എടിഎം കവര്‍ച്ച കേസില്‍ പ്രതി പിടിയിലായത് ചക്ക ഇട്ടപ്പോള്‍ മുയല്‍ ചത്തതു പോലെയാണെന്ന് രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നു. എടിഎം കവര്‍ച്ച കേസില്‍ ഒരു പ്രതി പിടിയിലായത് ചക്ക ഇട്ടപ്പോള്‍ മുയല്‍ ചത്തതു പോലെയാണെന്നും ഇതില്‍ വീമ്പിളക്കാന്‍ മുഖ്യമന്ത്രി മുതിരരുതെന്നും ചെന്നിത്തല പറയുന്നു.

പ്രതികള്‍ പിടിയിലായെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. അഞ്ചാമന്‍ ഇപ്പോഴും നിര്‍ബാധം കൊള്ളതുടരുകയാണ്. ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതികള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി അവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അഞ്ച് പ്രതികളില്‍ ഒരാള്‍ മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നെന്ന് പൊലീസ് തന്നെ പറയുന്നു. പ്രതിയെ പിടിച്ചത് പൊലീസിന്റെ കഴിവായി ചിത്രീകരിക്കാന്‍ സാധിക്കില്ലെന്നും സിസിടിവിയില്‍ പതിഞ്ഞ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനം നിര്‍ജ്ജീവമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഡിജിപിയുടെ മൂക്കിന് താഴെ, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന് തൊട്ടടുത്താണ് അന്താരാഷ്ട്ര കൊള്ള നടന്നിരിക്കുന്നത്. വിദേശ പൗരന്‍മാരെ നിരീക്ഷിക്കേണ്ട ചുമതല ഇന്റലിജന്‍സിന്റേതാണെന്നും ഇക്കാര്യത്തില്‍ അവര്‍ പരാജയപ്പെട്ടെന്നും ചെന്നിത്തല വിമര്‍ശിച്ചു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 58 കൊലപാതകങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി നേരിട്ട് നയിക്കുന്ന പൊലീസിന്റെ അഴിഞ്ഞാട്ടം അസഹനീയമായിക്കഴിഞ്ഞെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Top