ബാലകൃഷ്ണപ്പിള്ളക്ക് വീണ്ടും പണികിട്ടി,ഗണേശന് മാത്രമേ സീറ്റ് നല്‍കാനാകൂ എന്ന് സിപിഎം കൊല്ലം ജില്ല കമ്മറ്റി, പിള്ളയുടെ എംഎല്‍എ സ്വപ്നം പൊലിയുന്നു.

കൊല്ലം: ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസിന് ഇടതുമുന്നണിയില്‍ എടുക്കാന്‍ സാധ്യതയില്ല. എന്നാല്‍ മുന്നണിയുമായി പിള്ളയെ സഹകരിപ്പിക്കുകയും ചെയ്യും. ഇടതുമുന്നണിയില്‍ പിള്ള ഗ്രൂപ്പിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. സിറ്റിങ് സീറ്റായ പത്തനാപുരം നല്‍കി ഇടതുമുന്നണിക്കൊപ്പം നിറുത്താനാണ് നീക്കമെന്നറിയുന്നു.


കാലങ്ങളായി താന്‍ മത്സരിക്കുന്ന കൊട്ടാരക്കരകൂടി വേണമെന്ന നിലപാടില്‍ ആര്‍.ബാലകൃഷ്ണപിള്ള ഉറച്ചു നില്‍ക്കുകയാണ്. ഇനി എന്തുവന്നാലും യു.ഡി.എഫിലേക്കില്ലെന്നാണ് പിള്ളഗ്രൂപ്പിന്റെ ഉറച്ച നിലപാട്. ഇനിയുള്ളകാലം എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം. എന്നാല്‍, എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ ഫോര്‍വേഡ് ബ്‌ളോക്ക് അടക്കം പത്തോളം പാര്‍ട്ടികള്‍ ക്യൂവിലാണ്. അതില്‍ പിന്നറ്റത്താണ് പിള്ള. പ്രത്യേക സാഹചര്യത്തില്‍ മുന്നണിക്ക് പുറത്തു നിന്ന് പിന്തുണയ്ക്കട്ടേ എന്നാണ് സിപിഐ(എം) നിലപാട്. അതായത് ഇടത് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് ഗണേശ് കുമാറിന് മത്സരിക്കാന്‍ അവസരം. കൊട്ടാരക്കരയില്‍ നിന്ന് ഒരിക്കല്‍ക്കൂടി നിയമസഭയിലെത്തണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് തവണയും കൊട്ടാരക്കരയില്‍ വിജയിച്ചത് സിപിഎമ്മിലെ ഐഷാപോറ്റിയാണ്. ആദ്യവട്ടം പിള്ളയെതന്നെ തോല്‍പ്പിച്ചാണ് വിജയിച്ചതെങ്കില്‍ രണ്ടാം തവണ പിള്ള ജയിലിലായിരുന്നു. ജയിലില്‍ കിടന്ന് മത്സരിക്കാന്‍ പിള്ള ആലോചിച്ചിരുന്നുവെങ്കിലും ഒടുവില്‍ വിശ്വസ്തനായ ഡോ. എന്‍.എം മുരളിയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കി. അതിലും തോറ്റു.


 നിലവില്‍ സിപിഎമ്മിന്റെ ഉറച്ച സീറ്റാണ് കൊട്ടാരക്കര. അത് പിള്ളയ്ക്ക വിട്ടുകൊടുക്കേണ്ടെന്നാണ് സിപിഐ(എം) തീരുമാനം.ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റുകള്‍ മറ്റാര്‍ക്കും നല്‍കേണ്ടെന്നാണ് സിപിഐ(എം) തീരുമാനം. അതിനിടെ ഇരവിപുരം, കുണ്ടറ സീറ്റുകളില്‍ ഏതിലെങ്കിലും ഒന്ന് തരപ്പെടുത്താനും പിള്ള ശ്രമിക്കുന്നതായി സൂചനയുണ്ട്. കുണ്ടറ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് നിയമസഭാംഗം. കൊല്ലം പാര്‍ലമെന്റില്‍ മത്സരിച്ച് തോറ്റപ്പോള്‍ കുണ്ടറയിലെ നിയമസഭാംഗത്വം രാജിവയ്ക്കാന്‍ ബേബി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിഅദ്ദേഹത്തെ പിന്തിരിപ്പിച്ചു. ബേബി വീണ്ടും അവിടെ മത്സരിക്കാന്‍ സാധ്യതയില്ല.


ക്രൈസ്തവ വോട്ടുകള്‍ ഏറെയുണ്ടായിരുന്ന കുണ്ടറ മണ്ഡലം പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് നായര്‍വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലമായി മാറിയിട്ടുണ്ട്. മുസ്ലിം വോട്ടര്‍മാര്‍ക്ക് സ്വാധീനമുണ്ടായിരുന്ന ഇരവിപുരവും മണ്ഡലം പുനര്‍നിര്‍ണയത്തോടെ ഏറെ മാറിയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരവിപുരം ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഇടതുമുന്നണിക്ക് യു.ഡി.എഫിനെക്കാള്‍ 20,000 വോട്ട് അധികം ലഭിച്ചിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ ഹിന്ദുവോട്ടുകള്‍ കൂടാതെ മുസ്ലിം വോട്ടുകളും നേടാമെന്ന കണക്കുകൂട്ടലിലാണ് പിള്ള.എന്നാല്‍ ഈ സീറ്റുകളൊന്നും പിള്ളയ്ക്ക് നല്‍കാന്‍ സിപിഐ(എം) തയ്യാറല്ല. ഈ സാഹചര്യത്തില്‍ ഒരു സീറ്റ് കൊണ്ട് പിള്ളാ ഗ്രൂപ്പിന് തൃപ്തിപ്പെടേണ്ടി വരും. 
Top