മാണിയെ ഭാവിയില്‍ അനുനയിപ്പിച്ചു തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് യുഡിഎഫ് ധാരണ

Mani

തിരുവനന്തപുരം: പാര്‍ട്ടിയെയും നേതാക്കളെയും അപമാനിച്ച് ഇറങ്ങി പോയ കെഎം മാണിക്കായി യുഡിഎഫിന്റെ വാതില്‍ ഇപ്പോഴും തുറന്നു കിടക്കുകയാണ്. മാണിയെ ഭാവിയില്‍ അനുനയിപ്പിച്ചു തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കണമെന്നു യുഡിഎഫ് നേതൃയോഗത്തില്‍ ധാരണ.

മാണി മുന്നണി വിട്ടതായിത്തന്നെ കരുതുന്നില്ലെന്നും തെറ്റിദ്ധാരണകളുടെ പുറത്ത് അവരെടുത്ത തീരുമാനം പുനഃപരിശോധിക്കും എന്നാണു കരുതുന്നതെന്നും യോഗശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും വ്യക്തമാക്കി. മാണി യുഡിഎഫ് വിട്ടതിലെ മുന്നറിയിപ്പ് ഉള്‍ക്കൊണ്ടു ഘടകകക്ഷികളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസ് ഈ മാസം 19നും 23നുമായി അവരുമായി പ്രത്യേക ചര്‍ച്ച നടത്തും. 19ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം ചേരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

21, 22 തീയതികളില്‍ എല്ലാ ജില്ലകളിലും യുഡിഎഫ് നേതൃയോഗം നടക്കും. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെ 30നു ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. സെപ്റ്റംബര്‍ ഒന്നിനു വീണ്ടും യുഡിഎഫ് നേതൃയോഗം ചേര്‍ന്നു ഭാവിപരിപാടികള്‍ നിശ്ചയിക്കും. ഒരു ഘട്ടം കഴിഞ്ഞാല്‍ മാണിയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന വികാരം യോഗത്തില്‍ ഉണ്ടായി. തുടര്‍ന്നാണു വാതിലുകള്‍ തുറന്നുകിടക്കുന്നു എന്ന സൂചന മാണിക്കു നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചത്. മാണിയുടെ പ്രഖ്യാപനത്തിനു ശേഷം ചേര്‍ന്ന ആദ്യ മുന്നണി യോഗം തന്നെ അദ്ദേഹത്തോട് അനുനയത്തിനു മുതിര്‍ന്നതും ശ്രദ്ധേയമായി.

34 വര്‍ഷം മുന്നണിയിലുണ്ടായിരുന്ന പാര്‍ട്ടി മതിയായ കാരണങ്ങള്‍ പറയാതെ ബന്ധം വിട്ടപ്പോള്‍ അതേ നിലയ്ക്കുള്ള പ്രതികരണങ്ങള്‍ തന്റെയടക്കം ഭാഗത്തുനിന്ന് ഉണ്ടായെന്നു ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇത്രയും കാലം ഒരുമിച്ചുറങ്ങിയവരെ പെട്ടെന്നു തള്ളിപ്പറയേണ്ട എന്നാണു കൂട്ടായ തീരുമാനം. തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിട്ടില്ല. അവരുമായി ചര്‍ച്ചയും ആലോചിച്ചിട്ടില്ല. എന്നാല്‍ തിരിച്ചുവരാനുള്ള ചിന്ത അവരുടെ ഭാഗത്തു നിന്നുണ്ടായാല്‍ ഭാവിയില്‍ അക്കാര്യം തീര്‍ച്ചയായും ആലോചിക്കുംരമേശ് വിശദീകരിച്ചു. ഇതു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ദൗര്‍ബല്യമല്ലേ എന്ന ചോദ്യം പ്രതിപക്ഷ നേതാവ് തള്ളി. ഇതു യുഡിഎഫിന്റെ ശക്തിയാണ്.

ഇവിടെ വലുപ്പച്ചെറുപ്പങ്ങളില്ല. എല്ലാ കക്ഷികള്‍ക്കും തുല്യ പരിഗണനയാണ്. മതിയായ ഒരു കാരണവും ബോധ്യപ്പെടുത്താതെയാണു മാണി പോയത്. രാഷ്ട്രീയത്തില്‍ ചില കക്ഷികള്‍ക്ക് അത്തരം തീരുമാനങ്ങളെടുക്കേണ്ടിവന്നേക്കാം. എന്നാല്‍ അവര്‍ മുന്നണിയില്‍ നിന്നു പുറത്തു പോകണമെന്ന അഭിപ്രായം യുഡിഎഫിലെ ഒരു കക്ഷിക്കുമില്ല. കോണ്‍ഗ്രസിനെയും മുന്നണിയെയും തള്ളിപ്പറഞ്ഞു പുറത്തുപോയ പാര്‍ട്ടിയോട് എന്തുകൊണ്ട് ഈ സമീപനം എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്നു രമേശ് ഒഴിഞ്ഞുമാറി.

നിങ്ങള്‍ എത്ര ചോദിച്ചാലും ഇതില്‍ കൂടുതല്‍ പറയാനില്ല. ഇതു യുഡിഎഫ് കൂട്ടായി എടുത്ത തീരുമാനമാണ്. സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടാല്‍ ആരും നോക്കും എന്നതു മാണി പറഞ്ഞാലും താന്‍ പറഞ്ഞാലും സത്യമാണ് എന്നു ചോദ്യത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. മാണി പോയതിന്റെ പേരില്‍ യുഡിഎഫ് തകരുമെന്നു സിപിഎം മനക്കോട്ട കെട്ടേണ്ട. തിരഞ്ഞെടുപ്പിലെ ജനപിന്തുണ ഇതിനകം എല്‍ഡിഎഫിനു നഷ്ടമായി. വിവരാവകാശ നിയമത്തിന്റെ അന്തഃസത്ത തന്നെ തകര്‍ക്കുകയാണു സിപിഎം. വിലക്കയറ്റത്തിനെതിരെ വിപണിയില്‍ ഇടപെടുന്നതിലും പരാജയപ്പെട്ടു. നന്മ സ്റ്റോറുകള്‍ പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

Top