തൃശൂര്‍ : ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതില്‍ ഉറച്ചു നില്‍ക്കുന്നതായി തൃശൂര്‍ കേരളവര്‍മ്മ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ അധ്യാപിക ദീപ നിശാന്ത് പറഞ്ഞു.വിഷയത്തില്‍ തന്റെ നിലപാട് ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. അതില്‍ ഖേദവുമുണ്ട്. ഫേസ്‌ബുക്ക് പോസ്‌റ്റ് കോളജിനെതിരെ അല്ലായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ നിലപാടുകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും അധ്യാപിക വ്യക്തമാക്കി. അതേസമയം അധ്യാപിക കോളജ് പ്രിന്‍സിപ്പലിനു മുന്‍പാകെ വിശദീകരണം നല്‍കി.
ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി അധ്യാപികയായ ദീപ നിശാന്ത് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ഇടുകയായിരുന്നു.
ബീഫ് കഴിച്ചതിന് ഉത്തരേന്ത്യയിൽ ഒരാൾ കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണു വെള്ളിയാഴ്ച എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ കേരളവർമ കോളജിൽ ബീഫ് ഫെസ്റ്റ് നടത്തിയത്. കോളജ് അധികൃതരുടെ അനുമതിയില്ലാതെയായിരുന്നു ഇത്. ഇതിനെ എബിവിപി പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷങ്ങൾ തുടങ്ങുന്നത്. ഏറ്റുമുട്ടലിൽ ഇരുകൂട്ടർക്കും പരുക്കേറ്റു. ക്യാംപസിലെ യൂണിയൻ ഓഫിസ് തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ബീഫ് ഫെസ്റ്റിന് നേതൃത്വം നൽകിയ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനൂപ് മോഹൻ ഉൾപ്പെടെയുള്ള ആറു പേരെ കോളജിൽനിന്ന് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. സംഭവത്തിനു ശേഷമാണ് കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്.
ക്ഷേത്രാചാരങ്ങളല്ല കോളജിൽ പാലിക്കേണ്ടതെന്നും കലാ‘ക്ഷേത്ര’ത്തിൽ ബീഫ് കടത്തേണ്ടെന്ന് പറയുന്നവർ ക്ഷേത്രത്തിൽ അശുദ്ധിസമയത്ത് സ്ത്രീകൾ കയറരുതെന്ന് നാളെ പറഞ്ഞേക്കാമെന്നുമാണ് ദീപയുടെ പോസ്റ്റ്. ഇങ്ങനെ ചെയ്യുന്നവർ നാളെ അഹിന്ദുക്കൾ പുറത്തു നിൽക്കണമെന്നും ആവശ്യപ്പെട്ടേക്കാമെന്നും ഭൂതകാല ജീർണതകളെ വരുംതലമുറ അതേപടി ചുമക്കേണ്ടതില്ല എന്നുമാണ് ദീപ എഴുതിയത്. ബീഫ് ഫെസ്റ്റിവലിനെ ന്യായീകരിക്കുന്ന അധ്യാപകരെ പുറത്താക്കുകയാണെങ്കിൽ ആദ്യത്തെ പേര് തന്റേത് ആയിരിക്കണമെന്നും അവർ എഴുതിയിരുന്നു. പോസ്‌റ്റ് വിവാദമായതോടെ കോളജിന്റെ ഉടമസ്ഥരായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍ നായര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രിന്‍സിപ്പലിനാണ് അന്വേഷണച്ചുമതല.