അല്ലെങ്കിലും വയസന്മാരുടെ സീറ്റ് ഞങ്ങള്‍ക്ക് വേണ്ട; അണ്ണാ, കെപിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും കോണ്‍ഗ്രസ്സുകാര്‍ക്ക് തര്യോ; സീറ്റ് വിഷയത്തില്‍ യൂത്തന്മാര്‍ക്ക് ട്രോള്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ യുവ എംഎല്‍എമാര്‍ സോഷ്യല്‍ മീഡിയയിലൂടെ അത് പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ രാജിവച്ചു.

സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു.യുവ എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കണമെന്നാണ് കെഎസ്‌യു ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനത്തിനെതിരെ യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ.എസ് ശബരീനാഥ്, അനില്‍ അക്കര, വി.ടി ബല്‍റാം, റോജി എം.ജോണ്‍ എന്നിവരാണ് രാഹുലിന് കത്തയച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന യുവാക്കളുടെ ആവശ്യത്തിന് തിരിച്ചടിയായാണ് ഇതിനെ കാണുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ട്രോളുകള്‍ രൂപം കൊണ്ടിരിക്കുന്നത്.

വിടി ബല്‍റാം

വിടി ബല്‍റാമിന്റേതായിരുന്നു ആദ്യ പ്രതികരണം. ഘടകകക്ഷി പോലുമല്ലാത്ത കേരളകോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും, സാധാരണ പ്രവര്‍ത്തകരുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും, ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹൈബി ഈഡന്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ കോണ്‍ഗ്രസില്‍ നിറഞ്ഞു നിന്ന വികാരത്തിന് വിരുദ്ധമായിട്ടാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന് നല്‍കുവാന്‍ എടുത്തിട്ടുള്ള തീരുമാനം. ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ അടിയറവു വയ്ക്കുന്നതാണ്, ആത്മഹത്യാപരമാണ്. ഉപതിരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പ്രഹരത്തില്‍ നിന്ന് ഒന്നും നമ്മുടെ നേതാക്കന്മാര്‍ പാഠം പഠിച്ചില്ല എന്ന് വേണം കരുതാന്‍. യാതൊരു നിലപാടും ഇല്ലാതെ എല്ലാവരെയും പ്രീണിപ്പിക്കാന്‍ നടത്തുന്ന ഇത്തരം തീരുമാനങ്ങളാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും മുഖം നഷ്ടപ്പെടുത്തുന്ന ഈ തീരുമാനത്തോട് കടുത്ത അമര്‍ഷം പ്രകടിപ്പിക്കാതെ വയ്യ. ചില പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഇനിയെങ്കിലും നേതാക്കള്‍ ഇക്കാര്യം മനസ്സിലാക്കിയില്ലെങ്കില്‍, പ്രവര്‍ത്തകര്‍ വഴിയില്‍ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല.

റോജി എം ജോണ്‍

സ്വന്തമായി ഏതെങ്കിലും സ്ഥാനം ലഭിക്കുവാന്‍ വേണ്ടി എടുത്ത നിലപാടായിരുന്നില്ല. കോണ്‍ഗ്രസ്സില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന സാധാരണ പ്രവര്‍ത്തകരുടെ ശബ്ദമാണ് ഞങ്ങള്‍ ഉയര്‍ത്തിയത്. പക്ഷെ, ഇത് കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം പാലായില്‍ പണയം വെച്ച തീരുമാനമായി.

മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദകള്‍ മനസ്സിലാകാഞ്ഞിട്ടല്ല. പക്ഷെ, അതിന് വേണ്ടി കൈക്കൊള്ളുന്ന ആത്മഹത്യാപരമായ തീരുമാനങ്ങള്‍ നേതൃത്വത്തിന്റെ വീഴ്ചയായി കാണപ്പെടും.

ഈ തീരുമാനം പുനപരിശോധിക്കണം എന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെഎസ് ശബരിനാഥ്

രാജ്യസഭയില്‍ ഇന്ന് കോണ്‍ഗ്രസ്സിന് 51സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തില്‍ രാഷ്ട്രീയപരമായും ആശയപരമായും ബിജെപിയെ പാര്‍ലമെന്റില്‍ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തിനുള്ളത്. ഇതിനു പ്രാപ്തിയുള്ള ഒരു കോണ്‍ഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് നമ്മള്‍ തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ്ചയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുകയില്ല.

ഷാഫി പറമ്പില്‍

മുന്നണി രാഷ്ട്രീയത്തിലെ സമ്മര്‍ദ്ദങ്ങള്‍ മനസ്സിലാവാത്ത സങ്കുചിത ചിന്താഗതിക്കാരനല്ല..
രാജ്യസഭാ സീറ്റിലെ അഭിപ്രായം ഫെയ്‌സ്ബുക്കില്‍ കുറിച്ചതൊഴിവാക്കിയാല്‍ സാധരണയായി പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്ത് പറയാറുമില്ല..
പക്ഷെ ഇപ്പോ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ലാ..
രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നല്‍കണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണ്.
മുന്നണി രാഷ്ട്രീയത്തില്‍ വിട്ടു വീഴ്ചകള്‍ അനിവാര്യമാണെന്നും അറിയാം പക്ഷെ ഒരാളെ മാത്രം രാജ്യസഭയിലയക്കാന്‍ അവസരം കിട്ടുമ്‌ബോള്‍ സാധരണയായി ഘടകകക്ഷിയല്ലാ മത്സരിക്കാറുള്ളത്.. കോണ്‍ഗ്രസ്സ് തന്നെ മത്സരിക്കുന്നതാണ് കീഴ്‌വഴക്കം.

