ഉയർന്ന പോളിംഗ് ആചാരാനുഷ്ഠാനങ്ങളിൽ വ്രണിത ഹൃദയരായ വീട്ടമ്മമാർ പ്രതികരിച്ചതോ? ബാലചന്ദ്രമേനോൻ എഴുതുന്നു

ഇലക്ഷൻ പ്രക്രിയയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംവിധായകൻ ബാലചന്ദ്രമേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വർദ്ധിച്ച പോളിംഗ് സ്തീകളുടെ ഇടപെടലാണെന്നും അദ്ദേഹം തൻ്റെ കുറിപ്പിൽ വിവരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഴുതിയേ പറ്റൂ എന്ന മനസ്സിന്റെ നിർബന്ധമാണ് ഈ കുറിപ്പിന് ആധാരം .

നാളെകഴിഞ്ഞാൽ അമേരിക്കയിലുള്ള മകൾ ഭാവനയുടെ വീട്ടിലേക്കു ഒന്ന് പോകണം എന്ന തീരുമാനമെടുക്കുമ്പോൾ ആദ്യം പരിഗണിച്ച കാര്യം ഏപ്രിൽ 23 ഇലക്ഷന് എന്റെയും ഭാര്യയുടെയും സമ്മതിദാനാവകാശം രേഖപ്പെടുത്തണം എന്നുള്ളത് തന്നെയായിരുന്നു.

ഒരു പൗരൻ എന്ന നിലയിൽ നമ്മിൽ അർപ്പിതമായിട്ടുള്ള ഭരണഘടനാവകാശം ഏതു വിധേനയും പ്രയോഗിക്കണം എന്ന് തന്നെ തീരുമാനിച്ചിരിക്കുമ്പോൾ എന്റെ സരസനായ ഒരു സുഹൃത്ത് മൊബൈലിൽ വിളിക്കുന്നു . പേര് ഞാൻ മനഃപൂർവ്വം മറയ്ക്കുകയും വിളിച്ച ആൾ നല്ല “ഫോമിലായിരുന്നു ” എന്ന സത്യം വെളിവാക്കുകയും ചെയ്യുന്നു .

“നിങ്ങടെ വോട്ട് എവിടാ ?”
“എറണാകുളത്താ …”
” വോട്ടു ചെയ്യാൻ പോകുന്നുണ്ടോ ?”
“പിന്നെ …പോകണ്ടേ ?”
” എന്തിനു? നിങ്ങൾക്ക് വേറെ പണിയില്ലേ സുഹൃത്തെ ? നിങ്ങൾ വോട്ടു ചെയ്തത് കൊണ്ട് എന്ത് പ്രയോജനം ഉണ്ടാകുമെന്ന കരുതുന്നെ ? അല്ലെങ്കിൽ , നിങ്ങൾ നാളെ ഒരാൾ വോട്ടു ചെയ്തില്ല എന്ന് വെച്ചോ .ഇവിടെ എന്ത് തേങ്ങാക്കൊലയാ സംഭവിക്കുന്നെ?’
ഞാൻ നിശ്ശബ്ദൻ .
“കേൾക്കുന്നില്ലേ ?”
“ഉണ്ട് ഉണ്ട് പറഞ്ഞോ ..”
” ഞാൻ രണ്ടെണ്ണം വീശിയിട്ടുണ്ട് പക്ഷെ പറയുന്നതൊക്കെ ഒരു ഇന്ത്യൻ പൗരന്റെ ന്യായമായ ആവലാതികളാ . നിങ്ങൾ ആർക്കാ കുത്താൻ പോകുന്നത് എന്ന് ഞാൻ ചോദിക്കുന്നില്ല . പക്ഷെ ഒന്ന് ചോദിക്കട്ടെ ..ആർക്കു കുത്തീട്ട് എന്താ കാര്യം ? ഇലക്ഷൻ കഴിഞ്ഞാൽ ഇവര് അളിയനും മച്ചമ്പിയും ആകും ..അത് അവരുടെ രീതിയാ …തങ്ങൾക്കു അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ രാഷ്ട്രീയ സദാചാരമൊക്കെ മറന്ന് അവർ വോട്ടു മറിക്കും. ഞാനും കുറേനാൾ സിന്ദാബാദ് വിളിച്ചു ഇവമ്മാരുടെയൊക്കെ പിറകെ നടന്നവനാ …ഇവര് ഭരണപക്ഷവും പ്രതിപക്ഷവും കളിച്ചു ജോളിയായിട്ടു അടിച്ചു പൊളിച്ചു ജീവിക്കുകയല്ലേ ….പാവം ജനം എന്ന കഴുത വെയിലും മഴയും കൊണ്ട് പോലീസിന്റെ അടീം കുത്തും ഏറ്റു അകാല വാർധക്യം ബാധിച്ചു ചാവും . ചത്താൽ അവന്റെ ഫോട്ടോക്കു ജാതീം മതോം രാഷ്ട്രീയവുമൊക്കെ വരും . അവനു പുഷ്പ്പാർച്ചന നടത്താൻ അങ്ങ് ഡെൽഹീന്നു അണ്ണമ്മാര് വരും . എല്ലാം നഷ്ട്ടപ്പെട്ട തന്തേം തള്ളേം ഒരു ഉളുപ്പുമില്ലാതെ കെട്ടിപ്പിടിച്ചു ഇവന്മാര് ക്യാമറക്കു നേരെ ഇളിക്കും …

