ഇടത് വലുതായി; നാല് പാര്‍ട്ടികള്‍ കൂടി ചേര്‍ന്നു, സികെ ജാനുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. നാല് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരണം. എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍, ബാലകൃഷ്ണപ്പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, കാല്‍നൂറ്റാണ്ട് കാലമായി മുന്നണിയുമായി സഹകരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) എന്നീ പാര്‍ട്ടികളെക്കൂടിയാണ് മുന്നണിയില്‍ ചേര്‍ത്തത്. സി.കെ.ജാനുവിന്റേതടക്കമുള്ള ചില പാര്‍ട്ടികളുമായി സഹകരിക്കാനും യോഗത്തില്‍ തീരുമാനമായി.

ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പാര്‍ട്ടികള്‍ കത്തു നല്‍കിയിരുന്നതാണ്. ഇപ്പോള്‍ നാലു പാര്‍ട്ടികളെയാണ് ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. കത്തു നല്‍കിയ മറ്റുള്ള പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പിന്നീട് പരിഗണിക്കും. സികെ ജാനുവിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായത് ഇപ്രകാരമാണ്.

കേരളീയ സമൂഹത്തെ വര്‍ഗീയവത്കരിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും മുസ്ലിം ലീഗും എന്‍.എസ്.എസ് പോലുള്ള സംഘടനകളും ചേര്‍ന്ന് സ്ത്രീ വിരുദ്ധ നടപടികളിലൂടെ നാടിനെ പിറകോട്ട് അടിക്കാനാണ് ശ്രമിക്കുന്നത്. സമൂഹത്തെ വിശ്വാസിയും അവിശ്വാസിയുമായി തരംതിരിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. കേരളത്തിന് പദ്ധതി വിഹിതം പോലും അനുവദിക്കാതെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തികച്ചും അപലപനീയമാണ്. പ്രളയ കേരളത്തെ കെട്ടിപ്പടുക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ സഹായം തരുന്നില്ല. ഇതിനെതിരെ സമൂഹത്തില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടത് മുന്നണി പ്രവര്‍ത്തിക്കും.

Top