ഇതൊരു കീഴടങ്ങലാണ്…
ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണ്.
മതിയായ ഒരു കാരണവുമില്ലാതെയാണ് കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത്..
എന്നിട്ട് തിരിച്ച് വരുന്നതിന് മുന്‍പ് തന്നെ രാജ്യസഭാ സീറ്റ് നല്‍കിയിട്ട് വേണോ തിരിച്ചാനയിക്കാന്‍…കോണ്‍ഗ്രസ്സ് ദുര്‍ബ്ബലപ്പെട്ട് ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല മുന്നണി..

മുന്നണി സംവിധാനത്തില്‍ സി.പി.ഐ.എം നെ പോലെ ഡോമിനേറ്റ് ചെയ്യണമെന്ന അഭിപ്രായമില്ല. പക്ഷെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ പൂര്‍ണ്ണമായി അവഗണിച്ചെത്തിചേരുന്ന തീരുമാനങ്ങള്‍ തകര്‍ക്കുന്നത് ലക്ഷക്കണക്കിനു പ്രവര്‍ത്തകരുടെ ആത്മവീര്യത്തെയാണെന്ന് അറിയാതെ പോകരുത്. വീരേന്ദ്രകുമാറിന് കൊടുത്ത രാജ്യസഭാ സീറ്റിന്റെ അവസ്ഥ ഓര്‍മ്മയിലുണ്ടായിരിക്കണം..

മാണി സാറിനെതിരേയും യു.ഡി.എഫിനെതിരേയും വന്ന ആരോപണ ശരങ്ങളെ നേരിടുന്ന കാര്യത്തില്‍ പാര്‍ട്ടി താല്‍പര്യം പരിഗണിച്ച് നിന്നിട്ടുണ്ട്. അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സി.പി.എം തിട്ടൂരത്തെ മറികടന്ന് മാണി സാര്‍ തന്നെ ബഡ്ജറ്റ് അവതിരിപ്പിക്കാന്‍ ഉറക്കമൊഴിച്ച് പോരാടിയിട്ടുണ്ട്..സഭാ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി ഉയര്‍ത്തിക്കാണിച്ച ലഡുവിനെ ചൊല്ലി ഒരുപാട് വിമര്‍ശ്ശിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും തോന്നത്ത ആശങ്ക ഇപ്പോ അനുഭവപ്പെടുന്നു.

മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ്സ് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നയാള് തന്നെയാണ് ഞാനും. പ്രത്യേകിച്ച് പിണറായി ഇപ്പോ നടത്തി കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍.
വി.എസ്സിന്റേയും പിണറായിയുടേയും നിത്യ ശത്രു ബാലകൃഷ്ണ പിള്ളയേയും ഗണേഷിനെ പോലും കൂടെ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍.. അകന്ന് ധ്രുവങ്ങളില്‍ കഴിഞ്ഞിരുന്ന വീരേന്ദ്രകുമാറിന്റെ മുന്നില്‍ പോലും പരവതാനി വിരിക്കുമ്‌ബോ..5 രക്തസാക്ഷികളെ പോലും മറന്ന് എം.വി.ആറിനേയും മകനേയും കൂട്ട് പിടിക്കുമ്പോള്‍.. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ 5 വര്‍ഷം ആക്ഷേപിച്ച മാണി സാറിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യമ്പോള്‍… ഗൗരിയമ്മയെ പോലും മടക്കി കൊണ്ട് പോവുമ്പോള്‍.. മുന്നണി ശാക്തീകരണം ഒരു അനിവാര്യത തന്നെയാണ്..
പക്ഷെ അത് ഈ രാജ്യസഭാ സീറ്റിന്റെ പേരിലാവരുതായിരുന്നു.

മുന്നണിയില്‍ അവര്‍ വന്നതിന് ശേഷം അര്‍ഹമായ പരിഗണന നല്‍കുന്നതിനാരും എതിരാവുമായിരുന്നില്ല.. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയതും പ്രേമചന്ദ്രന് ലോകസഭാ സീറ്റ് നല്‍കിയതുമൊക്കെ പാര്‍ട്ടി പ്രവര്‍ത്തകരും അംഗീകരിച്ചതായിരുന്നു.

നിരാശയുണ്ട് പക്ഷെ…ഈ പതാക താഴെ വെക്കില്ലാ..പ്രവര്‍ത്തിക്കും പാര്‍ട്ടിക്ക് വേണ്ടി.. ഊര്‍ജ്ജത്തോടെ തന്നെ..
കോണ്‍ഗ്രസ്സ് ഈ രാജ്യത്തിന്റെ അനിവാര്യതയാണ്. ഒരു ഉപതെരഞ്ഞെടുപ്പും രാജ്യസഭാ സീറ്റ് നിര്‍ണ്ണയം കൊണ്ടും നിര്‍ത്തി പോകാവുന്ന യുദ്ധമല്ല 2019ല്‍ നമ്മളേറ്റെടുക്കേണ്ടത്..

Top