മാണിയേയും ലീഗിനേയും പരിഹസിച്ച് വെള്ളാപ്പള്ളി:വികസനം മലപ്പുറത്തും കോട്ടയത്തും മാത്രം

 

കാസര്‍ഗോഡ്‌: സാമൂഹികനീതി എന്ന മുദ്രാവാക്യമുയര്‍ത്തി എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്രയ്‌ക്കു കാസര്‍ഗോട്ട്‌  തുടക്കം.ഉഡുപ്പി പേജാവര്‍ മഠാധിപതി വിശേ്വശ്വരതീര്‍ത്ഥ ഭദ്രദീപം കൊളുത്തി യാത്ര ഉദ്‌ഘാടനം ചെയ്‌തു. പേജാവര്‍ മഠാധിപതി വിശ്വേശ്വരതീര്‍ത്ഥ, സന്യാസിമാരായ ശാരദാനന്ദ, അമൃതരൂപാനന്ദപുരി, ആത്മസ്വരൂപാനന്ദ, പ്രേമാനന്ദ എന്നിവര്‍ ചേര്‍ന്നു സമത്വമുന്നേറ്റജ്യോതി തെളിച്ചു. മധൂര്‍ വിനായക ക്ഷേത്രത്തിലെ കെടാവിളക്കില്‍നിന്നാണ്‌ അഗ്നി പകര്‍ന്നത്‌. കേരളത്തില്‍ വികസനം മലപ്പുറത്തും കോട്ടയത്തും മാത്രമാണെന്നു യാത്രാപ്രഖ്യാപനം നടത്തിയ വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. മതപരിവര്‍ത്തനവും സന്താനനിയന്ത്രണവും മൂലം ഹിന്ദുക്കളുടെ ജനസംഖ്യ 10% കുറഞ്ഞു. മറ്റു സമുദായങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.
നിയമങ്ങളനുസരിച്ച്‌ ഒരുവിഭാഗം ജീവിക്കുമ്പോള്‍ അതു മാറ്റിക്കാനാണു മറ്റു ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നത്‌. 3000 ഏക്കറിന്റെ പാട്ടക്കരാര്‍ കഴിഞ്ഞാലും ഭൂരഹിതര്‍ക്കു പതിച്ചുനല്‍കാന്‍ സര്‍ക്കാരുകള്‍ തയാറാകുന്നില്ല. ന്യൂനപക്ഷം സംഘടിതശക്‌തിയുപയോഗിച്ചു പലതും നേടിയെന്ന്‌ എ.കെ. ആന്റണിയും കാനം രാജേന്ദ്രനും മാത്രമാണു തുറന്നുപറഞ്ഞത്‌. എന്നാല്‍ അധികാരത്തിലുള്ളപ്പോള്‍ ഇവര്‍ക്കും അതിനെതിരേ ഒന്നും ചെയ്യാനായില്ല. ക്രിസ്‌ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും എന്തു നല്‍കിയാലും പ്രശ്‌നമില്ല, എന്നാല്‍ അതിന്‌ ആനുപാതികമായി ഹിന്ദുവിനും തുല്യനീതി ലഭിക്കണം.
മുസ്ലിം ലീഗിനെ ചത്തകുതിരയെന്നാണു നെഹ്‌റു വിശേഷിപ്പിച്ചത്‌. എന്നാല്‍, ലീഗ്‌ ഉറങ്ങുന്ന സിംഹമാണെന്നായിരുന്നു സി.എച്ച്‌. മുഹമ്മദ്‌കോയയുടെ മറുപടി. അതു ശരിയാണ്‌.അവര്‍ സംഘടിച്ചു പലതും നേടിക്കഴിഞ്ഞു. അതില്‍ ആര്‍ക്കും കണ്ണുകടി വേണ്ട. വി.എസ്‌. അച്യുതാന്ദന്‍ പാര്‍ട്ടിയില്‍ സമാധിയായ വ്യക്‌തിയാണ്‌. സമത്വമുന്നേറ്റയാത്രയും എസ്‌.എന്‍.ഡി.പിയുടെ പാര്‍ട്ടി പ്രഖ്യാപനവും വന്നതോടെയാണ്‌ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റത്‌. പാര്‍ട്ടിയില്‍ പരമാവധി ശിക്ഷ നല്‍കണമെന്നു വാദിച്ചവര്‍പോലും ഇപ്പോള്‍ വി.എസിനെ പിന്തുണയ്‌ക്കുന്നു. പ്രയാസങ്ങള്‍ പറയുമ്പോള്‍ കടന്നാക്രമിച്ചു തളര്‍ത്താന്‍ ആരും ശ്രമിക്കേണ്ട. ഇടതുപക്ഷത്തിനു കുരങ്ങന്മാരുടെ സ്വഭാവമാണ്‌. ഇതുവരെ ഇടതുപക്ഷത്തില്‍നിന്നു മാത്രമായിരുന്നു അക്രമം, എന്നാല്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും ആക്രമണം തുടങ്ങിയിരിക്കുന്നു- വെള്ളാപ്പള്ളി പറഞ്ഞു.
കാസര്‍ഗോഡ്‌ പുതിയ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്തു സജ്‌ജമാക്കിയ സമത്വനഗര്‍ വേദിയില്‍ ഹൈന്ദവസംഘടനകളുടെയും എസ്‌.എന്‍.ഡി.പിയുടെയും നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു യാത്രയുടെ ഉദ്‌ഘാടനം. ഡിസംബര്‍ അഞ്ചിനു തിരുവന്തപുരം ശംഖുമുഖം കടപ്പുറത്തു സമാപിക്കും. യോഗക്ഷേമസഭ നേതാവ്‌ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌, കെ.പി.എംഎസ്‌. ജനറല്‍ സെക്രട്ടറി ടി.വി. ബാബു, എസ്‌.എന്‍.ഡി.പി. യോഗം പ്രസിഡന്റ്‌ ഡോ: എം. സോമന്‍, വര്‍ക്കിങ്‌ ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി, മുന്നോക്ക സമുദായമുന്നണി പ്രസിഡന്റ്‌ സി.എസ്‌. നായര്‍, ഡോ: ജയചന്ദ്രരാജ്‌ ചങ്ങനാശേരി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.ജി. തങ്കപ്പന്‍, അരയക്കണ്ടി സന്തോഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Top