മാണിയെ കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം

UDF

കോട്ടയം: കെഎം മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായ. മാണിക്കെതിരെ പാര്‍ട്ടിയില്‍ ഗൂഢാലോചനകള്‍ നടന്നുവെന്നും പ്രതിഛായ ചൂണ്ടിക്കാട്ടുന്നു.

ഉമ്മന്‍ ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാത്തതിന്റെ പ്രതികാരമാണ് മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പ്രതിഛായയില്‍ പറയുന്നു. ചില ആളുകള്‍ ഉമ്മന്‍ ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ മാണി ഇതിന് പിന്തുണ നല്‍കാത്തത് വിരോധത്തിന് കാരണമായെന്ന് ‘ബാര്‍ കോഴ ആരോപണങ്ങളും കള്ളക്കളികളും എന്ന പേരിലുള്ള ലേഖനത്തില്‍ പറയുന്നു. രമേശിനൊപ്പം മന്ത്രിമാരായിരുന്ന കെ.ബാബുവും അടൂര്‍ പ്രകാശും ഗൂഢാലോചനയില്‍ പങ്കാളികളാണ്. ബാബുവിനും അടൂര്‍ പ്രകാശിനും അബ്കാരി താല്‍പര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് ഇവരുടെ ചട്ടുകമായി മാറുകയായിരുന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ആരോപണം ഉയരുമ്പോള്‍ മാണിക്കെതിരെ ത്വരിത പരിശോധന നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു. ആരോപണം വരുമ്പോള്‍ അമേരിക്കയിലായിരുന്ന ചെന്നിത്തല പിറ്റേന്ന് കേരളത്തിലെത്തി. മറ്റ് ചര്‍ച്ചകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ തയ്യാറാകാതെ ത്വരിത പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

Top