തലങ്ങളും പുരാതന കെട്ടിടങ്ങളുടെ തരത്തില്‍ പ്രൗഢി ഒട്ടും ചോരാതെയായിരുന്നു സാബു സിറിലും സംഘവും ചിത്രത്തിനായി ഒരുക്കി നല്‍കിയത്. ബാഹുബലി സിനിമയുടെ രണ്ട് ഭാഗങ്ങളുടെയും വന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഞ്ച് കോടി രൂപയ്ക്ക് ഈ സെറ്റ് ഫിലിം സിറ്റിക്ക് നല്‍കിയിരുന്നു. ഇതിന് ശേഷം ഇവ ഫിലിം സിറ്റി അധികൃതര്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിരുന്നു. വന്‍ ജനസഞ്ചയമാണ് അതിന് ശേഷം പ്രതിദിനം ഈ ദൃശ്യവിസ്മയം കാണുവാനായി ഇവിടേക്ക് എത്തിചേര്‍ന്നു കൊണ്ടിരുന്നത്. അഞ്ച് കോടിയിലധികം രൂപം സന്ദര്‍ശക ഫീസിനത്തില്‍ ഇതിനോടകം ഫിലിം സിറ്റി അധികൃതര്‍ക്ക് ലഭിച്ചു കഴിഞ്ഞു. കൂടാതെ അടുത്ത മാസങ്ങളിലായി മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സെറ്റ് ഈ സ്ഥലത്ത് ഒരുക്കേണ്ടതുണ്ട് . ഈ കാരണം കൊണ്ടാണ് സെറ്റ് പൊളിക്കുവാന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്.