ഇവമ്മാര് മതേതരത്വം പറയും . ഇലക്ഷൻ അനൗൺസ് ചെയ്‍താൽ ആ നിമിഷം മുതൽ അമ്പലവും ആശ്രമവും ബിഷോപ്പിന്റെ അരമനകളും മദ്രസകളും നിരങ്ങുക എന്നതാണ് ഇവമ്മാരുടെ പ്രധാന പണി .ഇതൊക്കെ അടുത്തറിഞ്ഞ എനിക്ക് എന്റെ വിരലിൽ മഷി കുത്താൻ മനസ്സു സമ്മതിക്കുയില്ല . അതുകൊണ്ട് നാളെ എന്റെ സമയം ഞാൻ പാഴാക്കുകില്ല . ഞാനും എന്നെപ്പോലെ ചിന്തിക്കുന്ന നാലഞ്ചു പേരും കൂടി ഒരു റിസോർട്ടിൽ ഒത്തുകൂടി ആഘോഷിക്കും …വോട്ടു ചെയ്യുന്ന നിർഭാഗ്യവാന്മാരെ ഓർത്ത് പരിതപിക്കും .അപ്പോ എന്റെ സുഹൃത്ത് പോയി വിരലൊക്കെ ചീത്തയാക്കു …ഹ ഹ ഹ ഗുഡ് നൈറ്റ് …”

കാര്യം വെള്ളപ്പുറത്തു തോന്നിയ ധാർമ്മികരോഷമായിരുന്നുവെങ്കിലും സ്നേഹിതന്റെ വാക്കുകൾ എന്റെ മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കി . അയാൾ പറഞ്ഞത് മുഴുവൻ തള്ളിപ്പറയാനും കഴിയുന്നില്ല .എന്നാലും ഈ ചിന്ത കാട്ടു തീ പോലെ ജനമനസ്സുകളിൽ ആളിക്കത്തിയാൽ നമ്മുടെ നാടിന്റെ ഭദ്രത എന്താകും ? അല്ലെങ്കിൽ തന്നെ ദിവസവും കേട്ടുണരുന്ന വാർത്തകൾ ഒക്കെ തന്നെ കലികാല വിശേഷം എന്ന രീതിയിൽ ആൾക്കാർ ചവച്ചിറക്കുകയാണ് . ഒരു ഭാഗത്തു സ്ത്രീപീഡനത്തിന്റെ കദനകഥകൾ പ്രചരിക്കുമ്പോൾ മറുഭാഗത്ത് സ്വന്തം കുഞ്ഞിനെ കാമുകൻ നിലത്തിടിച്ചു കൊല്ലുന്നതു കണ്ടു നിൽക്കുന്ന അമ്മ എന്ന സ്ത്രീയെയും നാം കാണുന്നു. മനസ്സുമടുത്തു ജനം ഇലക്ഷൻ ബഹിഷ്‌ക്കരിച്ചാലും അത്‍ഭുതമില്ല . ജനത്തിനു പ്രതികരിക്കാനുള്ള ഏക വഴി അതാണല്ലോ .

