ബംഗളൂരു സ്ഫോടന കേസ്: മഅ്ദനിക്കെതിരായ ഒരു സാക്ഷി കൂടി കൂറുമാറി

ബെംഗളൂരൂ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരായി മുമ്പ് മൊഴി നല്‍കിയ പ്രധാന സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്.പൊലീസ് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയില്‍ പറഞ്ഞു. സ്ഫോടന കേസില്‍ കുടുക്കുമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍െറ ഭീഷണി. മഅ്ദനിയെ നേരില്‍ കണ്ടിട്ടില്ല. ആദ്യമായി കാണുന്നത് കോടതിയില്‍ വെച്ചാണ്. അന്വേഷണ സംഘം ബലമായി ഇംഗ്ളീഷില്‍ എഴുതിയ ഏതാനും ചില പേപ്പറുകളില്‍ ഭീഷണിപ്പെടുത്തി ഒപ്പിട്ടുവാങ്ങിയെന്നും റഫീഖ് മൊഴി നല്‍കി.മടിക്കേരിയിലെ ലക്കേരി എസ്റ്റേറ്റില്‍ ബെംഗളൂരു സ്‌ഫോടനക്കേസില്‍ ഒന്നാംപ്രതിയായ തടിയന്റവിട നസീര്‍ സംഘടിപ്പിച്ച തീവ്രവാദ ക്യാമ്പില്‍ മഅദനിയെ കണ്ടുവെന്നായിരുന്നു റഫീഖിന്റെ മുന്‍ മൊഴി. എന്നാല്‍ ഇത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പൊലീസ് പറയിപ്പിച്ചതാണെന്നും താന്‍ കോടതിയില്‍ വച്ചാണ് മഅദനിയെ ആദ്യം കാണുന്നതെന്നും റഫീഖ് ഇന്ന് വിചാരണ കോടതിയെ അറിയിച്ചു.
മഅ്ദനി താമസിച്ചിരുന്ന വാടക വീടിന്‍െറ ഉടമസ്ഥനും മലയാളിയുമായ ജോസ് വര്‍ഗീസ് കഴിഞ്ഞ ദിവസം മഅദനിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു. അതേസമയം, പ്രഭാകരന്‍ എന്ന മറ്റൊരു സാക്ഷി മഅ്ദനിക്കെതിരായ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്.
കുടകിലെ ഇഞ്ചി തോട്ടത്തില്‍ ബംഗളൂരു സ്ഫോടന ഗൂഢാലോചനക്കായി മഅ്ദനി കാറിലെത്തിയത് കണ്ടെന്നാണ് റഫീഖ് നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താരം പൂര്‍ത്തിയാവാനുണ്ട്.
പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ വിസ്താരം പുരോഗമിക്കുന്നതിനിടെയാണ് ബംഗളൂരു സിറ്റി സിവില്‍ കോടതി കോംപ്ളക്സിലെ എന്‍.ഐ.എ കോടതിയിലേക്ക് വിചാരണ മാറ്റിയത്. സ്ഫോടന കേസില്‍ ബാക്കിയുള്ള 90 സാക്ഷികളുടെ വിസ്താരം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ സീതാറാം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ജൂലൈ 21ന് തുടങ്ങിയ സാക്ഷിവിസ്താരം സെപ്റ്റംബര്‍ 29നകം പൂര്‍ത്തിയാക്കുമെന്നാണ് പ്രോസിക്യൂഷന്‍ തീരുമാനം. മഅ്ദനിക്കെതിരായ കേസ് നാലു മാസത്തിനകം തീര്‍ക്കണമെന്ന് 2014 നവംബര്‍ 14ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Top