ബാലഭാസ്‌ക്കറിനെ കൊന്നത് തന്നെ..!! കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അച്ഛന്‍ രംഗത്ത്

സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത ശക്തമാകുകയാണ്. ബാലഭാസ്‌ക്കറിനെ കൊന്നതാണെന്ന് ഉറപ്പിച്ച് പറയുകയാണ് അച്ഛനും മറ്റു ബന്ധുക്കളും. മരണത്തില്‍ സംശയിച്ചിരുന്ന ചിലര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിലും പ്രതികളായതോടെ അന്വേഷണം ശക്തമാക്കണമെന്നാണ് അച്ഛന്‍ ഉണ്ണിയുടെ ആവശ്യം. ബാലഭാസ്‌ക്കറിന് ഇത്തരത്തിലൊരു അപകടം സംഭവിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് അച്ഛന്‍.

‘അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സഹായം തേടിയിട്ടുണ്ടെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, സംശയങ്ങള്‍ക്കിടയാക്കുന്ന സാഹചര്യങ്ങള്‍ പരിശോധിക്കാനോ അത്തരം തെളിവുകള്‍ ശേഖരിക്കാനോ അന്വേഷണ സംഘം കൂട്ടാക്കിയിട്ടില്ല. ബാലുവാണ് വാഹനം ഓടിച്ചതെന്ന സാക്ഷിമൊഴികള്‍ ചൂണ്ടിക്കാട്ടി കേസ് തേച്ചുമായ്ച്ച് കളയാനുള്ള ശ്രമമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് നല്‍കിയ പരാതിയില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിലും നിര്‍ണായകമായ സൂചനകളൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിയാതെപോയത് എന്താണെന്ന കാര്യത്തില്‍ സംശയമുണ്ട്. അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉടന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണും’- റിട്ടയേര്‍ഡ് പോസ്റ്റല്‍ വകുപ്പ് ജീവനക്കാരനായ സി.കെ ഉണ്ണി ‘ഫ്‌ളാഷി’നോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട്ടെ ഒരു ഡോക്ടര്‍, ബാലുവിന്റെ ട്രൂപ്പില്‍ പ്രോഗ്രാം മാനേജരായിരുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇപ്പോള്‍ ഡി.ആര്‍.ഐയുടെ പിടിയിലായ പ്രകാശ് തമ്പി, ഈ കേസില്‍ ഒളിവില്‍ കഴിയുന്ന ഇയാളുടെ സുഹൃത്ത് വിഷ്ണു എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നതായി ഉണ്ണി വെളിപ്പെടുത്തി. ‘സ്വര്‍ണക്കടത്തും സംഭവങ്ങളുമെല്ലാം ബാലുവിന്റെ മരണത്തിന് ശേഷം സംഭവിച്ച കാര്യങ്ങളാണ്. ബാലഭാസ്‌കറിനെ അതിലേക്ക് ആരും വലിച്ചിഴക്കരുത്. സ്വര്‍ണ്ണക്കടത്ത് പുറത്താകുന്നതിനും മുമ്പേ ഇവരുടെ പേരുകള്‍ ഞാന്‍ പരാതിയില്‍ ആരോപിച്ചിരുന്നുവെന്നും ഉണ്ണി പറഞ്ഞു.

എല്ലാമെല്ലാമായിരുന്ന മകന്റെ മരണത്തില്‍ തളര്‍ന്നുകഴിയുന്ന പിതാവിന്റെ മനസിനെ നിരന്തരം വേട്ടയാടുന്ന സംശയങ്ങള്‍ പലതാണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിനെ അപായപ്പെടുത്തിയതാകാമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 25ന് ദേശീയപാതയില്‍ പള്ളിപ്പുറത്തുണ്ടായത് വെറും അപകട മരണമല്ല, അട്ടിമറിയാണെന്ന് ഉറച്ച് വിശ്വസിക്കാന്‍ സി.കെ ഉണ്ണി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ ഇവയാണ്:

ദീര്‍ഘദൂര യാത്രയില്‍ ബാലു വാഹനം ഓടിക്കാറില്ല.

