ആന്റണി കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക്;തീരുമാനം കോണ്‍ഗ്രസ്സ് ഉന്നതാധികാര സമിതിയുടേത്,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ധൃതി പിടിച്ച് വേണ്ടെന്ന് ധാരണ.

തിരുവനന്തപുരം: രാജ്യസഭയിലേക്ക് എ കെആന്റണിയെ നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇന്ദിരാഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിനുശേഷം കെപിസിസി പ്രസിഡന്റ് വി എം. സുധീരനാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക തിരക്കിട്ട് തീരുമാനിക്കേണ്ടെന്ന് യോഗത്തില്‍ ധാരണയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റുപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസും പ്രഖ്യാപിക്കും. പ്രാഥമിക പട്ടിക തയാറാക്കാനുള്ള ചര്‍ച്ചയിലാണെന്നും സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് കൈമാറുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ധാരണ.

തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ രണ്ടര മാസത്തോളം സമയം കിട്ടിയതിനാലാണു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതും വൈകുന്നത്. ഇക്കുറി നേരത്തെ തന്നെ സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ യു.ഡി.എഫില്‍ ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ലിസ്റ്റ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഹൈക്കമാന്‍ഡിന് കൈമാറിയാല്‍ മതിയെന്നാണ് ശനിയാഴ്ച രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയുടെ തീരുമാനം.

നിലവില്‍ ജയിച്ച എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുമെന്നു പ്രഖ്യാപിച്ച മുസ്ലിം ലീഗ് കഴിഞ്ഞ തവണ പരാജയപ്പെട്ട നാല് സീറ്റുകള്‍ വച്ചു മാറുക എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജെ.ഡി.യുവുമായുള്ള കോണ്‍ഗ്രസിന്റെ പ്രാഥമികചര്‍ച്ച ഇന്നലെ കോഴിക്കോട് വച്ചു നടന്നു. ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ജെ.ഡി.യുവിന് നല്‍കാന്‍ നേരത്തെ തീരുമാനമായിരുന്നു.

ഇക്കുറിയും കേരള കോണ്‍ഗ്രസ് 22 സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. കേരളകോണ്‍ഗ്രസിന്റെ കൈവശമുള്ള പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും സൂചനയുണ്ട്. ജെ.എസ്.എസ്, സി.എംപി തുടങ്ങിയ പാര്‍ട്ടികള്‍ മുന്നണി വിട്ടതോടെ ഇവര്‍ മത്സരിച്ചിരുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നുറപ്പാണ്. ജെ.എസ്.എസ്സില്‍ നിന്ന് രാജിവച്ച കെ.കെ.ഷാജു ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിഎംപി പിളര്‍ന്നപ്പോള്‍ മുന്നണിയില്‍ ഉറച്ചു നിന്ന സി.പി.ജോണും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

Top