തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ ഹാജരായതിന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഫീസായി നല്‍കിയത് 35.10 ലക്ഷം രൂപ. സിബലിന്റെ ജൂനിയറായ നിസാമുദ്ദീന്‍ പാഷയ്ക്ക് രണ്ടുലക്ഷം രൂപയും നല്‍കി.
2015-ല്‍ ഈ ഫീസിനെക്കുറിച്ച് അറിയാന്‍ വിവരാവകാശനിയമപ്രകാരം അപേക്ഷിച്ചെങ്കിലും വിജിലന്‍സ് ഡയറക്ടറുടെ ഓഫീസ് നല്‍കിയില്ല. ഇതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കി മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം. പോളാണ് വിവരം നല്‍കാന്‍ ഉത്തരവിട്ടത്. വിവരം നിഷേധിച്ച വിജിലന്‍സ് ഡയറക്ടര്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരേ നടപടിവേണമെന്നും ഉത്തരവിലുണ്ട്.
ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരേ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് വിജിലന്‍സിനുവേണ്ടി ഹൈക്കോടതിയില്‍ കപില്‍ സിബല്‍ ഹാജരായത്.ഇതുസംബന്ധിച്ച വിവരം പരമരഹസ്യ വിഭാഗത്തില്‍പ്പെടുമെന്നതിനാല്‍ നല്‍കാനാവില്ലെന്ന് വിജിലന്‍സ് ഡയറക്ടറുടെ ഓഫീസ് നിലപാടെടുത്തു. പകരം, അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനെ സമീപിക്കാനും അപേക്ഷകനോട് നിര്‍ദേശിച്ചു. ഇതാണ് മുഖ്യ വിവരാവകാശ കമ്മിഷണര്‍ തള്ളിയത്.