
കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. എസ്പിയുടെ റിപ്പോര്‍ട്ടില്‍ ഇടപെട്ട വിജിലന്‍സ് ഡയറക്ടറുടെ നടപടി ശരിയായില്ലെന്നും ഇത് വിജിലന്‍സ് മാനുവലിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയെ ചോദ്യം ചെയ്ത് വിജിലന്‍സ് എഡിജിപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസ് പരിഗണിച്ച ജസ്റ്റീസ് കമാല്‍ പാഷ രൂക്ഷ വിമര്‍ശമുന്നയിച്ചത്.വിജിലൻസ് വകുപ്പിന് എതിരെ കോടതി എന്താണ് പറഞ്ഞിട്ടുള്ളതെന്ന് ഹൈകോടതി ചോദിച്ചു. വിധിക്കെതിരെ അപ്പീൽ നൽകാൻ വകുപ്പിന് എന്താണ് അധികാരമെന്നും ജസ്റ്റിസ് ബി. കെമാൽപാഷ ആരാഞ്ഞു.
വിജിലൻസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണ റിപ്പോർട്ട് സൂക്ഷ്മപരിശോധന നടത്താൻ വകുപ്പ് ഡയറക്ടർക്ക് അധികാരമുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് ബാർ കോഴ കേസിലെ അന്വേഷണ റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിച്ചതെന്നും എ.ഡി.ജി.പി ചൂണ്ടിക്കാട്ടി. എന്നാൽ, എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണത്തിൽ പരിധിവിട്ട ഇടപെടലുകൾ നടത്താൻ ഡയറക്ടർക്ക് അധികാരമില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
എ.ജി എന്തിനാണ് വിജിലൻസിന് വേണ്ടി ഹാജരായതെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. വിജിലൻസ് സംസ്ഥാന സർക്കാറിന്‍റെ കീഴിലെ ഒരു വകുപ്പാണെന്നും അതിനാൽ കോടതിയിൽ ഹാജരാകാൻ അധികാരമുണ്ടെന്നും എ.ജി കോടതിയെ അറിയിച്ചു. അന്തിമ റിപ്പോർട്ട് പരിശോധിച്ച് തീരുമാനം എടുക്കുന്നതിന് പകരം വസ്തുതാ അന്വേഷണ റിപ്പോർട്ടും കേസ് ഡയറി പോലുള്ള രേഖകളും പരിശോധിച്ചാണ് വിജിലൻസ് കോടതി ഡയറക്ടർക്കെതിരെ പരാമർശം നടത്തിയതെന്നും എ.ജി മറുപടി നൽകി.
ബാറുടമകൾ പണവുമായി എന്തിനാണ് മന്ത്രിയുടെ വസതിയിൽ പോയതെന്ന് കോടതി ചോദിച്ചു. പണം കൊണ്ടു പോയതായി പറയുന്നു. എന്നാൽ, പണം വാങ്ങിയതായി പറയുന്നില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
വിജിലൻസ് കോടതി വിധിക്കെതിരെ ഹൈകോടതി സ്റ്റേ അനുവദിച്ചില്ല. ഹരജികളിൽ അന്തിമവാദവും വിധിയും തിങ്കളാഴ്ച നടക്കും.
ധനമന്ത്രി കെ.എം മാണി ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയതിന് തെളിവുണ്ടെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി നേരത്തെ വ്യക്തമാക്കിയത്. മാര്‍ച്ച് 22ലെയും ഏപ്രില്‍ രണ്ടിലെയും കൂടിക്കാഴ്ചയില്‍ മാണി പാലായില്‍വെച്ച് കോഴ വാങ്ങിയിരുന്നുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. രേഖകളും കണ്ടെത്തലുകളും ഇതു ശരിവെക്കുന്നുവെന്നും വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ പ്രസ്താവിച്ചത്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്.പി സുകേശന്‍റെ കണ്ടെത്തലുകളും ഹാജരാക്കിയ രേഖകളും മാണി കോഴ വാങ്ങിയത് ശരിവെക്കുന്നതായും കോടതി വ്യക്തമാക്കിയിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മാണിയെ കുറ്റവിമുക്തനാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കത്തില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.