അത്യത്ഭുതമാണ് അവരുടെ കാര്യം.. കുബ്ബൂസും ഒരാഴ്ച പഴക്കമുള്ള ചൂടാക്കിയ കറിയും കഴിച്ച് ദിവസം തള്ളി നീക്കുന്നവർ. പത്തും പതിനഞ്ചും പേര് ഒന്നിച്ചുറങ്ങുന്ന ലേബർ ക്യാമ്പുകളിലെ ഇടുങ്ങിയ റൂമുകളിൽ പകലും രാത്രിയും കഴിച്ചു കൂട്ടുന്നവർ. ഭൂരിഭാഗം പേരുടെയും അവസ്ഥ അതാണ്.. കുടുംബവും ഫ്‌ളാറ്റും കാറും ഉയർന്ന ജോലിയും ശമ്പളവും ബിസിനസ്സും ഉള്ളവരുണ്ട്. പക്ഷെ അവരുടെ ശതമാനം കുറവാണ്. ഈ പറഞ്ഞ ഏത് വിഭാഗത്തിൽ പെട്ടവർ ആണെങ്കിലും അവർക്കൊക്കെയും പ്രവാസികൾ എന്ന നിലക്ക് ചില പൊതുരീതികളും സ്വഭാവങ്ങളുമുണ്ട്.. പ്രവാസം സൃഷ്‌ടിച്ച ചില രീതിശാസ്ത്രങ്ങളുണ്ട്.. അതിലൊന്നാണ് നാട്ടിലേക്കുള്ള വിളികളും ക്ഷേമാന്വേഷണങ്ങളും. പ്രവാസിയുടെ മാത്രം ഉത്തരവാദിത്വമാണത്. നാട്ടിലെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, വാർത്തകൾ കേട്ടാൽ പ്രവാസികളുടെ വിളികളുടെ കുത്തൊഴുക്കാണ് നാട്ടിലേക്ക്.. അന്വേഷണങ്ങൾ, ആകുലതകൾ, സഹായങ്ങൾ. ആ വിളികൾക്ക് പിറകെ അതൊക്കെയും പ്രവഹിക്കും.. എന്നാൽ ഗൾഫിൽ ഒരു പ്രശ്നമുണ്ടായാൽ, പ്രവാസികളുടെ ദുരിത വാർത്തകൾ കേട്ടാൽ തിരിച്ചിങ്ങോട്ടൊരു വിളി, അതാരും പ്രതീക്ഷിക്കരുത്. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണത്. അപ്പോഴും പ്രവാസി അങ്ങോട്ട് വിളിച്ചു പറയണം, എനിക്കിവിടെ കുഴപ്പമൊന്നുമില്ല കെട്ടോ, ഞാനിവിടെ സുരക്ഷിതനാണ് കെട്ടോ.. വാർത്തകൾ കേട്ട് വിഷമിക്കേണ്ട കെട്ടോ.. ഈ കോവിഡ് കാലത്തും സംഭവിക്കുന്നത് മറിച്ചല്ല, പ്രവാസലോകത്ത് നിന്നുള്ള മരണത്തിന്റെ കണക്കുകൾ അന്തരീക്ഷത്തിൽ പാറി നടക്കുമ്പോഴും ഇവിടെ നിന്ന് അങ്ങോട്ട് വിളിച്ചു പറയണം എനിക്കിവിടെ കുഴപ്പമൊന്നുമില്ല എന്ന്, ഞാനിപ്പോഴും മരിച്ചിട്ടില്ല എന്ന്..ഗൾഫ് രാജ്യങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് മനുഷ്യരാണ് നാട്ടിലെത്താനായി പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എത്രയിടങ്ങളിൽ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അവർക്ക് മാത്രമേ അറിയൂ.. ദിവസേന ഫ്‌ളൈറ്റുകൾ പറന്നാൽ പോലും അവരെയൊക്കെയും നാട്ടിലെത്തിക്കുവാൻ മാസങ്ങളെടുക്കും എന്നത് ഉറപ്പാണ്. ആഴ്ചയിലൊരു ചെറിയ ഫ്‌ളൈറ്റ്. പേരിനൊരു വന്ദേ ഭാരത് മിഷൻ. ലക്ഷക്കണക്കിന് മലയാളികൾ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ഗൾഫ് നഗരങ്ങളിൽ നിന്നുള്ള അവസ്ഥയാണിത്. ഇങ്ങനെയാണ് ഇവാക്ക്വേഷൻ മിഷനെങ്കിൽ രണ്ടായിരത്തി ഇരുപത് പിന്നിട്ടാലും നാട്ടിൽ പോകാൻ കാത്തിരിക്കുന്നവർ ഗൾഫിൽ തന്നെ തുടരേണ്ടി വരും. അതുകൊണ്ടാണ് വില കൂടിയ ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ പോലും ബുക്ക് ചെയ്ത് അടിയന്തര അവസ്ഥകളുള്ളവരെ നാട്ടിലെത്തിക്കാൻ കെഎംസിസി യെ പ്പോലുള്ള സന്നദ്ധ സംഘടനകൾ ശ്രമിക്കുന്നത്. അതിനിടയിലാണ് ചാർട്ടേർഡ് ഫ്ലൈറ്റുകൾക്ക് വന്ദേ ഭാരത് ഫ്ലൈറ്റുകളുടെ ടിക്കറ്റ് നിരക്കിനേക്കാൾ വിലയിടാക്കരുതെന്ന വിചിത്ര നിർദ്ദേശവുമായി കേരള സർക്കാർ രംഗത്ത് വന്നിട്ടുള്ളത്.. ഫലത്തിൽ ഇത് ആ സംവിധാനത്തേയും ഇല്ലാതാക്കും.
വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ, തൊഴിൽ കരാറുകളും ഉടമ്പടികളും, വിസ ചട്ടങ്ങൾ,വിമാനത്താവളങ്ങളുടെയും വിമാന സർവീസുകളുടെയും ചുമതല, എംബസ്സി കോൺസുലേറ്റ് സർവീസുകൾ തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടേയും അതോറിറ്റി കേന്ദ്രസർക്കാർ ആയതിനാൽ സംസ്ഥാന സർക്കാരുകൾക്ക് ഈ വിഷയങ്ങളിൽ ഇടപെടാനും സ്വാതന്ത്രമായി തീരുമാനങ്ങൾ എടുക്കാനും കഴിയില്ല എന്നത് സത്യമാണ്. അതുകൊണ്ടു തന്നെ ഈ കോവിഡ് കാലത്ത് ഇന്ത്യൻ പ്രവാസി സമൂഹം വിദേശ രാജ്യങ്ങളിൽ അനുഭവിക്കുന്ന മുഴുവൻ പ്രയാസങ്ങളുടെയും പ്രതിപ്പട്ടികയിൽ ഒന്നാം സ്ഥാനത്ത് വരിക കേന്ദ്ര സർക്കാർ തന്നെയാണ്. അതിൽ നിന്ന് കൈ കഴുകാൻ അവർക്കാവില്ല.ആഴ്ചയിലൊരിക്കൽ പോകുന്ന വിമാനങ്ങളിൽ പോകാനുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കുന്ന പണി മാത്രമാണ് ഇപ്പോൾ പ്രവാസ ലോകത്ത് എംബസ്സികളും കോൺസുലേറ്റുകളും ചെയ്യുന്നതായി പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുന്നത്. മറ്റെവിടേയും അവരുടെ സാന്നിധ്യം കാണുന്നില്ല. എന്നാൽ ഈ കൊടിയ പ്രയാസങ്ങളുടെ കാലത്തും സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി സന്നദ്ധ സേവനം നടത്തുന്ന സംഘടനകളുടെ പ്രവർത്തകരെ എവിടേയും കാണാൻ പറ്റും. കെ എം സി സിയുടെ പേര് ഇവിടെ പരാമർശിക്കാതെ പോകുന്നത് അത് കൊണ്ട് തന്നെ വലിയൊരു പാതകമാകും. ഈ കോവിഡ് കാലത്ത് ഗൾഫ് മേഖലയിൽ ഏതെങ്കിലും ഒരു സന്നദ്ധ സംഘടനയെ മനസ്സ് തുറന്ന് അഭിനന്ദിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് കെ എം സി സിയെ ആണ്.. ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന തൊഴിലാളികൾക്ക് അതെത്തിച്ചു കൊടുക്കുന്നതിൽ, അവശ്യ മരുന്നുകൾ എത്തിക്കുന്നതിൽ, മരിച്ച മനുഷ്യരുടെ മയ്യത്തുകൾ കബറടക്കുന്നതിൽ, എല്ലായിടത്തും കാണുന്നത് അവരുടെ സാന്നിധ്യമാണ്. ആ സാന്നിധ്യത്തെ ഇപ്പോൾ അഭിനന്ദിച്ചില്ലെങ്കിൽ പിന്നെയെപ്പോൾ അഭിനന്ദിക്കും.. അവർ മാത്രമാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് തെറ്റിദ്ധരിക്കരുത്, മറ്റ് സന്നദ്ധ സംഘടനകളും അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്യാവുന്നത് ചെയ്യുന്നുണ്ട്, എടുത്തു പറയേണ്ടതുണ്ടെന്ന് തോന്നിയതിനാൽ കെ എം സി സിയുടെ പേര് പറഞ്ഞു എന്ന് മാത്രം.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഏഴ് മലയാളികൾ സൗദിയിൽ മരിച്ചു എന്ന സ്ക്രോൾ ന്യൂസാണ് ഇതെഴുതുമ്പോൾ കാണുന്നത്. ഇരുന്നൂറിലധികം മലയാളികൾ ഇതിനകം ഗൾഫിൽ കോവിഡ് മൂലം മരിച്ചു വീണു എന്ന് ഒരു ഏകദേശ കണക്ക് പറയാമെന്നല്ലാതെ റിപ്പോർട്ട് ചെയ്യപ്പെട്ടതും പെടാത്തതുമായി എത്ര മലയാളി മരണങ്ങൾ നടന്നിട്ടുണ്ടെന്ന് ഇപ്പോൾ പറയുക വയ്യ. മരിച്ച വ്യക്തിയുടെ സുഹൃത്തുക്കളോ ബന്ധുക്കളോ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവാസ ലോകത്തെ മരണത്തിന്റെ കണക്കുകൾ പുറത്തു വരുന്നത്. അതല്ലെങ്കിൽ മാധ്യമ പ്രവർത്തകർ ശേഖരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ. അതൊന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവര ശേഖരണത്തിന്റെ ഭാഗമായി നടക്കുന്ന ഒന്നല്ല. രേഖകളുടെ പിൻബലമുള്ള ഒന്നല്ല, അതുകൊണ്ട് തന്നെ മരിച്ച കുടുംബങ്ങൾക്കുള്ള സഹായങ്ങൾ, അവരുടെ അതിജീവനത്തിന് വേണ്ട പദ്ധതികൾ, ഇവയിലൊന്നും പ്രവാസികൾ പെടുന്നില്ല.. അവർ എവിടെയൊക്കെയോ മരിച്ചു വീഴുന്നു, അവരുടെ മയ്യത്തുകൾ എവിടെയൊക്കെയോ സംസ്കരിക്കപ്പെടുന്നു, സംസ്കരിക്കപ്പെടാത്തവ ഏതൊക്കെയോ മോർച്ചറികളിൽ സൂക്ഷിപ്പെടുന്നു. ഭീതി വേണ്ട, ജാഗ്രത മതി എന്ന് എത്ര തവണ നിങ്ങൾ പറഞ്ഞാലും ഭീതിപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെയാണ് ഓരോ പ്രവാസിയും കടന്നു പോകുന്നത് എന്ന് ചുരുക്കം.
ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസാന ബസ്സ് കാത്ത് കഴിയുന്ന മനുഷ്യരാണ് ഇവിടെ വിഷയം. അതുകൊണ്ടു തന്നെ അവരെക്കുറിച്ചുള്ള പുകഴ്ത്തലുകൾ ഇപ്പോൾ വേണ്ട, അവർ നേടിത്തന്ന വിദേശ നാണയത്തെക്കുറിച്ചുള്ള കണക്കുകൾ വേണ്ട, കേരളത്തെ മാറ്റിമറിക്കുന്നതിൽ അവർ വഹിച്ച പങ്കിനെക്കുറിച്ചുള്ള പ്രബന്ധങ്ങൾ വേണ്ട, ഈ ദുരിത കാലത്ത് അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ കാണാനുള്ള ഒരു കണ്ണ് മാത്രം മതി, അതിനെന്തെങ്കിലും പരിഹാരം കാണാനുള്ള മനസ്സുണ്ടായാൽ മാത്രം മതി.. അതുണ്ടോ ഇല്ലയോ എന്നത് മാത്രമാണ് പ്രവാസികൾ ഇപ്പോൾ ചോദിക്കുന്ന ഒരേയൊരു ചോദ്യം