കേരളത്തിൽ സമരാഭാസങ്ങൾ!..മനുഷ്യരുടെ ജീവനെക്കുറിച്ചും തെല്ലും ചിന്തയില്ലാത്ത രാഷ്ട്രീയ കഴുകന്മാരായി മനുഷ്യർ മാറുന്നു.ബഷീർ വള്ളിക്കുന്ന് എഴുതുന്നു.

ബഷീർ വള്ളിക്കുന്ന്

നാന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ദിവസത്തിലാണ് തെരുവിൽ കോവിഡ് പകർച്ചയുടെ എല്ലാവിധ മുന്നറിയിപ്പുകളെയും കാറ്റിൽ പറത്തിയുള്ള സമരാഭാസങ്ങൾ നടക്കുന്നത്..

കേരളത്തെക്കുറിച്ചും ഇവിടെയുള്ള മനുഷ്യരുടെ ജീവനെക്കുറിച്ചും തെല്ലും ചിന്തയില്ലാത്ത രാഷ്ട്രീയ കഴുകന്മാരായി മനുഷ്യർ മാറുന്നത് കാണുമ്പോൾ സങ്കടമുണ്ട്. ഇനിയെങ്കിലും കൃത്യമായ സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചിട്ടില്ലെങ്കിൽ കേരളം അതീവ ഗുരുതരമായ ഒരവസ്ഥയിലേക്ക് നീങ്ങുമെന്നുള്ളതിന് സംശയമൊന്നുമില്ല. ഇതിനകം തന്നെ അത്തരമൊരു അവസ്ഥ വന്നു കഴിഞ്ഞു..

സ്വർണ്ണക്കടത്ത് കേസിൽ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് മനസ്സിലാക്കാം. കേരളത്തെ സംബന്ധിച്ച ഒരു വലിയ വാർത്ത തന്നെയാണ് അത്.. അതിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്, അത് നടക്കുന്നുണ്ട്, ആ വിവാദത്തിൽ ബന്ധപ്പെട്ട് ഉയർന്ന് വന്ന രണ്ട് പേരെ അവരുടെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്, ഒരു ആരോപണം ഉയർന്ന് വരുമ്പോൾ സാമാന്യ ഗതിയിൽ ഒരു സർക്കാരിന് ചെയ്യാവുന്ന മാന്യമായ സമീപനമാണത്.. അന്വേഷണം നടക്കട്ടെ, തെളിവുകൾ പുറത്ത് വരട്ടെ, പ്രതികൾ ആരെന്ന് അന്വേഷണ ഏജൻസികൾ പറയട്ടെ..

നമ്മളിപ്പോൾ നടത്തുന്ന യുദ്ധം കേരളത്തിലെ മുഴുവൻ മനുഷ്യരുടേയും ജീവൻ രക്ഷിക്കാനുള്ള ഒരു യുദ്ധമാണ്.. നമ്മുടെ സർക്കാർ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരും പോലീസുമൊക്കെ അവരുടെയൊക്കെ ജീവൻ പണയം വെച്ചും ആ പോരാട്ടത്തിന്റെ മുൻനിരയിൽ സേവനം ചെയ്യുന്നതിനിടയിൽ അതിനെയൊക്കെ തുരങ്കം വെക്കുന്ന ഈ സമരാഭാസങ്ങൾ കേരളത്തിലെ മുഴുവൻ മനുഷ്യരുടേയും ജീവന് നേരെയുള്ള പരസ്യമായ വെല്ലുവിളിയാണ്..

ഡിസ്റ്റൻസിങ് പാലിക്കുന്നില്ല, മാസ്‌ക്കുകൾ ഉപയോഗിക്കുന്നില്ല, പോലീസുമായി ഏറ്റുമുട്ടാൻ ആൾക്കൂട്ടങ്ങളെ ആവേശമുണ്ടാക്കി തെരുവിലെത്തിക്കുകയാണ്, രോഗവും രോഗപ്രതിരോധവും മാത്രം ശ്രദ്ധിക്കേണ്ട ഒരു ഘട്ടത്തിലാണ് ലാത്തിചാർജ്ജും ജലപീരങ്കിയും ഗ്രനേഡുമൊക്കെ ഉപയോഗിക്കേണ്ട ഒരവസ്ഥ സൃഷ്ടിക്കുന്നത്.. സമരങ്ങൾക്കോ പ്രതിഷേധങ്ങൾക്കോ ആരും എതിരല്ല, അതൊക്കെ ആവശ്യമാണ്, പക്ഷേ ഇത്തരമൊരു അതീവഗുരുതരമായ വൈറസ് പകർച്ചയുടെ ഘട്ടത്തിൽ പാലിക്കേണ്ട സാമാന്യ മുൻകരുതലുകളെ അട്ടിമറിച്ചു കൊണ്ടാകരുത് അത്..

ഈ രോഗം പരമാവധി ആളുകളിലേക്ക് പടർത്തി ഇവിടെ ആയിരക്കണക്കിന് മനുഷ്യർ മരിച്ചു വീഴുന്നത് കണ്ടാലേ ഞങ്ങളുടെ രാഷ്ട്രീയത്തിന് ജീവൻ വെക്കൂ എന്ന് വിളിച്ചു പറയുന്നതിന് തുല്യമാണ് ഇപ്പോൾ തെരുവിൽ കാണിക്കുന്ന ഈ പേക്കൂത്തുകൾ.. ഈ രോഗത്തെ ഭയന്ന് വീടുകളിൽ ആധിയോടെ ഒതുങ്ങിക്കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനം കൂടിയാണത്..

Top