
കൊച്ചി: മലയാളം അറിയാത്തവരാണ് മലയാള സിനിമയിലെ യുവ താരരാജാക്കളെന്ന് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഇവരുടെ കൈകളിലാണ് ഇന്നു മലയാള സിനിമയെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്. മലയാള സിനിമയില്‍ പുതുതലമുറയിലെ പല അഭിനേതാക്കള്‍ക്കും തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥയാണ്. മലയാളം അറിയാത്തവരാണ് മലയാള സിനിമയിലെ യുവ താരരാജാക്കള്‍ ചുള്ളിക്കാട് പറഞ്ഞു.
60 വയസ്സ് പൂര്‍ത്തിയാക്കിയ ചുള്ളിക്കാടിനെയും സപ്തതി ആഘോഷിക്കുന്ന എസ് രമേശന്‍ നായരെയും ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് എസ് എന്‍ സ്വാമി അധ്യക്ഷനായി. ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയവരെ അനുമോദിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സജീവ് പാഴൂര്‍, മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ എം എ നിഷാദ്, മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ എസ് ഹരീഷ് എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങി.