ഇന്ന് ബലി പെരുന്നാള്‍; ബക്രീദിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ദുരിതാശ്വാസത്തില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്രവാചകനായ ഇബ്രാഹീമിന്റെയും ഭാര്യ ഹാജറയുടെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗോജ്ജ്വലമായ ജീവിതസ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. പ്രളയം തീര്‍ത്ത ദുരിതക്കടലില്‍നിന്ന് സഹോദരങ്ങള്‍ മുക്തരാകാത്ത സാഹചര്യത്തില്‍ പൊലിമയാര്‍ന്ന ആഘോഷങ്ങള്‍ ഇത്തവണ ജില്ലയിലുണ്ടാവില്ല.

മകനെ ബലി നല്‍കാന്‍ തയാറായ ഇബ്രാഹീം നബിയുടെ ത്യാഗവും സമര്‍പ്പണവും ഓര്‍ത്തെടുത്ത് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ബലി അറക്കലും വിതരണവും നടക്കും. മഴക്കെടുതിയുടെ ദുരിതക്കയത്തില്‍നിന്ന് വിപണിയും മുക്തമായിട്ടില്ല. സാധാരണ പെരുന്നാളിനോടടുത്ത ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നില്ല. സഹജീവികളെ കൈമെയ് മറന്ന് സഹായിക്കാന്‍ നാളത്തെ ദിവസം ഉപയോഗപ്പെടുത്താനുള്ള തയാറെടുപ്പിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരിതബാധിതരെ സഹായിക്കാന്‍ പള്ളികളിലും ഈദ് ഗാഹുകളിലും പിരിവ് നടക്കും. വലിയ രീതിയിലുള്ള ആഘോഷം ഒഴിവാക്കാന്‍ വിവിധ മഹല്ലുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ബക്രീദിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കണമെന്ന് മലയാളികള്‍ക്ക് ബക്രീദ് ആശംസ നേര്‍ന്നുകൊണ്ടുളള സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ബക്രീദ് നല്‍കുന്നത്. പ്രളയക്കെടുതി നേരിടുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസവും സഹായവും പിന്തുണയും നല്‍കേണ്ട സന്ദര്‍ഭമാണിത്.

മതജാതിരാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായാണ് കേരളം ഈ ദുരന്തത്തെ നേരിടുന്നത്. പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ലോകമെങ്ങുമുളള മലയാളികളുടെ പിന്തുണ തുടര്‍ന്നും ആവശ്യമാണ്. കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ബക്രീദിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Top