ഈ വക ചിന്തകളോടെയാണ് ഞാൻ രാവിലെ ഏഴുമണിക്ക് തന്നെ പോയി വോട്ടു ചെയ്തത് .. ഒരു ചെറിയ ക്യു അപ്പോൾ ഉണ്ടായിരുന്നു . എന്റെ ഉള്ളിലെ ഉൽക്കണ്ഠ കാരണം ടിവിയിലെ ന്യൂസ് ബുള്ളറ്റിനുകൾ ഞാൻ മാറി മാറി കണ്ടപ്പോഴാണ് എന്റെ മനസ്സ് ശാന്തമായതു ..പോളിങ് കൊള്ളാമെന്നല്ല മുൻപൊന്നും കാണാത്ത രീതിയിലുള്ള ഒരു ഉന്മേഷം ആൾക്കാർക്ക് വോട്ടു ചെയ്യാൻ. രസകരമായ മറ്റൊരു സംഗതി എണ്ണത്തിൽ കൂടുതൽ സ്ട്രീകൾ ആണെന്നുള്ളതാണ് . പ്രായമായ സ്ത്രീകൾ പലരും വോട്ടു മെഷീൻ തകരാറായതുകൊണ്ടു മണിക്കൂറുകൾ കാത്തു നിൽക്കേണ്ടിവന്നു . വീണ്ടും വൈകിയപ്പോൾ അവർ വീട്ടിലി പോയി അവിടുത്തെ കാര്യങ്ങൾ സ്വരൂപിച്ചതിനു ശേഷം തിരിച്ചു വന്നു വോട്ടു ചെയ്തു എന്ന് കേട്ടപ്പോൾ എന്റെ സ്നേഹിതന്റെ വാക്കുകൾ എന്റെ മനസ്സിൽ നിറച്ച ഇരുട്ട് വെട്ടത്തിനു വഴിമാറി .ഞാനിതു എഴുതുന്ന 10 മണി നേരത്തും പല ബൂത്തുകളിലും വോട്ടിങ് നടക്കുന്നു എന്ന് ടീവിയിൽ കാണുന്നതും സന്തോഷകരം 6 മണിക്ക് തീരേണ്ടതായിട്ടും അത് വകവെയ്ക്കാതെ ജനാധിപത്യത്തിന്റെ കെടാവിളക്ക് അണയാതെ സൂക്ഷിക്കാൻ സന്നദ്ധത കാണിച്ച ബഹുജനങ്ങളോടുള്ള ആദരവ് ഞാൻ പ്രകടിപ്പിക്കുന്നു .

ഒപ്പം ഉള്ളിൽ ഒരു ഭീതിയും . പതിവിൽ കവിഞ്ഞ ഈ ഉത്സാഹം കാണുമ്പോൾ അതും സ്ത്രീജനകളുടെ ഭാഗത്തു നിന്ന് കാണുമ്പോൾ മെയ് 23 വരാൻ പോകുന്ന ഫലവിവരം നമ്മുടെയൊക്കെ സ്വകാര്യമായ കണക്കുകൂട്ടലുകളെയും എക്സിറ് പ്രവചനകളെയും ഒക്കെ തകിടം മറിക്കുമോ ? ഓരോ മുന്നണിയും അതു തങ്ങൾക്കുള്ള ക്ലീൻചിറ്റ് ആണെന്ന് പറഞ്ഞു ആശ്വസിക്കുന്നുണ്ട് . എന്റെ പേടി അതല്ല ,
എന്റെ സ്നേഹിതൻ പ്രകടിപ്പിച്ച ധാർമ്മികരോഷത്തിനു മറുമരുന്നായി മലയാളി മനസ്സ് തയ്യാറെടുക്കുകയാണോ ? പ്രതേകിച്ചും ആചാരാനുഷ്ഠാനങ്ങളിൽ വ്രണിത ഹൃദയരായ ഇന്നാട്ടിലെ വീട്ടമ്മമാർ ? അറിയില്ല .

വോട്ടു കഴിഞ്ഞപ്പോൾ എന്നെ സമീപിച്ച ഒരു ചാനലിനോട് ഞാൻ പറഞ്ഞു :
” വോട്ടു ചെയ്യുമ്പോൾ സ്ഥാനാർത്ഥിയുടെ കഴിവും മിഴിവും മാത്രം നോക്കുക .അവരെ നാം നമ്മുടെ രാജ്യം ഏൽപ്പിക്കുകയാണ് …മറ്റു പരിഗണകളൊക്കെ പിന്നീട് ..”
ഇത്തവണത്തെ ഈ ബഹുജന മുന്നേറ്റം അതിനു വഴിയൊരുക്കട്ടെ …

that’s ALL your honour!

Top