പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായി കൊച്ചി വിമാനത്താവളം.കേരളത്തിലേക്ക് പ്രവാസികളുമായി ഇന്നെത്തുക രണ്ട് വിമാനങ്ങൾ മാത്രം, രണ്ട് വിമാനങ്ങൾ യാത്ര മാറ്റി

കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജമായി. യാത്രക്കാരുമായി തിരികെയെത്തുന്ന വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്ജുകൾ എന്നിവയും ലഭ്യമാക്കും. ടെർമിനലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേക്ക് മാറ്റും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. കേരളത്തിലേക്ക് ഇന്ന് രണ്ട് വിമാനങ്ങള്‍ മാത്രമേ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തുകയുളളൂ. അബുദാബിയില്‍ നിന്നുളള വിമാനമാണ് ആദ്യം കൊച്ചിയില്‍ പ്രവാസികളുമായി എത്തുക.

176 യാത്രക്കാരെയാണ് ഈ വിമാനത്തില്‍ കേരളത്തിലേക്ക് എത്തിക്കുക. രാത്രി പത്ത് മുപ്പതിന് ദുബായില്‍ നിന്നുളള വിമാനം കരിപ്പൂരിലുമെത്തും. റിയാദില്‍ നിന്ന് കോഴക്കോടേക്കും ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങള്‍ എത്തും എന്നാണ് ആദ്യഘട്ടത്തിലെ ഷെഡ്യൂളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ രണ്ട് വിമാനങ്ങളുടേയും യാത്ര നീട്ടി വെച്ചിരിക്കുകയാണ്. റിയാദ്-കോഴിക്കോട് വിമാനം വെള്ളിയാഴ്ചയും ദോഹ-കൊച്ചി വിമാനം ശനിയാഴ്ചയും എത്തും.

മുന്‍ഗണനാ ക്രമത്തിലാണ് യാത്രയ്ക്കുളള പ്രവാസികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഗര്‍ഭിണികള്‍, രോഗികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവരടക്കമുളളവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. യുഎഇയില്‍ വിമാനത്താവളത്തില്‍ വെച്ച് കൊവിഡ് ദ്രുതപരിശോധന നടത്തും. കൊവിഡ് രോഗലക്ഷണങ്ങളില്ലെങ്കില്‍ മാത്രമേ യാത്രാനുമതി നല്‍കുകയുളളൂ. നാട്ടിലെത്തുന്ന പ്രവാസികള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം.

അതിന് ശേഷം പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ വീടുകളില്‍ പോയി ക്വാറന്റൈനില്‍ കഴിയണം. പ്രവാസികള്‍ വിമാനത്താവളത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. ഇരുപത് പേരടങ്ങുന്ന സംഘമായാണ് വിമാനത്തില്‍ നിന്നും പ്രവാസികളെ പുറത്തേക്ക് ഇറക്കുക. എയ്‌റോ ബ്രിഡ്ജ് വഴി മാത്രമേ പ്രവാസികളെ പുറത്ത് എത്തിക്കാന്‍ പാടുളളൂ. അതിന് ശേഷം താപപരിശോധന നടത്തും. കൊവിഡ് ഇല്ലെന്ന് പരിശോധനയിലൂടെ ഉറപ്പായവരെ മാത്രം സംസ്ഥാന സര്‍ക്കാരിന് കൈമാറും. കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉളളവരെ പ്രത്യേക വഴിയിലൂടെ പുറത്ത് എത്തിക്കും. വിമാനത്താവളങ്ങളിലെ എല്ലാ ജീവനക്കാരും പിപിഇ കിറ്റ് ധരിച്ചിരിക്കണം.

യാത്രക്കാരുടെ ബാഗുകൾ സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. തുടർന്ന് കൺവെയർ ബെൽറ്റിലൂടെ നീങ്ങുന്ന ബാഗേജുകൾ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിന് മുമ്പിലും ബാഗിന്റെ ഓരോ വശത്തും അൾട്രാവയലറ്റ് രശ്മികൾ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതിനുശേഷമാകും യാത്രക്കാർ ബാഗുകളെടുക്കുന്ന കെറോസൽ ഭാഗത്തേയ്ക്ക് ഇവയെത്തുക.

കളമശ്ശേരി മെഡിക്കൽ കോളേജിന്റെ സഹായത്തോടെയാണ് എൻ.പി.ഒ.എൽ ഈ സംവിധാനം വികസിപ്പിച്ചത്. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കിൽ എത്ര അളവിൽ അൾട്രാവയലറ്റ് രശ്മി പതിപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഉപയോഗിക്കാനായി 500 ട്രോളികളും സജ്ജമാക്കി. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവിനക്കാർക്ക് പി.പി.ഇ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും കയ്യുറകൾ, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പാക്കറ്റുകളും നൽകും.

Top