ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്.
സഹോദരിക്കൊപ്പം ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‍ക്കൊപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെന്നും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഷെയ്ക് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഷെയ്ക് ഹസീന ബെലറൂസിലേക്ക് പോയെന്ന് ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഭരണവിരുദ്ധ കലാപത്തില്‍ ഇന്നലെ മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്. ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ബംഗ്ലാദേശ് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.