തിരുവനന്തപുരം: സ്വർണക്കടത്തിലെ പ്രതികളിൽ ഒരാൾ ബാലഭാസ്കറിന്റെ കാർ അപകട സ്ഥലത്ത് ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ വന്നത് കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു . ബാലഭാസ്കറിന്റെ മരണത്തിനു കാരണമായ കാർ അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ കോടതിയിൽ. അപകടസമയത്തു ബാലഭാസ്കറാണു വണ്ടിയോടിച്ചതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് അർജുൻ കോടതിയെ സമീപിച്ചത്.
ബാലഭാസ്കറിന്റെ കുടുംബത്തെ എതിർകക്ഷിയാക്കിയാണ് അർജുന്റെ ഹർജി. ബാലഭാസ്കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് ഇടയാക്കിയതെന്നു ഹർജിയിൽ പറയുന്നു.അതേസമയം, അപകടമുണ്ടായ സമയത്തു കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുനാണെന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അർജുന്റെ തലയ്ക്കു പരിക്കേറ്റതു മുൻ സീറ്റിൽ ഇരുന്നതിനാലാണെന്നാണും ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.
ബാലഭാസ്കറിന്റെ അപകടമരണം വഴിതിരിച്ചുവിടുന്ന നിലയിൽ വെളിപ്പെടുത്തൽ നടത്തിയ കഐസ്ആർടിസി ഡ്രൈവർക്കു ഗൾഫിൽ ജോലി ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും ഇയാൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ആരോപിച്ചു ബാലഭാസ്കറിെൻറ ബന്ധുക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണു അർജുന്റെ ഹർജി. താത്കാലിക ഡ്രൈവറായിരുന്ന അജിയ്ക്കെതിരേയാണ് ആരോപണം.
ബാലഭാസ്കറിന്റെ മാനേജർമാർ ഉൾപ്പെട്ട സംഘത്തെ സ്വർണക്കടത്ത് കേസിൽ പിടികൂടിയിരുന്നു. ഇതിൽ കഐസ്ആർടിസിയിലെ താത്കാലിക ജീവനക്കാരനും ഉണ്ടായിരുന്നു. അന്നു പിടിയിലായവർക്ക് ഇപ്പോഴത്തെ സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്.