ഇടത് മുന്നണി പ്രവേശനത്തിന് പിന്നാലെ സര്‍ക്കാരിനെ വെട്ടിലാക്കി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് മുന്‍ മന്ത്രി ആവശ്യപ്പെട്ടു. കുടുംബത്തില്‍ പിറന്ന യുവതികള്‍ ശബരിമലയില്‍ പോകില്ല. ഇതുവരെ പോയവര്‍ ആക്ടിവിസ്റ്റുകളും ചുംബനസമരക്കാരുമാണ്.
സര്‍ക്കാരിന് എന്‍എസ്എസുമായി ചര്‍ച്ച നടത്താമായിരുന്നു. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നും കേരള കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കേരള കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. താന്‍ എന്‍എസ്എസില്‍ തുടരുമെന്നും വനിതാ മതിലില്‍ കരയോഗത്തിലെ അംഗങ്ങളും പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
അയ്യപ്പജ്യോതിയെ പിന്തുണച്ചതില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ബാലകൃഷ്ണപിള്ള രൂക്ഷ വിമര്‍ശനമുന്നയിച്ചു. ന്‍എസ്എസിന്റെ സമദൂര നിലപാട് മാറ്റാനാകില്ല. സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആവാം. ചട്ടമ്പിസ്വാമിയുടേയും കെ കേളപ്പന്റേയും മന്നത്തിന്റേയും പാരമ്പര്യം എന്‍എസ്എസ് നേതൃത്വം മറക്കരുതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസുമായി നല്ല ബന്ധമാണെന്നും അയ്യപ്പജ്യോതി തെളിയിക്കുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്നുമായിരുന്നു ബാലകൃഷ്ണപിള്ള ഉച്ചയ്ക്ക് പറഞ്ഞത്. ബിജെപിയും കര്‍മ്മസമിതിയും ഇന്ന് നടത്തുന്ന അയ്യപ്പജ്യോതിക്ക് പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് അയ്യപ്പന്റെ മുമ്പില്‍ വിളക്ക് കൊളുത്തുന്നതിന് പിന്തുണ ഇല്ലെന്ന് ആരെങ്കിലും പറയുമോ എന്നായിരുന്നു ബാലകൃഷ്ണപിളളയുടെ മറുപടി.
അത് ബിജെപിയുടെ പരിപാടിയാണ്. അതില്‍ തങ്ങളാരും ഇല്ല. അതുമായി യാതൊരു ബന്ധവുമില്ല. അല്ലാതെ തങ്ങളുടെ വീടുകളില്‍ അയ്യപ്പന്റെ പടംവെച്ച് വിളക്ക് കൊളുത്തും. ഇന്നലെ വരെയും കൊളുത്തിയിട്ടുണ്ട്. ഇന്നും കൊളുത്തുമെന്നും ബാലകൃഷ്ണപിളള വിശദമാക്കി.