കണ്ണ് തുറന്നപ്പോള്‍ ലക്ഷ്മി ആദ്യം അന്വേഷിച്ചത് പൊന്നോമനയെ, ബാലഭാസ്‌കര്‍ ഇപ്പോഴും അബോധവസ്ഥയില്‍

തിരുവനന്തപുരം:രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ബാലഭാസ്‌കര്‍ ഇപ്പോഴും അബോധവസ്ഥയില്‍ തുടരുന്നു. ഭാര്യ ലക്ഷ്മിക്ക് ബോധം തെളിഞ്ഞു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ബാലഭാസ്‌കര്‍ ചെറുതായി കണ്ണ് തുറന്നിരുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിലെ അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഇടയ്ക്കിടെ തടസപ്പെടുന്നതിനാല്‍ വെന്റിലേറ്ററില്‍ തന്നെ കഴിയുകയാണ് ബാലഭാസ്‌കര്‍.

രക്തസമ്മര്‍ദ്ദവും ശ്വാസഗതിയും നേരെയാകുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.

തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരുവനന്തപുരത്തേക്ക് മടങ്ങി വരുന്നതിനിടെയാണ് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. സംഭവം സമയം ബാലഭാസ്‌കര്‍, ഭാര്യ ലക്ഷമി, മകള്‍ രണ്ട് വയസ്സുകാരി തേജസ്വി ബാല,കാര്‍ ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്.

അപകടവിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹൈവേ പൊലീസാണ് എല്ലാവരേയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ മകള്‍ മരിച്ചിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുദ്യോഗസ്ഥര്‍ പറയുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Top