തലേദിവസം വിളിക്കുമ്പോഴും തൃശൂരിലെ ക്ഷേത്ര ദര്‍ശനത്തിനുശേഷം അവിടെ തങ്ങുന്നുവെന്നാണ് പറഞ്ഞത്. പെട്ടെന്ന് തീരുമാനം മാറ്റി തിരുവനന്തപുരത്തേക്ക് തിരിച്ചതെന്തിന്

ബാലുവാണ് വാഹനം ഓടിച്ചതെങ്കില്‍ വാഹനത്തിന്റെ എയര്‍ബാഗ് പ്രവര്‍ത്തിച്ചിട്ടും കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതെങ്ങനെ

കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനം ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ അതേദിശയില്‍ അപകടത്തില്‍പ്പെടുന്നതിന് പകരം 90 ഡിഗ്രി ചരിഞ്ഞ് ദേശീയപാതയ്ക്ക് പടിഞ്ഞാറുഭാഗത്തെ മരത്തില്‍ ഇടിച്ചതെങ്ങനെ

സംഭവദിവസം ആശുപത്രിയില്‍ വച്ച് ‘ഞാന്‍ ഉറങ്ങിപ്പോയി എന്റെ കൈകൊണ്ട് ഇങ്ങനെ സംഭവിച്ചല്ലോ ‘ എന്ന് വെളിപ്പെടുത്തിയ ഡ്രൈവര്‍ അര്‍ജുന്‍ പിന്നീട് മൊഴി മാറ്റിയതെന്തിന്

അര്‍ജുനും ഉണ്ണിയും പ്രകാശ് തമ്പിയും തമ്മിലുള്ള ബന്ധം

ബാലുവിനേറ്റ പരിക്കിനെപ്പറ്റി ഡോക്ടര്‍ നല്‍കിയ വിവരം അന്വേഷിക്കേണ്ടതല്ലേ (പിന്‍ സീറ്റിലായിരുന്ന ബാലഭാസ്‌കര്‍ തെറിച്ച് മുന്നിലെ രണ്ട് സീറ്റുകള്‍ക്കും ഇടയില്‍ കുടുങ്ങുകയും തല ശക്തമായി ഇടിച്ച് തലയോട്ടി തകരുകയും ചെയ്തിട്ടുണ്ട്. തലച്ചോറിനും ക്ഷതമുണ്ട്. കഴുത്തിനേറ്റ ക്ഷതം സ്‌പൈനല്‍കോഡും തകര്‍ത്തു. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിന്റെ ഡയഫ്രം പൊട്ടി വയറ്റിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു. സീറ്റ് ബെല്‍റ്റിന്റെയോ എയര്‍ ബാഗിന്റെയോ സംരക്ഷണമില്ലാതെ പിന്‍സീറ്റില്‍ നിന്ന് തെറിച്ചതിനാലാണ് ഇത്തരത്തില്‍ പരിക്ക് സംഭവിക്കുന്നത്.)

കാര്‍ അപകടത്തില്‍പ്പെട്ടയുടന്‍ അവിടെ നിന്ന് രണ്ടുപേര്‍ ബൈക്കില്‍ കയറിപോകുന്നത് കണ്ടതായി ഒരു യാത്രക്കാരന്‍ നല്‍കിയ വിവരം. ഈ വിവരം ക്രൈംബ്രാഞ്ചിനെ അറിയിക്കാന്‍ ഈ യാത്രക്കാരനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മകന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് പൊലീസ് സഹായം തേടിയതെന്ന് ഉണ്ണി പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഇനി ഒന്നും ബാക്കിയില്ല. സുഖമില്ല. ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു ലോകത്ത് ജീവിക്കണമെന്നില്ല. പണത്തിനൊന്നും കൊതിയില്ല. ഇതൊന്നും വേണ്ടായിരുന്നു. അവനെ ഞങ്ങള്‍ക്ക് കിട്ടുമായിരുന്നു. പരാതി നല്‍കിയതിന്റെ പേരില്‍ മരിക്കേണ്ടി വന്നാല്‍ അതിനും ഭയമില്ല. മകന്റെ ഒരുഫോട്ടോ പോലും എനിക്ക് ഇന്ന് കാണാന്‍ വയ്യ.’ ചില്ലിട്ട് വയ്ക്കാമെന്ന് കരുതി പ്രിന്റെടുത്ത ഫോട്ടോ കവറില്‍ നിന്ന് പുറത്തെടുത്ത പിതാവ് മകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നെഞ്ചുപൊട്ടി വിതുമ്പി. ‘ടിവി ചാനലുകളിലെ റിയാലിറ്റി ഷോകള്‍പോലും ഇന്ന് കാണാനാകുന്നില്ല. അവന്റെ ചില രാഗങ്ങള്‍ കേള്‍ക്കുമ്പോള്‍ ദു:ഖം താങ്ങാനാകാതെ ചാനല്‍ മാറ്റുകയാണ് ഞാന്‍. എന്റെ മകന്‍ പോയി എന്നതിലുപരി നല്ലൊരു ആര്‍ട്ടിസ്റ്റിനെയാണ് നഷ്ടപ്പെട്ടത്. അതിന് ഉത്തരവാദികളെ ദൈവം വെറുതെ വിടില്ലെന്നും പിതാവ് പറയുന്നു.

Top